Skip to main content

ഖുദുസിന്റെ മോചനം

മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും തീര്‍ഥയാത്ര അനുവദിക്കപ്പെട്ട മൂന്നാമത്തെ പള്ളിയുമായ മസ്ജിദുല്‍ അഖ്‌സായും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഖുദുസ് ഇന്ന് പൂര്‍ണമായും മുസ്‌ലിംകളുടെ നിയന്ത്രണത്തിലല്ല. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പു വരെ തുര്‍ക്കി ഒട്ടോമന്‍ ഖിലാഫത്ത് ഭരണത്തിനു കീഴിലായിരുന്നു ഫലസ്തീന്‍. ജൂതരും ക്രിസ്ത്യാനികളുമെല്ലാം പവിത്രമായി കരുതിപ്പോരുന്ന ജറൂസലമില്‍ അന്ന് അവര്‍ക്കെല്ലാം അവര്‍ പുണ്യമായി നിശ്ചയിച്ച ഇടങ്ങള്‍ സന്ദര്‍ശിക്കാനും അവരുടെ ആരാധനകള്‍ നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ 1948ല്‍ രണ്ടാം ലോകമഹായുദ്ധവിജയം നേടിയ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ തങ്ങളുടെ സഹായികളായ ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസപ്രകാരം വാഗദ്ത്ത ഭൂമിയായി കരുതപ്പെടുന്ന ജറൂസലം കേന്ദ്രമാക്കി ഒരു രാഷ്ട്രം സമ്മാനമായി നല്കി. ബാല്‍ഫോര്‍ ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്. അന്നത്തെ കൊളോണിയല്‍ ഭരണകൂടം ഇതിലൂടെ ഒരു വെടിക്ക് പല പക്ഷികളെ ലക്ഷ്യമാക്കുകയായിരുന്നു. ക്രിസ്ത്യാനികളുടെ വര്‍ഗശത്രുക്കളായ ജൂതന്മാരെയും അവരുടെ കുതന്ത്രങ്ങളെയും തങ്ങളുടെ കണ്‍മുന്നില്‍ നിന്ന് നാടുകടത്താനും എന്നാല്‍ ശത്രുവിന്റെ ശത്രു മിത്രം എന്നതുപോലെ തങ്ങളുടെ വളര്‍ച്ചക്ക് ഭീഷണിയായേക്കാവുന്ന, പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കലവറകളിലൂടെ വളര്‍ന്നുവരുന്ന പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തിയും അസമാധാനപ്പെടുത്തിയും വരുതിയിലാക്കാനുമെല്ലാം ഈ രാഷ്ട്ര സംസ്ഥാപനം അവര്‍ ഉപയോഗപ്പെടുത്തി.

പതിറ്റാണ്ടുകളായി മുസ്‌ലിംലോകം ഈ അനീതിക്കു മുമ്പില്‍ വേദനപ്പെടുകയാണ്. അവരുടെ ആത്മവീര്യം ചോര്‍ത്താനും ആശങ്കയില്‍ നിര്‍ത്താനും അതുവഴി വളര്‍ച്ച മുരടിപ്പിക്കാനുമെല്ലാം ഈ രാഷ്ട്രം ചെയ്യുന്ന കുതന്ത്രങ്ങള്‍ വലുതാണ്. സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഇന്നും മാതൃഭൂമിയില്ലാതെ അറബ് മേഖലകളില്‍ അലയുകയാണ്. ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അതിലേറെപ്പേര്‍ വിധവകളാക്കപ്പെടുകയും അനേകായിരങ്ങള്‍ അനാഥകളാക്കപ്പെടുകയും ചെയ്ത ഈ ഭൂമിയിന്ന് ജൂത കുടിലതയുടെയും അമേരിക്കയടങ്ങുന്ന വന്‍ശക്തികളുടെ അനീതിയുടെയും ജീവിക്കുന്ന തെളിവാണ്.

