Skip to main content

ഫിലസ്ത്വീൻ

30

വിസ്തീര്‍ണം : 6,020 ച.കി.മി
ജനസംഖ്യ : 4,550,368 (2014)
അതിരുകള്‍ : കിഴക്ക് ജോര്‍ദാന്‍, ചാവുകടല്‍, പടിഞ്ഞാറ് മധ്യധരണ്യാഴി, ഇസ്രാഈല്‍, വടക്ക് ഇസ്രാഈല്‍, തെക്ക് ഈജിപ്ത്, ഇസ്രാഈല്‍
തലസ്ഥാനം : റമല്ല (നിര്‍ദിഷ്ട തലസ്ഥാനം ജറൂസലം)
മതം : ഇസ്‌ലാം
ഭാഷ : അറബിക്
നാണയം : ഈജിപ്ഷ്യന്‍ പൗണ്ട്, ഇസ്രാഈല്‍ ഷെകല്‍, ജോര്‍ദാനിയന്‍ ദിനാര്‍
വരുമാന മാര്‍ഗം : ടൂറിസം
പ്രതിശീര്‍ഷ വരുമാനം : 

ചരിത്രം:

ഇസ്‌റാഈലിനും ജോര്‍ദാനുമിടയില്‍,കൃത്യമായി അതിരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രദേശമാണ് ഫിലസ്ത്വീൻ. അതുകൊണ്ടു തന്നെ കണിശമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല. വിവിധ നാണയങ്ങള്‍ നിലവിലുണ്ട്. ആധുനിക ഇസ്രാഈല്‍ രാഷ്ട്രത്തിനുള്ളില്‍ ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിങ്ങനെ വേറിട്ട പ്രദേശങ്ങളിലായാണ് ഫലസ്ത്വീന്‍ നിലകൊള്ളുന്നത്. ഫലസ്തീന്‍ സ്റ്റേറ്റിന്റെ പ്രഖ്യാപിത തലസ്ഥാനം ജറൂസലമാണെങ്കിലും ഭരണസിരാ കേന്ദ്രം വെസ്റ്റ്ബാങ്കിലെ റമല്ലയാണ്. 1988 നവംബര്‍ 15ന് 166ാം അംഗ രാജ്യമായി ഫലസ്ത്വീന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കുകയുണ്ടായി.
പരിമിതമായ ഭരണ സൗകര്യം അനുഭവിച്ച് ഇസ്‌റാഈല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ ക്രൂരതക്കും അറബ് രാജ്യങ്ങളുടെ കനിവിനുമിടയില്‍ ജീവിച്ചു തീര്‍ക്കുകയാണ് ഫിലസ്ത്വീൻ പൗരന്മാര്‍.

നീണ്ട കഥപറയാനുണ്ട് ഫിലസ്ത്വീന്. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചക പിതാവ് ഇബ്‌റാഹീം(അ) തന്റെ പ്രബോധന കേന്ദ്രമായി തെരഞ്ഞെടുത്തത് ഫലസ്ത്വീനാണ്. ഇറാഖില്‍ ജനിച്ച അദ്ദേഹം ഹിജ്‌റ ചെയ്ത് ഫലസ്ത്വീനിലെ ബൈത്തുല്‍ അയ്ന്‍, ബിഅ്‌റുസ്സബഅ് (ബീര്‍ഷേബ), അല്‍ ഖലീല്‍ എന്നിവിടങ്ങളിലെത്തി. അല്‍ ഖയിലിലാണ് അദ്ദേഹത്തിന്റെ ഖബര്‍ എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ഇസ്ഹാഖ് നബി(അ)യൂടെയും മകന്‍ യഅ്ഖൂബ് നബി(അ)യുടെയും വാസവും ഫിലസ്ത്വീനില്‍ തന്നെയായിരുന്നു. ഇസ്‌റാഈല്‍ (യഅ്ഖൂബ് നബി) പരമ്പരയിലെ മിക്ക പ്രവാചകന്മാരും ഫിലസ്ത്വീൻ ബന്ധമുള്ളവരാണ്.

