Skip to main content

ഇസ്‌ലാമിക ജീവിതവും പോരാട്ടവും (2-2)

22-ാം വയസ്സിലായിരുന്നു മുഹമ്മദലിയുടെ ഇസ്‌ലാം പ്രഖ്യാപനം. പിന്നീടങ്ങോട്ട് ബോക്‌സിങും വര്‍ണവിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു കൊണ്ടുപോയി. ഇതിനിടെയാണ് 1967ല്‍ അമേരിക്ക-വിയറ്റ്‌നാം യുദ്ധം വന്നുചാടിയത്. യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമായ അമേരിക്കയില്‍ വിയറ്റ്‌നാമിനെതിരായ യുദ്ധഭൂമിയിലേക്ക് മുഹമ്മദലിയും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഭരണകൂടത്തെ ഞെട്ടിച്ച് മുഹമ്മദലി ക്ഷണം തള്ളി.

എന്റെ ശത്രുക്കള്‍ വെള്ളക്കാര്‍ മാത്രമാണ്. വിയറ്റ്‌നാമികളോ ജാപ്പാനികളോ ചൈനക്കാരോ അല്ല. പാവങ്ങളും വിശക്കുന്നവരുമായ എന്റെ സഹോദരങ്ങളെ ശക്തരായ അമേരിക്കക്കുവേണ്ടി വെടിവെച്ചുകൊല്ലാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കിലും ഞാനെന്തിന് ആ പാവങ്ങളെ കൊല്ലണം? അവരെന്നെ കറുത്തവനെന്ന് വിളിച്ചിട്ടില്ല എന്നെ ആട്ടിയകറ്റിയിട്ടുമില്ല. മുഹമ്മദലിയുടെ വാക്കുകള്‍ അധികൃതരെ ചൊടിപ്പിച്ചു.

നടപടി പെട്ടെന്നായിരുന്നു. ചാമ്പ്യന്‍ പദവികള്‍ തിരിച്ചെടുത്തു. ബോക്‌സിങ് ലൈസന്‍സ് റദ്ദാക്കി. അഞ്ചുവര്‍ഷത്തെ ജയില്‍വാസവും 10,000 ഡോളര്‍ പിഴയും വിധിക്കപ്പെട്ടു. 

മുഹമ്മദലിയുടെ വാക്കുകള്‍ ലോകം ഏറ്റെടുത്തു. അമേരിക്കയിലെ യുവാക്കളും പിന്തുണയുമായി തെരുവിലിറങ്ങി. അപ്പീലില്‍ പോയ മുഹമ്മദലിക്ക് ശിക്ഷാ ഇളവ് നല്‍കി. തിരിച്ചെടുത്തവയെല്ലാം മടക്കി നല്‍കുകയും ചെയ്തു.

1970ല്‍ വീണ്ടും റിങിലെത്തി അദ്ദേഹം. ആഗസ്റ്റ് 11ന് ജെറി ക്വാറിയെ പരാജയപ്പെടുത്തി. എന്നാല്‍ 'നൂറ്റാണ്ടിലെ പോരാട്ടം' എന്ന പേരില്‍ 1971 മാര്‍ച്ച് 8ന് ജോ ഫ്രേസിയറുമായി നടന്ന ഇടിമത്സരത്തില്‍ ആദ്യമായി മുഹമ്മദലി വീണു. ജയിലില്‍ കിടക്കവെയായിരുന്നു ഈ മത്സരം.

മോചിതനായ അലി, 1974 ജനുവരി 23ന് മാഡിസണ്‍ ചത്വരത്തില്‍ വെച്ച് ജോ പ്രേസിയറെ വീണ്ടും നേരിട്ടു. ജീവിതത്തിലെ ആദ്യ വീഴ്ചക്ക് മധുരമായി അന്ന് അലി പകരം വീട്ടി. പിന്നീട് ലോകപട്ടത്തിന് തടസ്സമായി അലിക്കു മുമ്പുണ്ടായിരുന്നത് ജോര്‍ജ് ഫോര്‍മാനായിരുന്നു. 1974 ഒക്‌ടോബര്‍ 30ന് കരുത്തനായ ഫോര്‍മാന്‍ അലിയുടെ പഞ്ചുകള്‍ക്കുമുന്നില്‍ മുഖംകുത്തി വീണു. 32-ാം വയസ്സില്‍ അലി രണ്ടാമതും ലോകചാമ്പ്യനായി.

