Skip to main content

ഹറം: വിധിവിലക്കുകള്‍

അല്ലാഹു പ്രത്യേകം പവിത്രമാക്കിയ പ്രദേശത്തിനാണ് ഹറം എന്നു പറയുന്നത്. ഇത്തരം രണ്ടു പ്രദേശങ്ങളാണ് ഭൂമിയിലുള്ളത്. മക്കയും മദീനയുമാണത്. മക്ക ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ ഹറമായി നിശ്ചയിക്കപ്പെട്ടതാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. മക്കാ വിജയദിവസം നബി(സ്വ) പറഞ്ഞു: തീര്‍ച്ചയായും ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍വരെക്കും ആ പവിത്രത നിലനില്‍ക്കുകയും ചെയ്യും (മുസ്‌ലിം 2/986). ഈ നാടിന്റെ പവിത്രതക്കായി ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചതായും ഹദീസില്‍ ഉണര്‍ത്തുന്നു. മദീനയാകട്ടെ മുഹമ്മദ് നബി(സ്വ)യിലൂടെയാണ് ഹറമായി പ്രഖ്യാപിക്കപ്പെട്ടത്. അബ്ദുല്ലാഹിബ്‌നു സൈദ്(റ) പറയുന്നു: ഇബ്രാഹിം മക്കയെ ഹറം ആയി നിശ്ചയിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതുപോലെ ഞാന്‍ മദീനയെ ഹറം ആക്കി നിശ്ചയിക്കുകയും അതിന്റെ അളവ് പാത്രങ്ങളായ മുദ്ദിലും സാഇലും അനുഗ്രഹം ചൊരിയേണമേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു (ബുഖാരി).

ഈ പ്രദേശങ്ങള്‍ ഹറമാക്കിയിരിക്കുന്നു എന്നതിന്റെ ഉദ്ദേശ്യം ഇവിടുത്തെ മണ്ണിനും മരത്തിനും കാറ്റിനും ജലത്തിനും മറ്റു പ്രദേശങ്ങളെക്കാള്‍ പുണ്യമുണ്ടെന്നോ മഹത്വമുണ്ടെന്നോ അല്ല. പ്രത്യുത ഈ പ്രദേശത്ത് അല്ലാഹുവിനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സ്ഥലങ്ങളുള്ളതിനാല്‍ അവിടങ്ങളിലെ ആരാധനകള്‍ക്കുള്ള സഹായത്തിനും സുരക്ഷിതത്വത്തിനുമായി ചില പ്രത്യേക നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു എന്നുമാത്രമാണ്. ഇവിടെ താമസിക്കുന്നതും ജീവിക്കുന്നതുമെല്ലാം ലോകത്തിന്റെ മറ്റേതു പ്രദേശത്തുമെന്നതിനേക്കാള്‍ പ്രത്യേകം പുണ്യകരമോ മഹത്വമുള്ളതോ അല്ല. അങ്ങനെയായിരുന്നെങ്കില്‍ സ്വഹാബികളാരും ഈ നാട് വിട്ടുപോകുമായിരുന്നില്ല. മക്ക വിജയശേഷം മദീനയെക്കാള്‍ മഹത്വപൂര്‍ണമായ മക്ക ഹറം വിട്ട് നബി(സ്വ) മദീനയില്‍ തന്നെ ജീവിക്കുമായിരുന്നില്ല. എന്നാല്‍ ആ നാടിന്റെ പവിത്രത പരിഗണിക്കുകയും അതടിസ്ഥാനത്തില്‍ അവിടെ വര്‍ത്തിക്കുകയും ചെയ്താല്‍ അത് പുണ്യവും അതിനു വിരുദ്ധമായി നിയന്ത്രണങ്ങള്‍ ലംഘിച്ച് ജീവിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ''തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും-സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്ന് നാം ആസ്വദിപ്പിക്കുന്നതാണ്''(22:25).

ഹറമില്‍ പാലിക്കേണ്ട പവിത്രതാ മര്യാദകള്‍ പ്രവാചകന്‍(സ്വ) വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ട മൃഗത്തെ ഓടിക്കുവാനോ വീണ്‌പോയ വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്നാല്‍ ഇദ്ഖര്‍ ഒഴിച്ചു (ബുഖാരി).

