Skip to main content

മുഹമ്മദലി ക്ലേ/ ക്ലേ കാഷ്യസ് മര്‍സിലസ് (1-2)

1960ലെ റോം ഒളിമ്പിക്‌സ് ബോക്‌സിങ് റിംഗില്‍ ഫൈനല്‍ ആരവങ്ങള്‍ക്ക് വിസില്‍ മുഴങ്ങി. യൂറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌നു പിയട്രികയുടെ മുന്നില്‍ കൈയുറയണിഞ്ഞു നില്ക്കുന്ന 18 കാരന്റെ മേലായിരുന്നു കാണികളുടെ ശ്രദ്ധ മുഴുവന്‍. അമേരിക്കയിലെ കെന്റകിയില്‍ നിന്നുള്ള ക്ലേ കാഷ്യസ് മര്‍സിലസ് ജൂനിയര്‍ എന്ന കറുത്ത വര്‍ഗക്കാരന്‍.

മൂന്നാം റൗണ്ടില്‍ തന്നെ യൂറോപ്യന്‍ ചാമ്പ്യനെ ഇടിച്ചിട്ട് ഇരുകൈകളും വാനിലുയര്‍ത്തി ആ കറുത്തവന്‍ വിളിച്ചുപറഞ്ഞു: “I am the Greatest.” ഒളിമ്പിക് മെഡലണിയാന്‍ തലകുനിക്കുമ്പോള്‍ അവനനുഭവിച്ച ആനന്ദത്തിന് അതിരില്ലായിരുന്നു.

റോമില്‍ നിന്ന് സ്വര്‍ണമെഡലുമായി വന്ന ക്ലേ കാഷ്യസ് പക്ഷേ, സ്വന്തം നാട്ടില്‍ കറുത്തവന്‍ മാത്രമായിരുന്നു. കാരണം അമേരിക്കയില്‍ അന്ന് രണ്ടു വിഭാഗമേ ഉണ്ടായിരുന്നുള്ളൂ. കറുത്തവനും വെളുത്തവനും!.

ഹോട്ടലുകള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, എന്തിനേറെ ചര്‍ച്ചുകള്‍ വരെ വെള്ളക്കാര്‍ക്കു വേറെ, കറുത്തവര്‍ക്കുവേറെ. 'വെളുത്തവര്‍ക്കു മാത്രം' എന്ന ബോര്‍ഡുകള്‍ അമേരിക്കയുടെ മുഖത്തെ കറുത്ത അടയാളങ്ങളായി. ക്ലേ ഇതിന്റെ യാതനകള്‍ ഏറെ ഏറ്റുവാങ്ങി.

ഒരിക്കല്‍, ഹോട്ടലില്‍ ഭക്ഷണത്തിനായി കയറിയ ക്ലേ കാഷ്യസ് എന്ന ഒളിമ്പിക് മെഡല്‍ ജേതാവിനെ ജീവനക്കാര്‍ ഇറക്കിവിട്ടു. ''കറുത്തവര്‍ക്ക് ഇവിടെ ഭക്ഷണമില്ല'' എന്നായിരുന്നു വിശദീകരണം.

ആ നിമിഷം ഒന്നുറപ്പിച്ചു ക്ലേ കാഷ്യസ്. തന്നെ നിറഞ്ഞ അപമാനമായി കാണുന്നവര്‍ തന്റെ ഒളിമ്പിക് സ്വര്‍ണത്തിന്റെ പേരില്‍ അഭിമാനം കൊള്ളേണ്ട. ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ താന്‍ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങിയ ഒളിമ്പിക് സ്വര്‍ണപ്പതക്കം ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു ക്ലേ കാഷ്യസ്.

എതിരാളിയുടെ മുഖത്തല്ല, കറുത്തവനെ വെറുക്കുന്ന വെളുത്തവന്റെ നെഞ്ചിന്‍ കൂട്ടിലാണ് താന്‍ ഇടിക്കേണ്ടതെന്ന് അന്ന് അവന്‍ ഉറപ്പിച്ചു. ആ തീരുമാനമാണ് 1964ല്‍ ക്ലേ കാഷ്യസിനെ മുഹമ്മദലിയാക്കിയത്.