1978ല്‍ ലാസ് വിഗാസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ലിയോണ്‍ സ്പിങ്ങ്ക്‌സിനെ ഇടിച്ചിട്ട് മൂന്നാമതും ലോകകിരീടം സ്വന്തമാക്കിയ അലി, പിന്നീട് പുതുമുഖങ്ങള്‍ക്കു മുന്നില്‍ പതറിത്തുടങ്ങി. 1980 ഓടെ റിങ് ജീവിതം അവസാനിപ്പിച്ചു.

വര്‍ണവിവേചനത്തിന് ഇസ്‌ലാം കൊണ്ട് മറുപടി പറഞ്ഞ മുഹമ്മദലി ശിഷ്ടകാലം മത-രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്നു. 1972ല്‍ ആദ്യഹജ്ജും 1988ല്‍ രണ്ടാമത്തെ ഹജ്ജും നിര്‍വഹിച്ചു. ആദ്യ ഹജ്ജ് അലിയെ ഇസ്‌ലാമിന്റെ സാര്‍വലൗകിക സമത്വവും സാഹോദര്യവും ബോധ്യപ്പെടുത്തി.

2001 സെപ്തംബറിലെ അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ''ഇസ്‌ലാം സമാധാനത്തിന്റെ മതം, ഭീകരവാദം അതിന്റെ സന്തതിയല്ല'' എന്ന പ്രചാരണവുമായി അലി രാജ്യം ചുറ്റി. ഇസ്‌ലാമിനെ അടുത്തറിയാന്‍ അമേരിക്കയിലെ രാഷ്ട്രീയനേതാക്കള്‍ തയ്യാറാവണമെന്നും അലി ആഹ്വാനം ചെയ്തു.

അലി അധികാരത്തിനുവേണ്ടിയല്ല രാഷ്ട്രീയത്തിലിറങ്ങിയത്. അമേരിക്കന്‍ വ്യവസ്ഥിതികളെ മാറ്റിപ്പണിയാനായിരുന്നു. എന്റെ മെഡല്‍ നിങ്ങള്‍ക്കുവേണം, എന്നാല്‍ എന്റെ നിറത്തെ നിങ്ങള്‍ വെറുക്കുന്നു എന്ന അലിയുടെ പ്രഖ്യാപനം വ്യവസ്ഥിതിയോടുള്ള കലഹമായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെയും അലി കടന്നാക്രമിച്ചിരുന്നു.

ലബനാനിലെയും ഇറാഖിലെയും അമേരിക്കന്‍ ബന്ദികളുടെ മോചനത്തിനും അദ്ദേഹം രംഗത്തിറങ്ങി. 1996ലെ അത്‌ലാന്റാ ഒളിംപിക് മേളയുടെ ദീപം കൊളുത്താന്‍ നിയോഗിക്കപ്പെട്ടതോടെ വിവേചനം മുറിപ്പെടുത്തിയ അലിയുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞുകാണും.

അലി ഒരു ഗായകന്‍ കൂടിയായിരുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

നാലു ഭാര്യമാരിലായി ഒമ്പത് മക്കളുണ്ട് അലിക്ക്. മകള്‍ ലൈല അലി പിതാവിന്റെ വഴിയിലി റങ്ങി ബോക്‌സിങ് താരമായി.

സുവര്‍ണ കൈയുറ ധരിച്ച് ഇടിക്കൂട്ടിലെ ഇതിഹാസമായി രണ്ടു പതിറ്റാണ്ട് വാണ ആ മഹദ് ജീവിതം 2016 ജൂണ്‍ 3ന് ഓര്‍മയായി.
 

Feedback