Skip to main content
gh

ജീവിതശൈലീ മാറ്റത്തിന് പറ്റിയ കാലം - ഡോ. സുല്‍ഫിക്കര്‍ അലി

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍തന്നെ, ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചുണ്ടിക്കാട്ടിയ വളരെ പ്രധാനപ്പെട്ട വിഷയം ശ്രദ്ധേയമായിരുന്നു.

എന്നാല്‍ മഹാമാരിയുടെ കണക്കുകളും ദുരനുഭവങ്ങളും ഭീകരതയും മനസ്സില്‍ കോറിയിട്ട സമയത്ത് ഈ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി.  കൊറോണ അണുബാധ പല വ്യക്തികളിലും പല തരതിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഗുരുതരമായ അസുഖം ഉണ്ടാകുന്നത് പ്രത്യേകതരം ആളുകളില്‍ ആണെന്ന് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ എന്നറിയപ്പെടുന്ന പ്രമേഹം രക്താതിസമ്മര്‍ദ്ദം, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ് തുടങ്ങിയ രോഗങ്ങള്‍ ഉള്ള ആളുകളില്‍ കൊറോണാവൈറസ് ആഘാതം വളരെ വലുതാണെന്നും അവരില്‍ മിക്കവരും ഗുരുതരമായ രോഗത്തിന് അടിമപ്പെടുന്നു മരണ നിരക്ക് അത്തരക്കാരില്‍ ഉയര്‍ന്നുവരുന്നു എന്നും തുടക്കത്തില്‍ കണ്ടെത്തിയിരുന്നു. ശരീരഭാരം നിയന്ത്രിക്കുക, ഭക്ഷണത്തിന് അളവ് ക്രമീകരിക്കുക, വ്യായാമം, സംഘര്‍ഷ രഹിത ജീവിതം, നല്ല ഉറക്കം തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോവിഡിന്‍റെ തുടക്കത്തില്‍തന്നെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് നിയന്ത്രണവിധേയമാകും എന്ന് തെറ്റിദ്ധരിച്ച ചില ഡോക്ടര്‍മാര്‍ തന്നെ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് മുന്‍ഗണനാക്രമം ഇപ്പോഴല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍ നിലവിലുള്ള സാഹചര്യം കൊറോണ രോഗം അടുത്തകാലത്തൊന്നും ലോകം വിട്ടു പോകില്ലെന്നും വരുന്ന കുറെ വര്‍ഷങ്ങള്‍ ഇതിന്‍റെ പിടിയില്‍ ആകാനുള്ള സാധ്യതകളാണുള്ളത് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങളുമായി എങ്ങനെ രാജി ആകാം എന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണ്. ശരീരത്തെയും മനസ്സിനെയും നിയന്ത്രണം ലക്ഷ്യംവച്ചുകൊണ്ടുള്ള റമദാന്‍ മാസം, അതോടൊപ്പം തന്നെ കോവിഡ് മഹാമാരിയോട് ബന്ധപ്പെട്ടുകൊണ്ട് ഔദ്യോഗികവും അല്ലാത്തതുമായ ലോക്ക് ഡൗണ്‍കള്‍ ജീവിതശൈലി രോഗങ്ങളുടെ അതിപ്രസരം തടയാന്‍ പര്യാപ്തമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. സാധാരണ ജീവിതത്തിലെ ഭക്ഷണക്രമം ഭക്ഷണത്തിന്‍റെ സമയം, രീതികള്‍ എന്നിവയെല്ലാം നോമ്പുകാലത്ത് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള ഏറ്റവും നല്ല സീസണും റമദാന്‍ മാസം തന്നെയാണ്. 

മലയാളികള്‍ക്കിടയില്‍ ജീവിതശൈലി രോഗങ്ങളുടെ എണ്ണം കൂടാന്‍ ഉണ്ടായ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അമിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ കൂടുതലായി വരുന്നു എന്നതാണ്. അന്നജം എന്നറിയപ്പെടുന്ന അരിയാഹാരം ഗോതമ്പ് പഞ്ചസാര ധാന്യങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ മലയാളികളുടെ ഭക്ഷണത്തില്‍ ഏറെ കൂടുതലായി കാണുന്ന കാര്യമാണ്. സാധാരണ സമീകൃതാഹാരം എന്ന പദ്ധതിയിലൂടെ ഒരാള്‍ക്ക് ആവശ്യമുള്ള ഭക്ഷണത്തിന്‍റെ മുപ്പതോ 40 ശതമാനം മാത്രമേ അന്നജത്തില്‍ നിന്ന് വരാന്‍ പാടുള്ളൂ എന്നിരിക്കെ മലയാളികളില്‍ മഹാ ഭൂരിപക്ഷം ആളുകളും 80 ശതമാനത്തിലധികം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് സ്ഥിരമായി കഴിക്കുന്നത് എന്ന് തന്നെ മനസ്സിലാക്കാം. അമിതമായി കഴിക്കുന്ന അന്നജം കൊഴുപ്പ് ആയി കൊണ്ട് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭരിക്കാന്‍ ശ്രമിക്കുന്നു പ്രത്യേകിച്ച് കരള്‍, മാംസം, തൊലിക്കടിയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ ശരീരം അത് സംഭരിക്കുകയും പിന്നീട് ഈ സംഭരിക്കപ്പെടുന്ന കൊഴുപ്പുകള്‍ അമിതവണ്ണംആയും അജീര്‍ണ്ണം ആയും ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നു അത് ഹൃദയ ധമനികളില്‍ അടിഞ്ഞുകൂടി തടസ്സം ഉണ്ടാകുമ്പോള്‍ നാമതിനെ ഹൃദയസ്തംഭനം എന്ന് വിളിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടി തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നാമതിനെ സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്കാഘാതം എന്ന് വിളിക്കുന്നു. കരളിലും വൃക്കയിലും ഒക്കെ അടിഞ്ഞുകൂടുന്ന സജ്ജീകരണങ്ങള്‍ പിന്നീട് അത് അവയവങ്ങളില്‍ ഫെയിലറുകളായിക്കൊണ്ട് അതിന്‍റെ പ്രവര്‍ത്തനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു. നേരിട്ട് കഴിക്കുന്ന കൊഴുപ്പിനേക്കാള്‍ അപകടകാരികളാണ് ഭക്ഷണത്തിലെ അന്നജം വഴി സ്വയം രൂപപ്പെട്ടുവരുന്ന കൊഴുപ്പുകള്‍ എന്നുള്ള പുതിയ പഠനങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. കൂടുതല്‍ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പരിശീലിക്കുന്ന അവര്‍പോലും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നതുതന്നെ ഈ രംഗത്തെ ജാഗ്രത കുറവാണ് സൂചിപ്പിക്കുന്നത്.

