Skip to main content

ക്രിസ്തുമതത്തിലെ നോമ്പ്

ക്രൈസ്തവരില്‍ നോമ്പിന് വലിയ പ്രാധാന്യമുണ്ട്. മതാചാരങ്ങള്‍ കാലദേശങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതാണ് ക്രൈസ്തവ രീതി എന്നതിനാല്‍ സാര്‍വലൗകികവും സാര്‍വജനീനവുമായ വ്രതങ്ങള്‍ അതില്‍ കുറവാണ്. മോസസിന്റെ (മൂസാ നബി) മതനിയമങ്ങള്‍ തന്നെയായിരുന്നു ജീസസിന്റേത് (ഈസാ നബി) എന്നതിനാല്‍ ബൈബിള്‍ പഴയനിയമം പരിചയപ്പെടുത്തുന്ന വ്രതങ്ങള്‍ ക്രിസ്തുമതത്തിലും കാണാം. ''പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് ഒരു ഭൂമിയിലേക്ക് നയിച്ചു. നാല്പതു രാവും നാല്പതു പകലും അവന്‍ ഉപവസിച്ചു''  എന്ന പുതിയ നിയമത്തിലെ മത്തായി സുവിശേഷം 4:2 വചനം മൂസാ പ്രവാചകന്റെ  തൗറാത്ത് സ്വീകരണവുമായി ബന്ധപ്പെട്ട് ജൂതമതം നിര്‍ദേശിക്കുന്ന പ്രായശ്ചിത്തവ്രതം തന്നെയാണ്.

പുരോഹിതന്മാരും മതപ്രമാണിമാരുമായിരുന്നു ക്രിസ്തുമതത്തില്‍ വ്രതത്തിന് രൂപഭാവങ്ങള്‍ നല്കിയത്. ഒന്നും രണ്ടും ദിവസങ്ങളും അതിലേറെ മണിക്കൂറുകളും നീണ്ടു നില്ക്കുന്ന ഉപവാസങ്ങള്‍ ഇങ്ങനെ കാണാം. പൗലോസിന്റെ മരണാനന്തരം ഒന്നര നൂറ്റാണ്ടിനു ശേഷമാണ് വ്രതത്തിന് നിയമസംരക്ഷണം നല്കാനുള്ള നടപടികള്‍ ഉണ്ടായത്. അങ്ങനെ വ്യക്തികളുടെ ഇഛയ്ക്കനുസൃതമായി വ്രതം ആചരിക്കാനുള്ള അനുമതി നല്കപ്പെട്ടു. എല്ലാ ആഴ്ചകളിലെയും ബുധന്‍, വെള്ളി ദിവസങ്ങള്‍, മാമോദീസ മുക്കുന്നതിനു മുമ്പ് ഒന്നോരണ്ടോ ദിവസം തുടങ്ങിയുള്ള നോമ്പുകള്‍ ഇങ്ങനെ നിയമമാക്കപ്പെട്ടു. ഈസ്റ്ററിനു ശേഷമുള്ള അന്‍പതു നോമ്പ് (വലിയ നോമ്പ്), ക്രിസ്തുമസിന് മുമ്പുള്ള 'ഇരുപത്തഞ്ച് നോമ്പെന്ന' ചെറിയനോമ്പ്, അന്‍പത് നോമ്പിന്റെ രണ്ടാഴ്ച മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യൂനുസ് പ്രവാചകനെ ദൈവം കരയിലേക്ക് രക്ഷപ്പെടുത്തിയതിന്റെ അനുസ്മരണത്തിനായുള്ള മൂന്നു നോമ്പ്, ആഗ്‌സ്ത് ഒന്നു മുതല്‍ 15 വരെ ഈസാ നബിയുടെ മാതാവായ മര്‍യമിനെ അനുസ്മരിച്ചുകൊണ്ടുള്ള പതിനഞ്ച് നോമ്പ്, ശ്ലീഹാ നോമ്പ്, എന്നിങ്ങനെ ധാരാളം നോമ്പുകള്‍ ക്രിസ്തുമതത്തില്‍ നിലവിലുണ്ട്.        
    
ക്രിസ്ത്യാനികളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിവിധ നോമ്പുകളായിരുന്നു പ്രചാരത്തില്‍ വന്നത്. എ ഡി മൂന്നാം നൂറ്റാണ്ടിലാണ് വ്രതദിനങ്ങള്‍ കൃത്യമായി നിര്‍ണയിച്ചത്. രൂപങ്ങളിലും രീതികളിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ക്രൈസ്തവ നോമ്പുകള്‍. വ്രതം അവസാനിപ്പിക്കേണ്ട സമയം, അനുഷ്ഠാനരൂപം എന്നിവയിലെല്ലാം ഈ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ മാംസം മാത്രമാണ് ഉപേക്ഷിക്കുന്നതെങ്കില്‍ മത്സ്യവും മാംസവും ഉപേക്ഷിക്കുന്നവരും മുട്ടയും പഴവര്‍ഗങ്ങളും ഉപേക്ഷിക്കുന്നവരുമുണ്ട്. റൊട്ടി മാത്രം കഴിക്കുന്ന രീതിയുണ്ട്.  എല്ലാതരം അന്നപാനീയാദികളും വെടിഞ്ഞ് പൂര്‍ണമാക്കുന്ന വ്രതരീതിയും ക്രൈസ്തവ സഭകള്‍ അംഗീകരിക്കുന്നുണ്ട്. 
    
വ്രതത്തിന്റെ ഉദ്ദേശ്യത്തെ വഞ്ചിക്കുന്ന കാപട്യത്തെ യേശു വിമര്‍ശിക്കുന്നുണ്ട്. 'നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു സമ്മാനം നല്കുകയും ചെയ്യും'(മത്തായി 6:16,17,18).


 

Feedback