അഥവാ, അല്ലാഹു ഈ നാടിനെ പൂര്‍ണാര്‍ഥത്തില്‍ സുരക്ഷിതമാക്കിയിരിക്കുന്നു. അവിടെ യാതൊരു വിധ അക്രമങ്ങളും നടക്കാന്‍ പാടില്ല. ഇത് മനുഷ്യര്‍ മറ്റു ജീവജാലങ്ങള്‍, ചെടികള്‍ എന്നിവക്കെല്ലാം ബാധകമാണ്. ഉപദ്രവമുണ്ടാക്കുന്ന മനുഷ്യര്‍, ജീവികള്‍ എന്നിവ ഇതില്‍നിന്ന് ഒഴിവാണ്. ഈ നിയമങ്ങള്‍ നബി(സ്വ)യുടെ ആഗമനത്തിനു മുമ്പുള്ള ബഹുദൈവാരാധകരും അംഗീകരിച്ചിരുന്നു. നബി(സ്വ)യുടെ ചെറുപ്പത്തിലുണ്ടായ ഹില്‍ഫുല്‍ ഫുദൂല്‍ എന്ന കരാര്‍ മക്കയുടെ ഈ മഹത്വം ഉണര്‍ത്തുന്നുണ്ട്. മക്കയിലെ പ്രമുഖനായ ആസ്ബ്‌നു വാഇല്‍ സുബൈദുകാരനായ കച്ചവടക്കാരന്റെ സ്വത്ത് അന്യായമായി തട്ടിയെടുത്തു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അയാളുടെ കുടുംബം അത് പരിഗണിച്ചില്ല. കഅ്ബക്കടുത്തുള്ള അബൂഖുബൈസ് കുന്നില്‍ കയറി നിന്ന് സുബൈദീ സഹായമഭ്യര്‍ഥിച്ചു. ഇതു കേട്ട് ഖുറൈശി പ്രമുഖര്‍ അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍ സമ്മേളിക്കുകയും ഇനി മക്കയില്‍ ഒരു കുട്ടിയും ഇങ്ങനെ അക്രമിക്കപ്പെടാന്‍ പാടില്ലെന്നും അതിനെതിരെ ഒന്നിച്ചു നില്‍ക്കുമെന്നും പ്രതിജ്ഞയെടുത്തു. ശേഷം അവര്‍ ആസുബ്‌നു വാഇലില്‍ നിന്ന് സുബൈദിയുടെ സ്വത്ത് ബലമായി പിടിച്ചുവാങ്ങി തിരിച്ചു നല്കി. തന്റെ ഇരുപതാം വയസ്സില്‍ നബി(സ്വ)യും പിതൃവ്യന്മാര്‍ക്കൊപ്പം ഈ കരാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ഇനിയും ഖുറൈശികള്‍, ബഹുദൈവവിശ്വാസികളാണെങ്കിലും അത്തരം കരാറുകള്‍ക്ക് വിളിച്ചാല്‍ ഞാന്‍ പങ്കെടുക്കുമെന്ന് പില്കാലത്ത് നബി(സ്വ) പറയുകയുണ്ടായി.

അവിടെ എത്തുന്നവര്‍ ഇസ്‌ലാമികമായ ഇത്തരം അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ കൂടിയാണ് ഏകദൈവാരാധനയുടെ പ്രഥമ ദേവാലയം മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇനി മുതല്‍ അവിടെ ബഹുദൈവാരാധകര്‍ പ്രവേശിക്കരുതെന്ന് വിളംബരം ചെയ്യാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടത്. അതൊരു വിനോദകേന്ദ്രമോ കച്ചവടനഗരമോ എല്ലാവര്‍ക്കും ഇഷ്ടംപോലെ വിഹരിക്കാവുന്ന പ്രദേശമോ ആക്കിയാല്‍ അതിന്റെ പവിത്രതയും സുരക്ഷിതത്വവും നഷ്ടപ്പെടും. പൂര്‍ണ സമാധാനത്തോടെ കൃത്യമായ ഏകദൈവാരാധന നിര്‍വഹിക്കാനായി ലോകത്തിന്റെ അഷ്ട ദിക്കുകളില്‍നിന്നും എല്ലാ കാലങ്ങളിലും എത്തിക്കൊണ്ടിരിക്കുന്ന ഭക്തകോടികള്‍ക്ക് അസമാധാന ങ്ങളുണ്ടാക്കും. അതിനാല്‍ മക്കയില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശം അനുവദിക്കാത്തത് അസഹിഷ്ണുതയായി കാണേണ്ടതില്ല. ഏതാനും കിലോമീറ്റര്‍ ചുറ്റളവുവരുന്ന മക്ക പട്ടണം മുഴുവന്‍ ആരാധനാലയ പരിധിയായാണ് മുസ്‌ലിം വിശ്വാസം പഠിപ്പിക്കുന്നത്. ഇവിടെ പവിത്രതാനിയമം പാലിക്കാന്‍ കൂട്ടാക്കാത്ത മുസ്‌ലിംകളെയും അതാത് കാലത്തെ ഭരണകൂടങ്ങള്‍ അവിടെ നിന്ന് അകറ്റിനിര്‍ത്തിയിട്ടുണ്ട്. വിപ്ലവകാരികളായ ശീഅകളെയും മറ്റും ഇങ്ങനെ പലപ്പോഴും മക്ക പ്രവേശത്തില്‍ നിന്ന് വിലക്കുന്നത് വര്‍ത്തമാന കാലത്തും അനുഭവമാണ്. 

Feedback