Skip to main content

നോമ്പ് പൂര്‍വിക മതങ്ങളില്‍ (5)

''ദൈവികമതത്തിലെ വളരെ പ്രധാനമായ ഒരു ആരാധനാകര്‍മം എന്നനിലയില്‍ വ്രതം പുരാതന കാലങ്ങളിലെയും മതാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. വ്യത്യസ്ത രൂപങ്ങളിലും സമയങ്ങളിലുമായി ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വ്രതം നിലനിന്നു. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ  അത്''(2: 183). 

ഈ കാര്യം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.  ''നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിക്കനുസരിച്ച് അല്പം വ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്. മലയാളത്തില്‍ നോമ്പ്, വ്രതം, ഉപവാസം എന്ന പദങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഏകദേശം ഒരേ അര്‍ഥത്തിലാണ്. ദൈവത്തോടൊപ്പം വസിക്കുക, അഥവാ തന്റെ ഇന്ദ്രിയങ്ങളെയും കാമം, ക്രോധം തുടങ്ങിയ വികാരങ്ങളെയും ദൈവത്തിന് ഇഷ്ടമുള്ള വിധത്തില്‍ വിധേയമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സാധിക്കാനുള്ള പ്രധാന മാര്‍ഗമാണ് ഭക്ഷണവും ലൈംഗികതയും നിയന്ത്രിക്കുക എന്നുള്ളത്. മനുഷ്യനെ ദൈവവുമായി അടുപ്പിക്കാന്‍ രൂപംകൊണ്ട മതങ്ങളെല്ലാം അതുകൊണ്ടുതന്നെ ഈ അനുഷ്ഠാനത്തിന് തങ്ങളുടെ ആചാരങ്ങളില്‍ പ്രധാനപങ്കു നല്കി''.

Feedback
  • Tuesday Oct 15, 2024
  • Rabia ath-Thani 11 1446