Skip to main content

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം

(അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍)

മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം അനിര്‍വചനീയമാണ്. എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കപ്പുറം ചില ആളുകള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ അപൂര്‍ണതയുള്ളതായി കാണാം. അവര്‍ക്ക് ആ രംഗത്ത് കഴിവുകള്‍ക്ക് പരിമിതി കാണും. ഇത്തരം ആളുകള്‍ വികലാംഗര്‍ എന്നു പറഞ്ഞ് സമൂഹത്തില്‍ നിന്ന് മാറി നിൽക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ആയിരുന്നു. എന്നാല്‍ പഠന ഗവേഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു യാഥാര്‍ഥ്യമുണ്ട്. 'അംഗവൈകല്യം (Disability) ഉള്ളവര്‍ യഥാര്‍ഥത്തില്‍ ഭിന്നശേഷിയുള്ളവര്‍ (Differently abled) ആണ്. അവര്‍ സമൂഹത്തിൻറെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു കൂടാ'. ഇതായിരുന്നു ആ കണ്ടെത്തല്‍.

ഈ യഥാര്‍ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താനും ഭിന്നശേഷിക്കാരെ സമൂഹത്തോടൊപ്പം നിര്‍ത്തി സമൂഹക്ഷേമത്തിനായി യത്നിക്കാനുമായി 1992 മുതല്‍ ഡിസംബര്‍ മൂന്ന്, അന്തര്‍ദേശീയ ഭിന്നശേഷി ദിനമായി ആചരിച്ചു വരുന്നു.

ഭിന്നശേഷിക്കാരെ ഓര്‍ക്കുവാനും അവരുടെ  പരിമിതികളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ചിന്തിക്കുവാനും പ്രായോഗിക തലത്തില്‍ അതിന് പരിഹാരം കാണുവാനും ലോകം നീക്കിവെച്ച ദിനമാണ് ഡിസംബര്‍ 3. അതായത് ലോക ഭിന്നശേഷിദിനം. 

ശാരീരികമോ ബുദ്ധിപരമോ സംവേദന പരമോ ആയ പരിമിതികള്‍ വിവിധ പ്രതിബന്ധങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കാരണം മറ്റുള്ളവര്‍ക്കൊപ്പം തുല്യ അളവില്‍  സമൂഹത്തില്‍ പൂര്‍ണ്ണമായും ഗുണപരമായും ഫലപ്രദമായും ഇടപെടല്‍ നടത്താന്‍ കഴിയാത്ത അവസ്ഥ എന്നാണ് UNCRPD ( United Nation Convention for the Right of Person with Disability) എന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍  ഭിന്നശേഷിയെ നിര്‍വചിക്കുന്നത്. 

ഇന്ത്യയില്‍ പൊതുമേഖലാ തൊഴില്‍ രംഗത്ത് ഒരു ശതമാനം മാത്രമാണ് ഭിന്നശേഷി പങ്കാളിത്തം. നാലുശതമാനം സംവരണം നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ. സ്വകാര്യ തൊഴില്‍ രംഗത്തും ഭിന്നശേഷി പ്രതിനിധ്യം  വളരെ കുറവാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാലു ശതമാനം സവരണം നടപ്പിലാക്കണമെന്ന് ഗവര്‍മെന്‍റ് ഉത്തരവു കോടതി വിധികളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സങ്കടകരമായ ഒരു വസ്തുത ഇവിടെയും ഭിന്നശേഷിക്കാര്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നതാണ്.

വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുവരുമ്പോള്‍ അവരെ കൂടെ നിര്‍ത്താന്‍ സമൂഹം തയ്യാറാവണം. സഹതാപമല്ല അഭിമാനകരമായ നിലനില്‍പ്പാണ് ഭിന്നശേഷിക്കാര്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗതാഗത-വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ ഇവയെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാവേണ്ടതുണ്ട്. വൈറ്റ് കെയിന്‍ ലോ  നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്‍റുകള്‍ തയ്യാറാവണം. വികസന പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഗവണ്മെന്‍റ് ഉറപ്പുവരുത്തണം . പരിമിതികള്‍ക്കപ്പുറം ഇവരുടെ കഴിവുകള്‍ കണ്ടെത്തി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

ഭിന്ന ശേഷി ദിനാചരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പതിവായി നടക്കുന്നുണ്ടെങ്കിലും അവര്‍ ഇപ്പോഴും ശാരീരികവും മാനസികവുമായ പരിമിതികള്‍ മൂലം സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്നു.

ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുവാന്‍  കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അനേകം പദ്ധതികളും സേവനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികളും സേവനങ്ങളും പൂര്‍ണ്ണമായും ഇവരിലേക്ക് എത്തുന്നുണ്ടോ എന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. ഇത്തരം വ്യക്തികള്‍ക്കുള്ളത് ശേഷിക്കുറവല്ല.  പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും ഭിന്നമായ ശേഷികളാണുള്ളത്.

സമൂഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരെ പിന്നില്‍ ഉപേക്ഷിക്കാതെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ഈ ഭിന്ന ശേഷി ദിനം ഓര്‍മപ്പെടുത്തുന്നു.

Feedback
  • Sunday May 5, 2024
  • Shawwal 26 1445