Skip to main content

ഇബ്‌റാഹീമുന്നഖ്ഈ

ക്രി.വ. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കൂഫയില്‍ ജീവിച്ച താബിഈ പണ്ഡിത പ്രമുഖനാണ് ഇബ്‌റാഹീമുന്നഖ്ഈ എന്ന പേരില്‍ പ്രസിദ്ധനായ ഇബ്‌റാഹീമുബ്‌നു യസീദ്, ക്രി. 666ല്‍ യമനിലാണ് ജനിച്ചത്.  സ്വഹാബി മുഖ്യനായ അസ്അദുബ്‌നു യസീദിന്റെ സഹോദരി മലിക ബിന്‍ത് യസീദാണ് മാതാവ്

സ്വസമൂഹത്തില്‍ നിന്ന് വേര്‍പ്പെട്ടു പോന്നതിനാലാണ് 'നഖ്ഈ' എന്ന പേര് ലഭിച്ചതെന്ന് ചരിത്ര കാരന്‍മാര്‍ പറയുന്നു.

മാതുലന്‍ അസ്അദുബ്‌നു യസീദ്, അല്‍ഖമത്തുബ്‌നു ഖൈസ്, ഉബൈദത്തുസ്സല്‍മാനീ, അബൂസര്‍അ, അബ്ദുറഹ്മാനിബ്‌നു യസീദ് എന്നിവരില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.  തിരുപത്‌നി ആഇശ(റ)യെ ബാല്യ കാലത്താണ് കണ്ടതെന്നതിനാല്‍ അവരില്‍ നിന്ന് ഹദീസുകള്‍ കേട്ടെങ്കിലും നിവദേനം ചെയ്തിട്ടില്ല.

ഹകീമുബ്‌നു ഉതൈബ, അംറുബ്‌നു മുര്‍റ, ഹമ്മാദുബ്‌നു അബീസുലൈമാന്‍, സമ്മാക്കുബ്‌നു ഹര്‍ബ്, അഅ്മശ് എന്നിവര്‍ നഖ്ഈയുടെ ശിഷ്യരില്‍ പ്രമുഖരാണ്.

വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും അഗാധ പാണ്ഡിത്യം നേടിയ നഖ്ഈ ഇറാഖിലെ പണ്ഡിത നിരയില്‍ മുന്നിലായിരുന്നു.  വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ക്രി. 715ല്‍ (ഹി. 96) മരിക്കുമ്പോള്‍ 49 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

Feedback