Skip to main content

ജീവിത രേഖ (2-2)

1948 ജുലൈ 21ന് ലണ്ടനിലെ മെറിലയോണിലാണ് സ്റ്റീവന്‍ ജോര്‍ജിയോ ജനിച്ചത്. പിതാവ് ഹോട്ടല്‍ നടത്തിപ്പുകാരനായ സ്റ്റാവ്‌റോസ് ജോര്‍ജിയോ. മാതാവ് സ്വിഡീഷുകാരി ഇന്‍ഗ്രിഡ് വിക്മന്‍. ഒരു സഹോദരനും ഒരു സഹോദരിയും. സ്റ്റീവന്‍സിന് എട്ടുവയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.

ക്രൈസ്തവകുടംബത്തില്‍ പിറന്ന സ്റ്റീവന്‍സ് മക്‌ലൈനിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് പ്രാഥമിക പഠനത്തിനായി ചേര്‍ന്നത്. എന്നാല്‍ പിയാനോയും ഗിതാറുമായിരുന്നു അവന്റെ കൈകളില്‍. അല്പകാലം അമ്മയുടെ കൂടെ നിന്നപ്പോള്‍ സ്വീഡനിലും പഠിച്ചു. അവിടെ വെച്ചാണ് പെയിന്ററായ അമ്മാവനില്‍ നിന്ന് ചിത്രകല പഠിച്ചത്. ഹമ്മര്‍സ്മിത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചേര്‍ന്ന് കാര്‍ട്ടൂണും പഠിച്ചു.

എന്നാല്‍ സംഗീതത്തെ വല്ലാതെ കാമിച്ച സ്റ്റീവന്‍സ് തന്റെ ജീവിതമേഖല അതുതന്നെയെന്ന് തീര്‍ച്ചപ്പെടുത്തി. ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി അദ്ദേഹം പുറത്തിറക്കിയ ആല്‍ബങ്ങള്‍ ഓരോന്നും റിക്കാര്‍ഡുകള്‍ ഭേദിച്ച് വിറ്റഴിക്കപ്പെട്ടു. ടി ഫോര്‍ ദ ടില്ലര്‍ മാന്‍, ടീസര്‍ ആന്‍ഡ് ദ ഫയര്‍ കാറ്റ്, കാച്ച് ബുള്‍ അറ്റ് ഫോര്‍,  ദ ഫസ്‌ററ് കട്ട് ഈസ് ദ ഡീപ്പസ്റ്റ് എന്നീ ആല്‍ബങ്ങള്‍ അമേരിക്കയിലും ബ്രിട്ടണിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അറുപത് മില്യണ്‍ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. പോപ്പ്, റോക്ക് സംഗീതത്തിന്റെ നെറുകയില്‍ സ്റ്റീവന്‍സ് പ്രതിഷ്ഠിക്കപ്പെട്ടു.

പാശ്ചാത്യലോകത്ത് നൂറുക്കണക്കിന് വേദികളില്‍ കാറ്റ് സ്റ്റീവന്‍സ് സംഗീതത്തിന്റെ ഇന്ദ്രജാലങ്ങള്‍ ഒരുക്കി. 1970, 71 കാലത്ത് അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഫാദര്‍ ആന്‍ഡ് സണ്‍, വൈന്‍ഡ് വേള്‍ഡ്, പീസ് ട്രൈന്‍, മൂണ്‍ ഷാഡോ, മോണിങ് ഹാസ് ബ്രോക്കര്‍ എന്നീ ആല്‍ബങ്ങള്‍ ലോക ഹിറ്റുകളായി.

