Skip to main content

മസ്ജിദുല്‍ അഖ്‌സ്വാ: ശ്രേഷ്ഠതകള്‍

വിവിധയിനം കൃഷികളും ഫലസമൃദ്ധമായ തോട്ടങ്ങളും കൊണ്ട് ധന്യമായ മസ്ജിദുല്‍ അഖ്‌സ്വായുടെ പരിസരത്തെകുറിച്ച് 'അനുഗൃഹീത പ്രദേശം' എന്നാണ് അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്നത് (17:1). മുഹമ്മദ് നബി(സ്വ)യുടെ വാക്കുകളിലും ഈ വിശുദ്ധ ഗേഹത്തിന്റെ പ്രാധാന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്.

'മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വാ എന്നിവിടങ്ങളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര നടത്തരുത് (ബുഖാരി 1189 ). 

ആദ്യ ഖിബ്ല, ലോകത്തെ രണ്ടാമത്തെ മസ്ജിദ്, നിരവധി പ്രവാചകന്മാരുടെ സാന്നിദ്ധ്യമനുഭവിച്ച പള്ളി, ഇസ്‌റാഅ് രാത്രിയില്‍ നബി(സ്വ) നമസ്‌ക്കരിച്ച പള്ളി തുടങ്ങി എണ്ണമറ്റ ശ്രേഷ്ഠതകളും അഖ്‌സ്വാ മസ്ജിദിനുണ്ട്.

പേരുകള്‍

ഈ പള്ളിക്ക് ചരിത്ര ഗ്രന്ഥങ്ങളില്‍ ധാരാളം നാമങ്ങളുണ്ട്. ഇതില്‍ കൂടുതല്‍ പ്രസിദ്ധമായത് ഖുര്‍ആന്‍ പ്രയോഗിച്ച പേരെന്ന നിലയില്‍ അല്‍മസ്ജിദുല്‍ അഖ്‌സ്വാ എന്നതു തന്നെയാണ്. 'അഖ്‌സ്വാ' എന്ന അറബി പദത്തിന് വിദൂരമായത്, അങ്ങേ തലയിലുള്ളത് എന്നൊക്കെയാണ് അര്‍ഥം. ഖുര്‍ആന്‍ ഈ പേര് പ്രയോഗിക്കുന്ന കാലത്ത് രണ്ട് മസ്ജിദുകളേ ലോകത്തുള്ളൂ. ഒന്ന് ഈ പള്ളി രണ്ടാമത്തേത് മസ്ജിദുല്‍ഹറാം. കഅ്ബയില്‍ നിന്ന് അക്കാലത്ത് ഒരു മാസം യാത്രാദൂരമുള്ള വിദൂരമായ ദേശമായിരുന്നു ജറൂസലമെന്ന ഈ പള്ളിയുടെ പ്രദേശം. അതിനാലാവാം ഈ പേര് ഖുര്‍ആന്‍ ഉപയോഗിച്ചതെന്നാണ്‌വ്യാഖ്യാതാക്കള്‍ പറയുന്നത്. 

ബൈത്തുല്‍മുഖദ്ദസ് എന്നതാണ് മറ്റൊരു പേര്. മുസ്‌ലിം പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍, കവികള്‍ തുടങ്ങിയവരില്‍ ഭൂരിഭാഗവും ഈ നാമമാണ് ഉപയോഗിച്ചു കാണുന്നത്.

എന്നാല്‍ നബി(സ്വ)യുടെ ചില പ്രയോഗങ്ങളില്‍ ബൈത്തുല്‍മുഖദ്ദസിനോട് സമാനമായി 'ബൈത്തുല്‍ മഖ്ദിസ്' എന്നും വന്നിട്ടുണ്ട്. 'ഇസ്‌റാഅ്' സംബന്ധിച്ചു വന്ന ഹദീസില്‍ ഈ പേരാണ് കാണുന്നത്. ഖുദ്‌സ് എന്ന ഹ്രസ്വനാമത്തിലും ഇത് വിളിക്കപ്പെടുന്നു.


 

Feedback