Skip to main content

നോമ്പുകാരന് അനുവദനീയമായ കാര്യങ്ങള്‍ (6)

അല്ലാഹുവിന്റെ ദീന്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല; അവന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനാണ്. ഖുര്‍ആന്‍ പറയുന്നു. ''മത കാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല''(22:78). നോമ്പിന്റെ കാര്യത്തിലും അല്ലാഹു അത് ഉണര്‍ത്തി (2:185). അതുകൊണ്ടുതന്നെ ഇസ്‌ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന്റെ പാരത്രികമോക്ഷം ലക്ഷ്യമാക്കുന്നതോടൊപ്പം അവന്റെ ഈ ഭൂമിയിലെ ജീവിതത്തിന് പ്രയാസമുണ്ടാക്കാതിരിക്കാനും ലഘുത്വമുണ്ടാക്കാനും കൂടി ഉതകുന്ന വിധത്തിലാണ് ദയാലുവായ സ്രഷ്ടാവ് സംവിധാനിച്ചത്. 

മതത്തില്‍ പ്രയാസങ്ങളുണ്ടാക്കുന്നവരെ പല സന്ദര്‍ഭങ്ങളിലായി നബി(സ്വ) ശപിക്കുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്. സുവിശേഷമറിയിക്കുക, വെറുപ്പിക്കരുത് എന്ന് പ്രബോധകന്‍മാരെ അദ്ദേഹം ഉണര്‍ത്തിയിട്ടുണ്ട് (മുസ്‌ലിം 1733). നിത്യജീവിതത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരുന്ന വ്രതം പക്ഷേ, മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വളരെ വിശാലമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നോമ്പുകാരന്റെ ദിനചര്യകളും ജീവിതത്തില്‍ മാറ്റിവെക്കാന്‍ പറ്റാത്ത കാര്യങ്ങളുമെല്ലാം അവന് അനുവദിച്ചു നല്കി. അവയൊന്നും നോമ്പിനെ നിഷ്ഫലമാക്കുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്യില്ല.


 

Feedback