Skip to main content

കവാടങ്ങള്‍, മിനാരങ്ങള്‍

മുസ്‌ലിം ശില്പചാരുത വഴിഞ്ഞുനില്‍ക്കുന്ന കവാടങ്ങളും മിനാരങ്ങളും ഖുബ്ബകളുമാണ് മസ്ജിദുകളുടെ കാഴ്ചയെ മികവുറ്റതാക്കുന്നത്. മസ്ജിദുല്‍ ഹറാമിന് ആരംഭത്തില്‍ കെട്ടിടമില്ലാത്തതിനാല്‍ കവാടങ്ങളുമുണ്ടായിരുന്നില്ല. ഉമര്‍(റ) ചെറുമതില്‍ കെട്ടി വേര്‍തിരിച്ചപ്പോള്‍ ചെറിയ വഴികള്‍ ഒഴിച്ചിട്ടിരുന്നു. ഇത് പിന്നീട് കവാടങ്ങളായി മാറി. മഹ്ദി 19 കവാടങ്ങളുണ്ടാക്കി. വിസ്തൃതി കൂടുന്നതിനനുസരിച്ച് കവാടങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ 139 കവാടങ്ങളുണ്ടെന്നാണ് കണക്ക്. ഈ എണ്ണം സ്ഥായിയല്ല, ഇവയില്‍ സ്ത്രീകള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം കവാടങ്ങള്‍ ഒഴിച്ചിടും. ഇവയില്‍ മിക്കതിനും പേരുകളുമുണ്ട്.

മിനാരങ്ങള്‍ ആദ്യം നിര്‍മിച്ചത് 784ല്‍ അബൂ ജഅ്ഫറുല്‍മന്‍സ്വൂര്‍ ആണ്. പല പുനര്‍നിര്‍മാണങ്ങള്‍ക്കിടെ ഇതിന്റെ എണ്ണം ഏഴായി. എന്നാല്‍ സുഊദി നവീകരണഘട്ടത്തില്‍ നിലവിലുള്ളതെല്ലാം പൊളിച്ച് പുതുതായി നിര്‍മിക്കുകയും രണ്ടെണ്ണം അധികം നിര്‍മിച്ച് ഒമ്പതെണ്ണമാക്കുകയും ചെയ്തു. പ്രധാന കവാടങ്ങളായ ഫഹദ് ഗേറ്റ്, അബ്ദുല്‍ അസീസ് ഗേറ്റ്, ഫത്ഹ് ഗേറ്റ്, ഉംറ ഗേറ്റ് എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും സഫാ മലയുടെ മുകളിലെ ഗോപുരത്തിനരികില്‍ ഒന്നുമാണുള്ളത്. 89 മീറ്ററാണ് മിനാരങ്ങളുടെ ഉയരം.

Feedback