Skip to main content

സുഫ്‌യാനുബ്‌നു സഅ്ദിസ്സൗരീ

അഗാധമായ പാണ്ഡിത്യം കൊണ്ട് ഹദീസ് വിജ്ഞാനത്തില്‍ വിശ്വാസികളുടെ നേതാവ് (അമീറുല്‍ മുഅ്മിനീന്‍) എന്ന് ഖ്യാതി നേടിയ പണ്ഡിത ജ്യോതിസ്സാണ് അബൂഅബ്്ദില്ല സുഫ്‌യാനുബ്‌നു സഅ്ദിബ്‌നി മസ്‌റൂഖുസ്സൗരീ എന്ന സുഫ്‌യാനുസ്സൗരീ.

'സ്വഹാബികളുടെ കാലത്ത് അബൂബക്‌റും(റ) ഉമറും(റ) എങ്ങനെയായിരുന്നോ അങ്ങനെയായിരുന്നു തന്റെ കാലത്ത് സുഫ്‌യാനുസ്സൗരി', 'സുഫ്‌യാനുസ്സൗരി ശൈഖുല്‍ ഇസ്്‌ലാമായിരുന്നു, ഹദീസിലെ അതുല്യ പ്രതിഭയായിരുന്നു,  പണ്ഡിതരുടെ നേതാവായിരുന്നു, മുജ്തഹിദായിരുന്നു''  സുഫ്‌യാനുസ്സൗരിയെക്കുറിച്ചുള്ള ഈ വാചകങ്ങള്‍ മതി അദ്ദേഹത്തിന്റെ മഹത്വമറിയാന്‍.  താബിഉകളുടെ രണ്ടാം തലമുറക്കാരനായിരുന്നു ഇമാം സൗരീ.

സുലൈമാനുബ്‌നു അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്ത് ക്രി.വ. 716 (ഹി. 97)ല്‍ ഖുറാസാനിലാണ് ജനനം.  മുദ്വര്‍ ഗോത്രത്തിലെ സഅ്ദുബ്‌നു മസ്‌റൂഖാണ് പിതാവ്.  പിതാമഹന്‍ മസ്‌റൂഖ് ജമല്‍ യുദ്ധത്തില്‍ അലി(റ)യുടെ പക്ഷത്ത് അണിനിരന്നിട്ടുണ്ട്.  മാതാവ് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും വിജ്ഞാന ദാഹികളായിരുന്നു.  സുഫ്‌യാനെ ഈ രംഗത്ത് കര്‍മനിരതനാക്കിയതും മാതാവായിരുന്നു.

ജനിച്ചത് ഖുറാസാനിലാണെങ്കിലും വളര്‍ന്നതും വിദ്യ നേടിയതും കൂഫയിലാണ്. അക്കാലത്തെ മികച്ച പണ്ഡിതരില്‍ നിന്ന് ഖുര്‍ആനും ഹദീസും പഠിച്ചു.  തന്റെ കാലത്ത് പകരം വെക്കാനില്ലാത്ത വിധം പാണ്ഡിത്യത്തില്‍ കിടയറ്റവനായി മാറി ഇമാം സൗരീ.

ബുദ്ധിശക്തിയിലും മന:പാഠമാക്കുന്നതിലും അപാരനായിരുന്നു.  താടിരോമം മുളയ്ക്കുന്നതിനു മുമ്പുതന്നെ മക്കയില്‍ വെച്ച് സൗരീ ഫത്‌വ നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് വലീദുബ്‌നു മുസ്്‌ലിം പറയുന്നു.

സൗരീയും ഖാദീപദവിയും

അബ്ബാസി ഭരണകാലം.  അബൂജഅ്ഫറുല്‍ മന്‍സൂറാണ് ഖലീഫ.  ഖാദീസ്ഥാനം ഏറ്റെടുക്കാനുള്ള കല്പന ഇമാം അബൂഹനീഫ തള്ളി. അതു കാരണം അദ്ദേഹം ജയിലിലടക്കപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.

ഖാദിയായി നിയമിക്കാന്‍ അബൂജഅ്ഫര്‍ പിന്നീട് കണ്ടെത്തിയത് സുഫ്‌യാനുസ്സൗരിയെയായിരുന്നു.  എന്നാല്‍ സൗരി അത് തള്ളിയെന്ന് മാത്രമല്ല, മക്കയിലേക്ക് കടക്കുകയും ചെയ്തു.

ഖലീഫയും വിട്ടില്ല.  സുഫ്‌യാനുസ്സൗരിയെ കൊണ്ടു വരുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചു അദ്ദേഹം.  ഇതറിഞ്ഞ സൗരി ബസ്വറയിലേക്ക് പോയി.  അവിടെ ഒളിജീവിതം നടത്തവെ നാട്ടുകാര്‍ തിരിച്ചറിഞ്ഞപ്പോള്‍ വൈകാതെ യമനിലേക്ക് തിരിച്ചു.  അവിടെ വൈജ്ഞാനിക ജീവിതം നയിച്ച് അടുത്ത ഹജ്ജ് കാലത്ത് മക്കയില്‍ തന്നെ മടങ്ങിയെത്തി.

അതേ വര്‍ഷം തന്നെ അബൂജഅ്ഫര്‍ ഹജ്ജിന് മക്കയിലെത്തി.  സുഫ്‌യാനുസ്സൗരി മക്കയിലുണ്ടെന്ന വിവരം കിട്ടിയ ഖലീഫ ഉടനെ അദ്ദേഹത്തെ പിടിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി.  ഭയന്ന സൗരി കഅ്ബയിലെത്തി ഖില്ലയില്‍ മുഖമമര്‍ത്തി പ്രാര്‍ഥിച്ചു.  ആ പ്രാര്‍ഥന അല്ലാഹു കേട്ടു.  അബൂജഅ്ഫര്‍ മക്കയില്‍ വെച്ച് രോഗബാധിതനാവുകയും മരിക്കുകയും ചെയ്തു.

മകന്‍ മഹ്്ദിയും ഇമാം സൗരിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  ക്രി. 777ല്‍ (ഹി. 161) ബസ്വറയില്‍ വെച്ച് സുഫ്‌യാനുസ്സൗരീ നിര്യാതനായി.

ഖുര്‍ആനിലും ഹദീസിലും കര്‍മശാസ്ത്രത്തിലും വ്യുല്പത്തി നേടുകയും ആയിരക്കണക്കിന് പേര്‍ക്ക് വിദ്യയുടെ വെളിച്ചം പകരുകയും ചെയ്ത സുഫ്‌യാനുസ്സൗരിയുടെ പാരമ്പര്യം കാക്കാന്‍ ഒരു പിന്‍ഗാമിയില്ലാതെ പോയി.  എന്നാല്‍, 'ജാമിഉല്‍ കബീര്‍', 'ജാമിഉസ്സഗീര്‍', 'അല്‍ഫറാഇദ്' തുടങ്ങിയ അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍ ഇന്നും നിലനില്‍ക്കുന്നു.


 

Feedback