ജീവിതരേഖ

കാഷ്യസ് മാര്‍സിലസ് ക്ലേ സീനിയറിന്റെയും ഒഡേറ്റ ലീ ഗ്രാഡിയുടെയും മകനായി 1942 ജനുവരി 17ന് കെന്റക്കിയിലാണ് ക്ലേയുടെ ജനനം. കറുത്ത വര്‍ഗക്കാരനായ പിതാവ് ബോര്‍ഡെഴുത്തുകാരനായിരുന്നു. ബാലനായിരിക്കെ ഒരു പ്രദര്‍ശനം കാണാന്‍ കൊളംബിയയിലേക്ക് സൈക്കിളില്‍ പോയി. മടങ്ങാന്‍ നേരം സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. പരാതിയുമായി എത്തിയത് പോലീസുകാരനും ജിംനേഷ്യം നടത്തിപ്പുകാരനുമായ ജോ മാര്‍ട്ടിന്റെ അടുത്ത്.

ജോ അവനെ ബോക്‌സിങ്ങ് പരിശീലിക്കാന്‍ പ്രേരിപ്പിച്ചു. അവനത് സ്വീകരിച്ചു. രണ്ടുമാസം കൊണ്ട് തന്നെ ക്ലേ ആദ്യജയം നേടിയപ്പോള്‍ ജോ ഒന്നുറപ്പിച്ചു-ഇവന്‍ മഹാനാകും.

ജോ മാര്‍ട്ടിനും ക്ലേ കാഷ്യസും മുഴുസമയവും റിങ്ങില്‍ ചെലവിട്ടപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. അഞ്ചുവര്‍ഷംകൊണ്ട് ആ കറുത്ത പയ്യന്‍ വാരിക്കൂട്ടിയത് 108 അമേച്വര്‍ ബോക്‌സിങ് കിരീടങ്ങള്‍. 18-ാം വയസ്സില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡലും അമേരിക്കയിലെത്തിച്ചു. പിന്നെ, ഇടിക്കൂട്ടിലെ ഇതിഹാസമായി അവന്‍ ലോക  ഹെവി വെയ്റ്റ് ബോക്‌സിങ്ങ് റിങ്ങിലെ അജയ്യനായി വര്‍ഷങ്ങളോളം വാണു.

1960ലെ ട്യൂമെ ഹുസാക്കറെ ചേര്‍ത്തിയടിച്ച് പ്രൊഫഷണല്‍ ബോക്‌സിങില്‍ അരങ്ങേറ്റം കുറിച്ചു. വര്‍ണവിവേചനത്തിന്റെ വേദന മനസ്സില്‍ കൊണ്ടുനടന്ന ക്ലേ 1962ല്‍ മാല്‍ക്കം എക്‌സിനെ കണ്ടുമുട്ടി. 'നാഷന്‍ ഓഫ് ഇസ്‌ലാം' എന്ന മത-രാഷ്ട്രീയ സംഘടനയുടെ നേതാവായ മാല്‍ക്കം എക്‌സ് ക്ലേയെ വിവേചനങ്ങളില്ലാത്ത, സമത്വത്തിന്റെ ഇസ്‌ലാമിക വിഹായസ്സിലേക്ക് ക്ഷണിച്ചു. മുറിപ്പെട്ട ആ കറുത്ത ഹൃദയം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു; തികച്ചും രഹസ്യമായി.

കാരണമുണ്ട്. 1964 ഫെബ്രുവരി 25ന് മിയാമി ബീച്ചിലൊരുങ്ങുന്ന ഇടിക്കൂട്ടില്‍ വെച്ച് ക്ലേക്ക് ലോക ഹെവിവെയ്റ്റ് ജേതാവ് സോണിലിസ്റ്റണെ നേരിടേണ്ടതുണ്ടായിരുന്നു. ചരിത്രപോരോട്ടത്തില്‍ ക്ലേ കാഷ്യസ് ലോകചാമ്പ്യനെ ഇടിച്ചുവീഴ്ത്തി. ബോക്‌സിങ് കൂട്ടിലെ രാജാവായി. ചാമ്പ്യന്‍ പദവിയില്‍ വിരാജിക്കവെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി, രണ്ടു വര്‍ഷമായി താന്‍ കൊണ്ടുനടന്ന രഹസ്യം ക്ലേ ഉറക്കെപ്പറഞ്ഞു.

ക്ലേ കാഷ്യസ് മാര്‍സിലസ് എന്ന അടിമപ്പേര് ഞാന്‍ ഉപേക്ഷിക്കുന്നു. ഇനി ഞാന്‍ മുഹമ്മദലിയാണ്.

Feedback