ഈജിപ്തിലെ ഫറോവയുടെ കിരാത ഭരണത്തില്‍ നിന്ന് ഇസ്‌റാഈല്യെരെ മുസാനബി(അ)യും ഹാറൂന്‍ നബി(അ)യും മോചിപ്പിച്ച് കൊണ്ടുപോകുന്ന വാഗ്ദത്ത ഭൂമിയും ഫിലസ്ത്വീൻ തന്നെ. ദാവൂദും സുലൈമാനും(അ) സകരിയ്യയും ഈസാ(അ)യുമെല്ലാം ഫിലസ്ത്വീന്റെ മണ്ണില്‍ പ്രബോധനം നടത്തിയവരാണ്.

ക്രിസ്തുവര്‍ഷം 635ല്‍ ഉമറി(റ)ന്റെ ഖിലാഫത്തില്‍ റോമക്കാരില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ തിരിച്ചു പിടിച്ചു. പിന്നിട്ഒന്നാം കുരിശുയുദ്ധത്തിലൂടെ 1099 ജൂലായ് 15ന് ആയിരക്കന്നക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കി, സല്‍ജൂക്കികളുടെ ഭരണാന്ത്യത്തില്‍ ക്രൈസ്തവര്‍ ഫലസ്ത്വീന്‍ (ജറൂസലം) കീഴ്‌പ്പെടുത്തി. എന്നാല്‍ 88 വര്‍ഷത്തെ ഇടവേളക്കു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി അത് മോചിപ്പിച്ചെടുത്തു.

ജറൂസലമിന്റെ അവകാശത്തിനായി വീണ്ടും കുരിശുയുദ്ധങ്ങള്‍ നടന്നു. ലക്ഷക്കണക്കിന് പച്ചമനുഷ്യര്‍ വിശുദ്ധഭൂമിയില്‍ പിടഞ്ഞു മരിച്ചു. കൈയില്‍ കുരിശൂംകെട്ടി പടനയിച്ചവർ  വിറങ്ങലിപ്പിക്കുന്ന ക്രൂരതകളാണ് ലോകത്തിനു കാണിച്ചുകൊടുത്തത്.

ഒടുവില്‍ ഉസ്മാനിയാ ഖിലാഫത്തിനു കീഴില്‍ വന്നു ഫലസ്ത്വീന്‍. ഒന്നാം ലോക മഹായുദ്ധത്തില്‍ ഖിലാഫത്ത് ഛിന്നഭിന്നമായപ്പോള്‍ 1917ല്‍ ബ്രിട്ടന്റെ കൈയിലായി, മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും യഹൂദികളുടെയുംഈ വിശുദ്ധഭുമി. അന്ന് ഫിലസ്ത്വീനില്‍ നൂറുപേരില്‍ 90 പേര്‍ മുസ്‌ലിംകള്‍, 8 പേര്‍ ക്രൈസ്തവര്‍, 2 പേര്‍ യഹൂദികള്‍ എന്നിങ്ങനെയായിരുന്നു ജനസംഖ്യാ തോത്.

എന്നാല്‍ പിന്നീട് ബ്രിട്ടന്റെയും അമേരിക്കയുടെയും കാര്‍മികത്വത്തില്‍ കൊടിയ വഞ്ചന അരങ്ങേറി. ലോകത്തിന്റെ വിവിധ മൂലകളില്‍ ചിതറിക്കിടന്നിരുന്ന യഹൂദികളെ അവര്‍ ഫിലസ്ത്വീനിലേക്കിറക്കി. ഇത് മുസ്‌ലിംകളും യഹൂദികളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷ വേദിയാക്കി ഫിലസ്ത്വീനെ. സുഊദിയും ജോര്‍ദാനും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. പ്രശ്‌നം രൂക്ഷമായതോടെ ബ്രിട്ടന്‍ കൈയൊഴിയുകയും ഐക്യ രാഷ്ട്രസഭക്കു ഫിലസ്ത്വീൻ വിഷയം കൈമാറുകയും ചെയ്തു. അപ്പോഴേക്കും ജൂതകുടിയേറ്റം പൂര്‍ണമായിരുന്നു.

