Skip to main content

കുളി, സുറുമ, എണ്ണ, സുഗന്ധം

കുളി ഇസ്‌ലാമില്‍ പുണ്യകര്‍മമാണ്. ചിലപ്പോള്‍ നിര്‍ബന്ധ ബാധ്യതയുമാണ്. 'നോമ്പുകാരനായിരിക്കെ  കുളിക്കുക, ദാഹംകൊണ്ടോ ഉഷ്ണംകൊണ്ടോ തണുപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ വെള്ളമൊഴിക്കുക, മുങ്ങിക്കുളിക്കുക, ശരീരത്തില്‍ നനഞ്ഞതുണി ചുറ്റുക എന്നിവക്ക് പ്രത്യേകം വിലക്കുകളൊന്നും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നില്ല. ഇവ പകലിന്റെ ഏതുസമയത്തും അനുവദനീയമാണ്. ഇങ്ങനെ കുളിക്കുമ്പോഴോ മറ്റോ ഇത്തിരിവെള്ളം അറിയാതെ ഇറക്കിപ്പോയാലും നോമ്പു മുറിയില്ല' (ഫിഖ്ഹുസ്സുന്ന-സയ്യിദ്‌സാബിഖ്).

നോമ്പുകാരനായിരിക്കെ ചൂട് തണുപ്പിക്കാന്‍ വേണ്ടി നബി(സ്വ) തലയില്‍ വെള്ളമൊഴിക്കുന്നത് ഞാന്‍ കണ്ടു എന്ന് സ്വഹാബിമാരില്‍നിന്ന് അബൂബക്‌റിബ്‌നു അബ്ദിര്‍റഹ്മാന്‍ റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട് (അബൂദാവൂദ് 2365).

കൂടാതെ വലിയ അശുദ്ധിക്കാരായി നോമ്പിന്റെ പകലില്‍ പ്രവേശിച്ച ശേഷം കുളിക്കാമെന്നും നബി(സ്വ)ചര്യയില്‍ സ്ഥിരപ്പെട്ടതാണ് (ബുഖാരി 1931).

സുറുമ, എണ്ണ, സുഗന്ധം

അല്ലാഹു സുന്ദരനും സൗന്ദര്യം ഇഷ്ടപ്പെടുന്നവനുമാണ്. സുഗന്ധം നബി(സ്വ)ക്ക് ഏറെ ഇഷ്ടമായിരുന്നു. അത് അദ്ദേഹം ആരില്‍ നിന്നും നിരസിക്കാറുണ്ടായിരുന്നില്ല. ഇസ്‌ലാം സാധാരണ നിലക്ക് അനുവദിച്ചതും ഇഷ്ടപ്പെടുന്നതുമായ ഇക്കാര്യങ്ങള്‍ നോമ്പുകാരന് നിഷിദ്ധമാണെന്നതിന് ഒരു പ്രമാണവുമില്ല. മാത്രമല്ല, അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അനസുബ്‌നു മാലിക്(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളില്‍ നിന്ന് ഇവ ഇപയോഗിക്കുന്നത് അനുവദനീയമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ ഗന്ധം, രുചി എന്നിവ അനുഭവപ്പെടുന്നത് നോമ്പ് മുറിക്കുകയില്ലെന്ന് ഇബ്‌നു ഉസൈമീന്‍ വ്യക്തമാക്കുന്നു (മജ്മൂഉ ഫതാവാ വ റസാഇല്‍ പേജ്:206).
 

Feedback