Skip to main content

വ്രതം ഹിന്ദുമതത്തില്‍

കൃത്യമായ ഒരു മതനിര്‍വചനത്തില്‍ നില്‍ക്കുന്നതല്ല ഹിന്ദുധര്‍മം. അതിന് നിര്‍ണിതമായ ഏതെങ്കിലും ഒരു വേദഗ്രന്ഥമോ ആചാര്യനോ ഇല്ല. സഹസ്രാബ്ദങ്ങളിലൂടെ, എണ്ണമറ്റ ഋഷിമാരിലൂടെ കാലാകാലങ്ങളിലെ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈന്ദവ സംസ്‌കൃതി കടന്നുവരുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഒരു പ്രദേശത്തെ വിവിധ സമൂഹങ്ങളും സംസ്‌കാരങ്ങളും ജാതികളും ഉപജാതികളും പ്രാദേശികവും കാലികവുമായ വൈജാത്യങ്ങളുമെല്ലാം ഹിന്ദു ആചാരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സംസ്‌കൃതി നൂറുക്കണക്കിന് ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് നിബിഡമാണ്.
    
ഇത്ര സങ്കീര്‍ണമായ ഹിന്ദുമതാചാരങ്ങളിലും വ്രതത്തിന് വലിയ സ്ഥാനമാണുള്ളത്. വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് വ്രതം കല്പിക്കുന്നത്. മതപരമായ പല അനുഷ്ഠാനങ്ങള്‍ക്കുമുള്ള പ്രധാന നിബന്ധനയാണ് വ്രതം. ചില പ്രത്യേക ചിട്ടകള്‍ക്കാണ് ഇവിടെ നോമ്പ് എന്ന് വിവക്ഷിക്കുന്നത്. വെള്ളം മാത്രം കുടിക്കുക, ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക, ദേഹാലങ്കാരങ്ങള്‍ വെടിയുക, മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക, ധാന്യങ്ങള്‍ വര്‍ജിക്കുക, ലൈംഗികത വെടിയുക, വേദപാരായണം നടത്തുക, ഉറക്കമൊഴിക്കുക, ദൈവചിന്തയിലും പ്രാര്‍ഥനയിലും മുഴുകുക തുടങ്ങി പലതും ഈ വ്രതത്തിന്റെ ഭാഗമായി നിര്‍വഹിക്കുന്നു. പകലില്‍ മാത്രമായും രാത്രിയില്‍ മാത്രമായും രാവും പകലുമടക്കം ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതുമായ ഉപവാസങ്ങള്‍ ഹൈന്ദവസമൂഹത്തില്‍ നിലനില്ക്കുന്നു.
    
സ്ത്രീകള്‍ക്കു മാത്രമായി ചില വ്രതങ്ങളും ഹിന്ദുമതത്തില്‍ കാണാം. എല്ലാ വ്രതങ്ങളുടെയും മുഖ്യലക്ഷ്യം ആത്മസംസ്‌കരണവും പാപമോചനവും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പ്രീതിയും ഭൗതികജീവിത സന്താപങ്ങള്‍ നീങ്ങലും സുഖങ്ങള്‍ ലഭിക്കലുമാണ്.
    
ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികള്‍ക്കു പുറമെ യാഗം, ഹോമം, യജ്ഞം തുടങ്ങിയ അനുഷ്ഠാനങ്ങളോടനുബന്ധിച്ചും നോമ്പുകളുണ്ട്. കൂടാതെ ഉപനയനം, വിവാഹം എന്നിവയിലും ശ്രാദ്ധം പോലെ പരേതാത്മാക്കള്‍ക്കുള്ള കര്‍മങ്ങളിലും പങ്കെടുക്കുന്നവരും കുടുംബാംഗങ്ങളുമെല്ലാം വ്രതനിഷ്ഠ പുലര്‍ത്തണമെന്ന് അനുശാസിക്കുന്നുണ്ട്. (എന്‍ ബി എസ് വിജ്ഞാനകോശം, ഉപവാസം.)

Feedback