ജനകോടികളുടെ ആരാധനാപാത്രമായി വാഴുമ്പോഴാണ് ആത്മീയതയും അതുവഴി ഇസ്‌ലാമും സ്റ്റീവന്‍സിന്റെ ജീവിതവഴിയെ തിരിച്ചുവിടുന്നത്. 1978 മുതല്‍ അദ്ദേഹം യൂസുഫ് ഇസ്‌ലാമായി പുതിയ മനുഷ്യനായി. 30-ാം വയസ്സിലായിരുന്നു ഈ മടക്കം. 1979 സെപ്തംബറില്‍ ഫൗസിയ മുബാറക് അലിയെ ജീവിതസഖിയാക്കി. നവംബറില്‍ കുട്ടികളുടെ ക്ഷേമം ലക്ഷ്യം വെച്ച് യൂനിസെഫിനുവേണ്ടി ലണ്ടനിലെ വെബ്‌ളി പാര്‍ക്കില്‍ നടത്തിയ സംഗീത വിരുന്നോടെ താത്ക്കാലികമായി സംഗീതലോകത്തുനിന്ന് അദ്ദേഹം മാറിനിന്നു.

മത-ജീവകാരുണ്യരംഗത്ത്

പോപ്പ് സംഗീതത്തോടുള്ള ഇസ്‌ലാമിന്റെ വീക്ഷണം കാരണം അദ്ദേഹം മുപ്പതുവര്‍ഷക്കാലം അതില്‍ നിന്നു വിട്ടുനിന്നു. സംഗീതം ഖുര്‍ആന്‍ നിഷിദ്ധമാക്കിയിട്ടില്ലെന്നും ആവിഷ്‌കാരമെന്ന നിലയില്‍ ധാര്‍മികതയ്ക്ക് നിരക്കുന്ന അനുവദനീയ സംഗീതസപര്യയുമായി മുന്നോട്ടുപോവാമെന്നും പണ്ഡിതര്‍ അദ്ദേഹത്തിന് ഉപദേശം നല്‍കി. എന്നാല്‍ മതപ്രബോധന-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്ത് സജീവമാവുകയാണ് അദ്ദേഹം ചെയ്തത്.

ബ്രിട്ടനില്‍ ഇസ്‌ലാമിക പഠനത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചും ക്ഷേമപ്രവര്‍ത്തനങ്ങ ള്‍ക്കായി മുന്നിട്ടിറങ്ങിയും യൂസുഫ് കര്‍മനിരതരനായി. ആഫ്രിക്ക, ഇറാഖ്, ഇന്തോനേഷ്യ, ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അനാഥക്കുട്ടികളെ സേവിക്കാന്‍ മുന്നിട്ടിറങ്ങി.

സംഗീതത്തിന് നശീദ, ഹംദ് (സ്തുതി കീര്‍ത്തനം) എന്നീ തലങ്ങള്‍ നല്‍കിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 2005 ഏപ്രില്‍ 5ന് അബൂദബിയില്‍ അദ്ദേഹം പ്രവാചകാനുസ്മരണ കീര്‍ത്തനങ്ങള്‍ പാടി (https://www.youtube.com/watch?v=epyEkbiVnCs). 2009ല്‍ ഹൂട്ട്‌സ് ആന്‍ഡ് സിന്‍ഡ് എന്ന ആല്‍ബവും പുറത്തിറക്കി. അതിന് മുമ്പും പല വേദികളിലും അദ്ദേഹം പാടി. എല്ലാം തന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്  ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയായിരുന്നു. ആദ്യകാലത്ത് പുറത്തിറക്കിയ ആല്‍ബങ്ങള്‍ വഴി ലഭിക്കുന്ന മില്യന്‍ കണക്കിന് റോയല്‍റ്റിയും ഈ രംഗത്തു തന്നെ അദ്ദേഹം ചെലവഴിക്കുന്നു.

സംഗീത-ജീവകാരുണ്യ-മത-വിദ്യാഭ്യാസ രംഗങ്ങളിലെ മാതൃക സേവനങ്ങള്‍ക്ക് മുപ്പതോളം അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ യൂസുഫുല്‍ ഇസ്‌ലാം സകുടുംബം ലണ്ടനില്‍ താമസിക്കുന്നു.


 

Feedback