Skip to main content

ചുംബനം, ആശ്ലേഷം

സാധാരണ നിലയില്‍ ചുംബനം, ആശ്ലേഷം പോലെ ലൈംഗിക ബന്ധമല്ലാത്ത സ്ത്രീ സംസര്‍ഗങ്ങള്‍ കൊണ്ട് നോമ്പ് മുറിയുകയില്ല. നോമ്പുകാരനായിരിക്കെ ഭാര്യയില്‍നിന്ന് എനിക്ക് നിഷിദ്ധമാകുന്നത് എന്താണ് എന്ന ഹകീമുബ്‌നു ഇഖാലിന്റെ ചോദ്യത്തിന് ആഇശ(റ) നല്കുന്ന മറുപടി ഗുഹ്യസ്ഥാനം എന്നാണ് (അസ്സില്‍സിലതുസ്സഹീഹ, അല്‍ബാനീ 1/435). ഇതില്‍നിന്നും മനസ്സിലാക്കാവുന്നത്, ലൈംഗികബന്ധം മാത്രമാണ് നോമ്പുമുറിയാന്‍ കാരണമാകുക എന്നാണ്. 

ഉമര്‍(റ) പറയുന്നു. ഒരു ദിവസം ഞാന്‍ വികാരാധീനനായി ഭാര്യയെ ചുംബിച്ചു. ശേഷം 'ഞാനിന്ന് ഗുരുതരമായ ഒരു കാര്യം ചെയ്തു, നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിച്ചുപോയി' എന്ന് നബി(സ്വ)യോട് പറഞ്ഞു. നോമ്പുകാരനായിരിക്കെ വെള്ളം വായിലാക്കിത്തുപ്പിയാലോ എന്ന് നബി(സ്വ) ചോദിച്ചു. കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്താ പ്രശ്‌നം എന്ന് നബി(സ്വ) ചോദിച്ചു (അഹ്മദ് 1/84).

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നോമ്പു മുറിക്കുന്ന സംഭോഗം, സ്ഖലനം പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രിക്കുന്നതാണ് നല്ലത് എന്നാണ് ആഇശ(റ) നല്കുന്ന സൂചന. നബി(സ്വ) നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ടായിരുന്നു. ഭാര്യമാരോടൊപ്പം ശയിക്കാറുണ്ടായിരുന്നു. പക്ഷേ, തിരുമേനി നിങ്ങളില്‍ വെച്ചേറ്റവും ആത്മനിയന്ത്രണമുള്ള ആളായിരുന്നു (ബുഖാരി:1927).


 

Feedback