മുസ്‌ലിം ലോകം സ്വതന്ത്ര ഫലസ്തീനിനായി ആഗ്രഹിക്കുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള വിശുദ്ധ ഭൂമിയാക്കാനല്ല. ഇസ്‌ലാമിന്റെ മാതൃകാ ഭരണാധികാരിയായിരുന്ന ഉമര്‍(റ) മുതല്‍ സലാഹുദ്ദീന്‍ അയ്യൂബി വരെയുള്ള ജേതാക്കള്‍ ഈ നാടുഭരിച്ചപ്പോള്‍ ഇവിടത്തുകാരായ ജൂതരും ക്രിസ്ത്യാനികളും പൂര്‍ണ അവകാശമുള്ള പൗരന്മാരായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. പുണ്യ പ്രദേശങ്ങളായി കരുതുന്ന ഇടങ്ങളില്‍ അവര്‍ക്ക് അവരുടെ ആരാധനകളും ആചാരങ്ങളും അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യം നല്കിയിട്ടുമുണ്ട്. തദ്ദേശവാസികളായ മുസ്‌ലിംകളടക്കമുള്ള പൗരന്മാര്‍ക്ക് 1948നു മുമ്പുണ്ടായിരുന്ന ജീവിത സ്വാതന്ത്ര്യവും  ചരിത്രാതീത കാലം മുതല്‍ മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട, വിശുദ്ധം (ഖുദുസ്, ഹറം) എന്നര്‍ഥമുള്ള പ്രദേശത്തെ ഏകദൈവാരാധനാമയമായ മസ്ജിദുല്‍ അഖ്‌സായില്‍ സ്വതന്ത്രമായി ആരാധന നടത്താനും അവിടേക്ക് തീര്‍ഥാടനം നടത്താനുമുള്ള അവകാശവുമാണ് മുസ്‌ലിംകള്‍ക്കു വേണ്ടത്.

ഖുദുസിന്റെ മോചനം ഫലസ്തീനികളുടെ മാത്രം പ്രശ്‌നമല്ല. ഈ ഭൂമി വീണ്ടെടുക്കുക എന്നത് ലോക മുസ്‌ലിംകളുടെ ബാധ്യതയും അവകാശവുമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ അധിവസിക്കുകയും കൈവശം വെക്കുകയും പവിത്രമായി കരുതിപ്പോരുകയും ചെയ്ത പ്രദേശം തീര്‍ത്തും അന്യായമായാണ് ജൂതര്‍ക്ക് തീറെഴുതികൊടുത്തത്. ഗാന്ധിജി, നെല്‍സണ്‍ മണ്ഡേല തുടങ്ങി പക്ഷപാതിത്വമില്ലാത്ത ലോകനേതാക്കളെല്ലാം ഇവിടെ മുസ്‌ലിംകളോടോപ്പം നിന്നിട്ടുണ്ട്. എന്നാല്‍ യാതൊരു നേരും അംഗീകരിക്കാത്ത ജൂതലോബി വന്യമായാണ് ഇത്തരം പ്രതികരണങ്ങളെ നേരിടുന്നത്. പ്രതികള്‍ ജൂതരും അക്രമികളായ പാശ്ചാത്യരും മാത്രമല്ല. ഏറെ ആളും അര്‍ഥവുമുള്ള ഇസ്‌ലാമിക ലോകത്തിന് ഈ അക്രമിക്കെതിരെ ഒന്നിച്ചു നില്‍ക്കാനോ ലോകത്തെ മഹാഭൂരിപക്ഷം വരുന്ന നീതിബോധ മുള്ളവരെ കൂടെ നിര്‍ത്താനോ സാധിക്കുന്നില്ല എന്നതു തന്നെയാണ് ശത്രുവിന്റെ വിജയം എളുപ്പമാക്കുന്നത്. ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കളുടെയും നേതാക്കളുടെയും ആലസ്യമാണ് പശ്ചിമേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും ചാവേറുകളായി ആത്മഹത്യസ്‌ക്വാഡുകള്‍ പൊങ്ങി വരാന്‍ കാരണം.

അല്ലാഹുവിന്റെ അമാനുഷിക സഹായം തേടുന്ന കൂട്ടപ്രാര്‍ഥനക്കപ്പുറത്ത് ഇസ്‌ലാമിക ലോകത്തിന് ഇവിടെ ബാധ്യതകളുണ്ട്. ഉമര്‍(റ)വിന്റെ ഇഛാശക്തിയാണ് ഖുദ്‌സ് മുസ്‌ലിംകളുടെ കൈകളിലെത്തിച്ചത്. ആ ഈമാന്‍ നഷ്ടപ്പെട്ട ഭരണാധികാരികളില്‍ നിന്ന് അക്രമികള്‍ അത് പിടിച്ചു വാങ്ങി. വീണ്ടും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ ഇസ്‌ലാം അത് മുസ്‌ലിംകളുടെ കൈകളില്‍ തിരിച്ചെത്തിച്ചു. അദ്ദേഹം സൂക്ഷിച്ച ഇസ്‌ലാം കൈമോശം വന്നപ്പോള്‍ വീണ്ടും അത് അക്രമികള്‍ പിടിച്ചെടുത്തു. കൃത്യമായ സത്യവിശ്വാസവും സല്‍പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഇനിയും അത് അവകാശികളിലെത്തുകതന്നെ ചെയ്യും. അതിനാവശ്യമായ ഭൗതികവും ആത്മീയവുമായ കരുത്തു നേടാനാണ് മുസ്‌ലിംലോകം ശ്രമിക്കേണ്ടത്. ''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍''(24:55).
 

Feedback