Skip to main content

സത്യനിഷേധം പ്രവാചക വചനങ്ങളില്‍

പ്രവാചകന്‍(സ്വ )യുടെ നിയോഗം തന്നെ സമൂഹത്തില്‍ നിന്ന് അവിശ്വാസത്തെ(കുഫ്ര്‍) നെ തുടച്ചു നീക്കാന്‍ വേണ്ടിയായിരുന്നു. നബി(സ)യുടേതായി 5 നാമങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊരു നാമം 'മാഹീ' എന്നാണ്. നബി(സ) പറയുന്നു: ''എനിക്ക് 5 പേരുകള്‍ ഉണ്ട്. ഞാന്‍ മുഹമ്മദാണ്, സ്തുതിക്കപ്പെടുന്നവന്‍. അഹമ്മദാണ് (ഏറ്റവും സ്തുതിക്കപ്പെടുന്നവന്‍). ഞാന്‍ മുഖേന അവിശ്വാസത്തെ അല്ലാഹു തുടച്ചു നീക്കുന്നതിനാല്‍ 'മാഹി' യുമാണ്. എനിക്ക്‌ശേഷമാണ് ജനങ്ങളെല്ലാം (പരലോകത്ത്) ഒരുമിച്ചുകൂട്ടപ്പെടുന്നത് എന്നതിനാല്‍ ഞാന്‍ 'ഹാശിര്‍' ആണ്. ഒടുവില്‍വരാനുള്ള പ്രവാചകനായതിനാല്‍ആക്വിബുമാണ് ഞാന്‍ (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അഹ്മദ്, മുവത്വ, ദാരിമി).

ജാബിര്‍(റ) പറയുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ഒരു ദൈവദാസന്റേയും സത്യനിഷേധത്തിന്റേയും ഇടയില്‍ നമസ്‌കാരം ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല (നസാഈ).

അബ്ദുല്ല(റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ഒരു മുസ്‌ലിമിനെ ശകാരിക്കുന്നത് തെമ്മാടിത്തവും അവനോട് യുദ്ധം ചെയ്യുന്നത് കുഫ്‌റുമാണ് (ബുഖാരി, മുസ്‌ലിം, തിര്‍മുദി, നസാഇ).

അബൂഹുറയ്‌റ(റ) പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. ഒരുവന്‍ തന്റെ പിതാവിനെ വെറുക്കുന്നത് കുഫ്‌റാണ്''  (ബുഖാരി, മുസ്‌ലിം, അഹ്മദ്).

അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ) ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു. 'തന്റെ പിതാവ് ആരാണെന്ന് അറിവുണ്ടായിരിക്കെ, താന്‍ മറ്റൊരാളുടെ മകനാണെന്ന്‌ വല്ലവനും വാദിച്ചാല്‍ അവന്‍ അവിശ്വാസി ആകാതിരിക്കുകയില്ല. താന്‍ ഒരു ഗോത്രത്തില്‍, കുടുംബത്തില്‍ പെട്ടവനാണെന്നു വാദിച്ച വ്യക്തി യഥാര്‍ഥത്തില്‍ അവരില്‍പ്പെട്ടവനല്ലെങ്കില്‍ നരകത്തില്‍ അവന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ (ബുഖാരി, മുസ്‌ലിം, ഇബ്‌നുമാജ, അഹ്മദ്).

Feedback