അങ്ങനെയാണ് ഫിലസ്ത്വീൻ രണ്ടായത്. സ്വന്തം രാജ്യത്തിന്റെ 56 ശതമാനം ഭാഗം കുടിയേറ്റക്കാരായ യഹൂദികള്‍ക്ക് നല്കാനായിരുന്നു ഐക്യരാഷ്ട്ര സഭ ഫലസ്ത്വീനികളോട് പറഞ്ഞത്. വഞ്ചനയില്‍ പാവം ഫിലസ്ത്വീനികള്‍ വീണു. അവര്‍ക്ക് കിട്ടിയത് 47 ശതമാനം മാത്രം.

1948ല്‍യഹൂദികള്‍ തങ്ങളുടെ ഭാഗത്തിന് ഇസ്‌റാഈല്‍ എന്ന്പേരിട്ട് രാഷ്ട്രം പ്രഖ്യാപിച്ചു. അമേരിക്കആ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇസ്‌റാഈല്‍ മേഖലയിലെ ഫലസ്ത്വീനികളുടെ പലായനമാണുണ്ടായത്. ജോര്‍ദാനിലും ഈജിപ്തിലും ഇവര്‍ അഭയാര്‍ഥികളായെത്തി. എന്നാല്‍ ഫിലസ്ത്വീൻ മേഖലയിലെ ജൂതന്മാര്‍ കുടിയൊഴിഞ്ഞതുമില്ല. അതോടെ ഫിലസ്ത്വീൻ പ്രശ്‌നസങ്കീര്‍ണമായി.

തുടര്‍ന്ന് ഇപ്പേരില്‍ മൂന്നു അറബ്-ഇസ്‌റാഈല്‍ യുദ്ധങ്ങളുണ്ടായി. നഷ്ടം അറബികള്‍ക്കും ഫിലസ്ത്വീനികള്‍ക്കും. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്‌റാഈലിനൊപ്പമായിരുന്നു എന്നതാണ് കാരണം.

ഹമാസും ഇന്‍തിഫാദയും ഫലസ്ത്വീന്‍ വിമോചന മുണണിയും തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് സമരങ്ങള്‍ നടത്തി. ഇസ്‌റാഈല്‍ ഇതിനെ സായുധ സജ്ജരായി നേരിട്ടു. ആയിരങ്ങള്‍ മരിച്ചുവീണു.

1993ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫിലസ്ത്വീനികള്‍ക്ക് നിയന്ത്രിതാധികാരം നല്‍കി. ഫിലസ്ത്വീൻ അതോറിറ്റി എന്ന പേരില്‍രൂപീകരിച്ച സര്‍ക്കാരിന് പി.എല്‍.ഒ ചെയര്‍മാന്‍ കൂടിയായ യാസര്‍ അറഫാത്ത് തലവനായി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫിലസ്ത്വീനിലെ ജൂതകുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല, ഐക്യരാഷ്ട്ര സഭയ്ക്ക് അതിനു കഴിഞ്ഞിട്ടുമില്ല.

2004 സെപ്തംബര്‍ 11ന് യാസര്‍ അറഫാത്ത് അന്തരിച്ചു. 2006ല്‍ നടന്ന ഫിലസ്ത്വീൻ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പി എല്‍ ഒയെ തോല്പിച്ച് ഹമാസ് ഭൂരിപക്ഷം നേടി, ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായെങ്കിലും ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചില്ല. ചില രാഷ്ട്രങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. അറഫാത്തിനു ശേഷം മഹ്മൂദ് അബ്ബാസാണ് പി എല്‍ ഒ പ്രസിഡന്റ്. നിലവില്‍ (2020) മുഹമ്മദ് അശ്തിയ്യയാണ് പ്രധാനമന്ത്രി. ഗസ്സയുടെ നിയന്ത്രണം ഹമാസ് ഗവണ്‍മെന്റിനാണ്. 2018 മെയ് 15ന് യു എസ് എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്കു മാറ്റിയത് വഴി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എന്‍ തത്വങ്ങളുടെ ലംഘനത്തിനൊപ്പം ഫലസ്തീന്‍ രാഷ്ട്ര സ്വപ്നത്തിന് കനത്ത തിരിച്ചടിയുമാണ് നല്‍കിയത്. ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു, ഫിലസ്ത്വീനികളുടെ ദുരിതവും.

Feedback