Skip to main content

നാഫിഅ് മൗലാ അബ്ദുല്ലാഹിബ്‌നി ഉമര്‍

മസ്ജിദുന്നബവിയില്‍  സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍, വിശ്വാസികള്‍ കാത്തിരിക്കും.  വിജ്ഞാന സമ്പുഷ്ടമായ ക്ലാസ്സാണ് അവരുടെ ഉന്നം.  ശൈഖ് വന്ന് ഒരു തൂണിനടുത്തിരിക്കും.  അവര്‍ ചുറ്റുമിരിക്കും.  പിന്നെ നിശ്ശബ്ദതയില്‍ അദ്ദേഹത്തിന്റെ ആ പതിഞ്ഞ ശബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കും.  സൂര്യന്‍ ഉദിക്കുന്നതോടെ ആ വിജ്ഞാന വിരുന്ന് അവസാനിക്കും.  ഇത് നബി(സ്വ)യുടെ പള്ളിയിലെ പതിവ് കാഴ്ചയായിരുന്നു.

ആ ശൈഖാണ് ചരിത്രത്തില്‍ നാഫിഅ് എന്ന പേരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അബൂ അബ്ദില്ല നാഫിഅ്.  കുടുംബവും പാരമ്പര്യവും ഏതെന്നറിയാത്ത ഒരു കുട്ടിയായിരിക്കെ അബ്ദുല്ലാഹിബ്‌നു ഉമറിന്റെ കൈയില്‍ വന്നു പെട്ടതാണവന്‍.  അബ്ദുല്ല അവനെ വളര്‍ത്തി.  അങ്ങനെയാണവന്‍ നാഫിഅ് മൗലാ അബ്ദുല്ലാ ഹിബ്‌നു ഉമറായത്.

അവന്റെ രക്ഷിതാവും ഗുരുവും അബ്ദുല്ല(റ) തന്നെയായിരുന്നു.  മദീനയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ഗുരുവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന  നാഫിഅ് താബിഈ പരമ്പരയിലെ വിശ്വസ്താശ്രയമായി അറിയപ്പെട്ടു.  അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ പ്രധാന നിവേദനകനും നാഫിഅ് തന്നെയാണ്.  കര്‍മപരമായ വിഷയങ്ങളില്‍ ഗുരുവില്‍ നിന്ന് നാഫിഇനോളം ഹദീസുകള്‍ ഉദ്ധരിച്ച താബിഉകളില്ല.

അബ്ദുല്ലക്കു പുറമെ മഹതി ആഇശ, അബൂഹുറയ്‌റ, റാഫിഉബ്‌നു ഖദീജ്, അബൂസഈദില്‍ ഖുദ്‌രീ, ഉമ്മു സലമ, അബൂലുബാബ, സ്വഫിയ്യ(റ) തുടങ്ങിയ സ്വഹാബി മുഖ്യരില്‍ നിന്നും തിരുവാക്യങ്ങള്‍ കേട്ടു.

മദീനയിലെ വിശ്വസ്തനും ആധികാരിക പണ്ഡിതനുമായിരുന്ന നാഫിഇന്റെ സദസ്സില്‍ ശിഷ്യ ഗണങ്ങളും ഏറെയുണ്ടായിരുന്നു.  വിശ്വപ്രസിദ്ധരായ മാലികുബ്‌നു അനസ്, സുഹ്‌രി, അയ്യൂബുസ്സഖ്്തിയാനീ, ഉബൈദുല്ലാഹിബ്‌നു ഉമര്‍, സഹോദരന്‍ അബ്ദുല്ലാ, ഇബ്്‌നു ജുറൈജ് തുടങ്ങിയവര്‍ നാഫിഇല്‍ നിന്ന് നിവേദനം ചെയ്തവരില്‍ ചിലരാണ്.

ഉമറുബ്‌നു അബ്ദില്‍ അസീസ് മദീന ഗവര്‍ണറായിരിക്കെ ഈജിപ്തിലേക്കും യമനിലേക്കും പ്രബോധകനായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു.

ഇമാം മാലിക്ക് പറയുന്നു.  'നാഫിഅ് പറയുന്ന കാര്യങ്ങളില്‍ അവിശ്വസിക്കേണ്ടതില്ല.''

ഇമാം ബുഖാരി പറയുന്നു. 'അബ്ദുല്ലാഹിബ്‌നു ഉമര്‍ നാഫിഅ് മൗലാ ഇബ്‌നു ഉമര്‍, മാലിക്കുബ്‌നു അനസ് ഈ നിവേദന പരമ്പര ഏറ്റവും വിശ്വസയോഗ്യമായതാണ്.''

ക്രി. 726 (ഹി. 117) ല്‍ മദീനയില്‍ ആ ധന്യ ജീവിതം പൊലിഞ്ഞു.


 

Feedback