Skip to main content

സ്വീകാര്യമായ ഹദീസിന്റെ ഇനങ്ങള്‍

ഹദീസുകള്‍ മൊത്തത്തില്‍ മുതവാതിര്‍ എന്നും ഖബര്‍ ആഹാദ് എന്നും രണ്ടിനമായി വേര്‍തിരിക്കപ്പെടുന്നു. മുതവാതിറുകള്‍ സര്‍വസ്വീകാര്യമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഖബര്‍ ആഹാദുകളുടെ നിവേദകപരമ്പരയിലെ (സനദ്) ആളുകളുടെ ഗുണദോഷങ്ങള്‍ പരിശോധിച്ചാണ് സ്വീകാര്യമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. അഥവാ ഖബര്‍ ആഹാദില്‍ സ്വീകാര്യമായവും അല്ലാത്തവയും ഉണ്ടാകുമെന്നര്‍ഥം. ഖബര്‍ ആഹാദിനെ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു. സ്വഹീഹ്, ഹസന്‍, ദ്വഈഫ്. സ്വഹീഹ് (കുറ്റമറ്റത്), ഹസന്‍ (ഉല്‍കൃഷ്ടം), ദഈഫ് (ദുര്‍ബലം). ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം സ്വീകാര്യ(മഖ്ബൂല്‍)വും അവസാനത്തേത് അസ്വീകാര്യവും (മര്‍ദൂദും) ആണ്. ഇവ ഓരോന്നും വീണ്ടും ഒട്ടേറെ ഉപഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

സ്വഹീഹ് 

അന്യൂനം, കുറ്റമറ്റത്, രോഗമുക്തം എന്നെല്ലാമാണ് സ്വഹീഹ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിശ്വസ്തരും ധര്‍മനിഷ്ഠരും ഹദീസ് കൈകാര്യം ചെയ്യുന്നതില്‍ കൃത്യനിഷ്ഠയുളളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ ഉദ്ധരിക്കപ്പെട്ടതും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ്. ഹദീസ് സ്വഹീഹായി പരിഗണിക്കണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.

1. നിവേദക ശ്രേണിയിലെ ഒന്നാമത്തെ നിവേദകന്‍ മുതല്‍ അവസാനത്തെ നിവേദകന്‍ വരെ ഓരോരുത്തരും തന്റെ മീതെയുള്ളവനില്‍നിന്ന് നേരിട്ട് ഹദീസ് സ്വീകരിക്കുക.

2. നിവേദകരില്‍ എല്ലാവരും പ്രായപൂര്‍ത്തി വന്നവരും വിവേകമതികളും ധാര്‍മികതക്കും മാന്യതക്കും കളങ്കമേല്‍ക്കാത്ത മുസ്‌ലിംകളും ആയിരിക്കുക.

3. ഓരോ നിവേദകനും ഹദീസ് രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കുന്ന കാര്യത്തില്‍ കൃത്യനിഷ്ഠയും തികഞ്ഞ ജാഗ്രതയുമുള്ളവനായിരിക്കുക.

4. താന്‍ ഉദ്ധരിച്ച ഹദീസ് തന്നെക്കാള്‍ പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ചതിനോട് എതിരാവാതിരിക്കുക.

5. ഹദീസിന്റെ സാധുതയെ ബാധിക്കുന്ന മറ്റു ന്യൂനതകളില്‍ നിന്നും നിവേദനം മുക്തമായിരിക്കുക.

ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാല്‍ അത് ശര്‍ഈ വിധികള്‍ക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്‌ലിമിന് അതിനെ അവഗണിക്കാന്‍ നിര്‍വാഹമില്ല. ഒരു ഹദീസിനെപ്പറ്റി ഇത് സ്വഹീഹായ ഹദീസാണ് എന്ന് പണ്ഡിതന്മാര്‍ പറയുന്നതിന്റെ വിവക്ഷ മേല്‍ വിവരിച്ച അഞ്ച് ഉപാധികള്‍ പൂര്‍ത്തീകരിച്ച ഹദീസ് എന്നാണ്. സ്വഹീഹല്ലാത്ത ഹദീസ് എന്നതിന്റെ വിവക്ഷ, ഉപര്യുക്തമായ അഞ്ച് ഉപാധികള്‍ അവയില്‍ ചിലത് ഒത്തുചേര്‍ന്നിട്ടില്ലാത്ത ഹദീസ് എന്നേ അര്‍ത്ഥമുള്ളൂ. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പൂര്‍ണമായതിനാല്‍ സ്വയം പ്രബലമായത് (സ്വഹീഹ് ലിദാതിഹി) എന്നും സമാനമായ മറ്റു ഹദീസുകളുടെ കൂടി സാന്നിധ്യംകൊണ്ട് സ്വഹീഹായത് (സ്വഹീഹ് ലിഗൈരിഹി) എന്നും വേര്‍തിരിച്ചുകൊണ്ടാണ് പറയുന്നത്.

ഹസന്‍ 

ഭാഷയില്‍ ഉത്തമം, ഉല്‍കൃഷ്ടം, മനോഹരം തുടങ്ങിയ അര്‍ഥങ്ങളുള്ള പദമാണ് ഹസന്‍. സ്വഹീഹായ ഹദീസിന്റെ നിബന്ധനകള്‍ പാലിക്കപ്പെട്ടവയെങ്കിലും റിപ്പോര്‍ട്ടര്‍മാരില്‍ ചിലര്‍ ഓര്‍മ്മശക്തിയിലും (ഹിഫ്ദ്വ്) ആശയ ഗ്രഹണപാടവത്തിലും (ഫഹ്മ്) ഉയര്‍ന്ന നിലവാരത്തില്‍ എത്തിയവരല്ലാത്തതിനാല്‍ പ്രാബല്യത്തില്‍ അല്പം താഴെ നില്‍ക്കുന്നു. പ്രാബല്യത്തില്‍ സ്വഹീഹിന്റെ താഴെയാണ് ഹസന്റെ പദവിയെങ്കിലും സ്വീകാര്യവും പ്രാമാണികവുമായ ഹദീസുകളെ സ്വയം ഹസനായത് (ഹസന്‍ ലിദാതിഹി), ഇതേ ആശയത്തില്‍ മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ ഉള്ളതിനാല്‍ ഹസന്റെ നിലവാരത്തിലേക്ക് ഉയരുന്നത് (ഹസന്‍ ലി ഗൈരിഹി) എന്നിങ്ങനെ രണ്ടു തരത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

മുത്തസ്വില്‍
 
നിവേദക ശൃംഖലയില്‍ കണ്ണികള്‍ക്കൊന്നിനും കേടുപാട് കൂടാതെ പ്രവാചകന്‍ വരെ എത്തുന്നവ. അഥവാ അവിഛിന്നമായ സനദുകളുള്ള ഹദീസുകള്‍.
പ്രാബല്യത്തിന്റെ ക്രമമനുസരിച്ച് അവ വിവിധ ഇനങ്ങളായി തിരിച്ചിരിക്കുന്നു.

1. ഏറ്റവും പ്രബലപരമ്പരയിലൂടെ വന്നത് (അസ്വഹ്ഹുല്‍ അസാനീദ്).

2. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തത്. (മുത്തഫക്വുന്‍ അലൈഹി). 

3. ബുഖാരി ഉദ്ധരിച്ചത്.

4. മുസ്‌ലിം ഉദ്ധരിച്ചത്.

5. ബുഖാരി- മുസ്‌ലിം മാനദണ്ഡങ്ങള്‍ സ്വീകരിച്ച മറ്റുള്ളവരുടേത്.

6. ബുഖാരിയുടെ നിബന്ധന പാലിച്ചത്.

7. മുസ്‌ലിമിന്റെ നിബന്ധന പാലിച്ചത്.

8. മറ്റു മുഹദ്ദിസുകള്‍ (ഹദീസ് പണ്ഡിതന്മാര്‍) പ്രബലമാണെന്ന് സാക്ഷ്യപ്പെടുത്തിയത്.

Feedback