Skip to main content

യൂസുഫുല്‍ ഇസ്‌ലാം/ കാറ്റ് സ്റ്റീവന്‍സ് (1-2)

ഗിറ്റാറും പിയാനോയും കളിപ്പാട്ടമാക്കി പിച്ചവെച്ച ആ ഇംഗ്ലീഷ് ബാലന്‍ പബ്ബിലും കോഫി ഹൗസിലും സംഗീത സായാഹ്നങ്ങളെ സാന്ദ്രമാക്കിക്കൊണ്ടിരുന്നു. ഇരുപത് പിന്നിട്ട് യൗവനം തിളച്ചു തുടങ്ങിയപ്പോള്‍ അവന്‍ തീര്‍ത്ത സംഗീത ലഹരിയില്‍ പാശ്ചാത്യ യൗവനങ്ങള്‍ തെരുവ് നൃത്തം ചവിട്ടി. മെല്ലെ മെല്ലെ പോപ്പ് സംഗീതലോകം സ്റ്റീവന്‍സിന്റെ വിരല്‍ തുമ്പുകളുടെ ദ്രുതചലനത്തില്‍ മയങ്ങി. വിശ്വപ്രസിദ്ധമായ ആല്‍ബങ്ങളിലൂടെ അവന്‍ പോപ്പ് സംഗീതലോകത്തെ അടക്കിവാണു. 1970കളില്‍ കാറ്റ് സ്റ്റീവന്‍സ് ലോകത്തിന്റെ വാനമ്പാടി യായി.

ഇതിനിടെ ഒരിക്കല്‍ മെറോക്കോയിലെ മറാക്കഷില്‍ ഒരവധി ദിനം ചെലവിടാനെത്തി. കാറ്റ് ആഘോഷത്തിമര്‍പ്പിലലിയവെ, ജീവിതത്തിലാദ്യമായി അദ്ദേഹം ബാങ്ക് വിളി കേട്ടു. അന്തരീക്ഷത്തിലുയര്‍ന്നുകേട്ട ആ നാദവിസ്മയം ഒരു നിമിഷം അദ്ദേഹത്തെ പുളകിതനാക്കി.

''എന്താണാ ശബ്ദം?'' അദ്ദേഹം ചോദിച്ചു.

''ദൈവിക സംഗീതമാ(Music of God)ണത്'' എന്നാണ് മറുപടി കിട്ടിയത്. പണത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും സംഗീതങ്ങള്‍ കേട്ട കാറ്റിനെ ആ 'ദൈവത്തിന്റെ സംഗീതം' വല്ലാതെ ആകര്‍ഷിച്ചു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയ കടല്‍ത്തീരത്ത് ഉല്ലാസത്തിരക്കിലായിരുന്നു അന്നദ്ദേഹം. കടലിലിറങ്ങിയ സ്റ്റീവര്‍സിനെ പെട്ടെന്ന് തിരയെടുത്തു. ജീവിതത്തിലാദ്യമായി അന്നദ്ദേഹം ദൈവത്തെ വിളിച്ചു സഹായം തേടി.

'Oh, God, If you save me, I will work for you' ആ വിളി ദൈവം കേട്ടു. അടുത്ത തിരമാലയില്‍ സ്റ്റീവന്‍സ് തീരത്ത് തിരിച്ചെത്തി.

തുടര്‍ന്ന് ആത്മീയാന്വേഷണത്തിന്റെ തീരങ്ങളില്‍ ആ സംഗീത പ്രതിഭ അലയാന്‍ തുടങ്ങി. ബുദ്ധനും സെന്നും ഐ ചിങ്ങും സ്റ്റീവന്‍സിനെ തൃപ്തനാക്കിയില്ല. അന്വേഷണം മുറുകവെ ജൂതനായ സഹോദരന്‍ ഡേവിഡ് ഗോര്‍ഡന്‍ കാറ്റിന് ഒരു ജന്‍മദിന സമ്മാനം നല്കി-വിശുദ്ധ ഖുര്‍ആന്‍!

ഖുര്‍ആന്‍ വായനയില്‍ കാറ്റിന്റെ ഹൃദയത്തെ പിടിച്ചുവെച്ചത് പ്രവാചകന്‍ യൂസുഫിന്റെ കഥയാണ്. ആ വരികള്‍ അദ്ദേഹത്തിന്റെ സത്യാന്വേഷണത്തെ സഫലമാക്കി. 1977 ഡിസംബര്‍ 23ന് പോപ്പ്‌സംഗീത വിസ്മയം അതേ യൂസുഫിന്റെ പേര് സ്വീകരിച്ചു. കാറ്റ് സ്റ്റീവന്‍സ്, സ്റ്റീവ് ആഡംസ് എന്നീ പേരുകള്‍ അന്നുമുതല്‍ യൂസുഫുല്‍ ഇസ്‌ലാം ആയി.

Feedback