Skip to main content

ആമിറുശ്ശഅ്ബീ

ആമിറുശ്ശഅ്ബീ എന്ന പേരില്‍ പ്രസിദ്ധനായ ആമിറുബ്‌നുശറാഹീല്‍ അശ്ശഅ്ബീ ക്രി. 641ല്‍ കൂഫയില്‍ ജനിച്ചു.  ഖലീഫ ഉമറിന്റെ ഭരണകാലത്താണീ ജനനം.

ജനനവും ജീവിതവും കൂഫയിലായിരുന്നെങ്കിലും ഇടക്ക് മദീനയിലെത്താറുണ്ടായിരുന്നു. അവിടെ വെച്ച്  സ്വഹാബി മുഖ്യരുമായി സംസാരിക്കാന്‍ ഭാഗ്യം ലഭിച്ചു. അലി(റ)യുടെ പിന്നില്‍ നിന്ന് നമസ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

സഅ്ദുബ്‌നു അബീവഖാസ്, സഈദുബ്‌നു സൈദ്, അബൂമൂസല്‍ അശ്അരീ, അദിയ്യുബ്‌നു ഹാതിം, ഉസാമത്തുബ്‌നു സൈദ്, അബൂഹുറയ്‌റ, ആഇശ, ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയവരില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തു.

ആമിറുശ്ശഅ്ബിയുടെ ശിഷ്യരില്‍ ചിലര്‍ ഇവരാണ്: ഹകം, ഹമ്മാദ്, അബൂ ഇസ്ഹാഖ്, മക്ഹൂലുശ്ശാമീ, ദാവൂദുബ്‌നു അബീഹിന്ദ്, ഇബ്‌നു ഔന്‍.

ഉമറുബ്‌നു അബ്ദില്‍ അസീസ് ഇദ്ദേഹത്തെ ഖാദിയായി നിയമിച്ചിരുന്നു.  ക്രി. 721ല്‍ കൂഫയില്‍ മരിച്ചു. ഇസ്‌ലാമിക ലോകത്ത് അക്കാലത്ത് ജീവിച്ചിരുന്ന നാലു പ്രമുഖ പണ്ഡിതരില്‍ ഒരാള്‍ ശഅ്ബിയായിരുന്നു. ഇമാംസുഹ്‌രി പറയുന്നു: മദീനയില്‍ സഈദുബ്‌നു മുസയ്യിബും ബസ്വറയില്‍ ഹസന്‍ ബസ്വരിയും ശാമില്‍ മക്ഹൂലും കൂഫയില്‍ ആമിറുശ്ശഅ്ബിയുമായിരുന്നു അക്കാലത്തെ പണ്ഡിത മഹത്തുക്കള്‍.

അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍ ഭരണം നടത്തവെ ഉപദേഷ്ടാവായി ഒരാളെ വെക്കാന്‍ അദ്ദേഹം ആലോചിച്ചു.  ഹജ്ജാജുബ്‌നു യൂസുഫ് ആമിറുശ്ശഅ്ബിയെയാണ് നിര്‍ദേശിച്ചത്.  അബ്ദുല്‍മലിക്ക് അതംഗീകരിക്കുകയും ചെയ്തു. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്റെ അടുത്തേക്ക് പ്രതിനിധിയായും ആമിര്‍ അയക്കപ്പെട്ടു. ആമിറിന്റെ ബുദ്ധി ശക്തിയും അവതരണ പാടവവും കണ്ടറിഞ്ഞ ചക്രവര്‍ത്തി അദ്ഭുതപ്പെടുകയുണ്ടായി.

അനിതരമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം. കേള്‍ക്കുന്ന ഹദീസുകള്‍ അപ്പടി മനസ്സിലാണ് സൂക്ഷിക്കുക. സ്വഹാബികളില്‍ നിന്ന് കേട്ട സംഭവങ്ങള്‍ അവരെക്കാള്‍ ഹൃദ്യമായി അവതരിപ്പിക്കാനുള്ള ശേഷി ആമിറിനുണ്ടായിരുന്നു.  കൂഫയിലെ അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സ് അതിന്റെ നിദര്‍ശനമായിരുന്നു.

Feedback