ഒരു സാധാരണ വ്യക്തിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ആവശ്യം 2500 കിലോ കാലറി മാത്രമാണ്. ഖേദകരമെന്നു പറയട്ടെ മലയാളിയുടെ സാധാരണ ജീവിതത്തില്‍ ഒരു ദിവസം ഭക്ഷണമായി ഉപയോഗിക്കുന്നത് ഏതാണ്ട് ആറായിരത്തോളം കിലോ കാലറി ആണ് എന്നത് ഗൗരവത്തോടെ കാണേണ്ട പ്രശ്നമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കേണ്ട ഭക്ഷണങ്ങള്‍ അമിതം ആകുകയും രണ്ടിരട്ടിയില്‍ അധികമാകുകയും ചെയ്യുമ്പോള്‍ അത് ശരീര പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പിന്നീട് അമിതമായ പ്രവര്‍ത്തനങ്ങളുടെയും കാരണമായി മാറുന്നു. ഒന്നുകില്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൃത്യമായി നിയന്ത്രിക്കുക അല്ലെങ്കില്‍ കഴിച്ച് ഭക്ഷണത്തിന് അമിതമായ ഊര്‍ജ്ജം വ്യായാമത്തിലൂടെ ജോലിയിലൂടെയോ വിയര്‍ക്കുന്ന തൊഴിലിലൂടെയോ ഉപയോഗിച്ചു തീര്‍ക്കുക ഇതു രണ്ടുമല്ലാത്ത അവസ്ഥ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വേണ്ട വ്യായാമം ചെയ്യാതിരിക്കുക, കൂടുതല്‍ ഉറങ്ങുക മുതലായവയൊക്കെ ശരീരത്തിലെ ഭക്ഷണക്രമത്തില്‍ ഉപയോഗിക്കാതെ പോകുന്ന ഊര്‍ജ്ജം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് മാറുകയും അതുകൊണ്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 

ഭക്ഷണത്തിന്‍റെ അളവു കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല കാലമാണ് വ്രതാനുഷ്ഠാനത്തിന് മാസമായ റമദാന്‍. മറ്റു മാസങ്ങളില്‍ നാലുനേരം അഞ്ചുനേരം ഒക്കെ കഴിച്ചിരുന്ന ഭക്ഷണം രണ്ടു നേരത്തേക്ക് ചുരുക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു സാഹചര്യം. നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും ഉള്ള രണ്ടു നേരങ്ങളില്‍ ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം കഴിച്ചു ശീലിച്ചാല്‍ ശരീരഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും പ്രത്യേകിച്ച് രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ ശീലിക്കുക എന്നുള്ളത് പരമപ്രധാനമായ ജീവിതശൈലി മാറ്റം തന്നെയാണ് അതോടൊപ്പം തന്നെ എട്ടു മണിക്കൂറില്‍ അധികം ഉള്ള നിരാഹാര രീതികള്‍ ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പുകളെയും ഉപയോഗപ്പെടുത്തി പുതുമയും ശക്തിയും നല്‍കുമെന്നത് തെളിയിക്കപ്പെട്ടതാണ്. റമദാനിലെ വ്രതാനുഷ്ഠാനം സാധാരണയായി 12 മണിക്കൂറില്‍ അധികം നിലനില്‍ക്കുന്ന അവസ്ഥയാണ് ഉള്ളത് അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ ശരീരത്തിലടിഞ്ഞുകൂടിയ ഒട്ടേറെ ആളുകളെ ശരീരം തന്നെ ഊര്‍ജ്ജത്തിനു വേണ്ടി ഉപയോഗിക്കുകയും കെട്ടിക്കിടക്കുന്ന ശാരീരിക മാലിന്യങ്ങളെയൊക്കെ ഒഴിവാക്കാനും സാധിക്കുന്നു. അര ദിവസത്തിലധികം ഉള്ള നിരാഹാരവും രണ്ടുനേരം മാത്രമുള്ള ഭക്ഷണരീതികളും അതിനെയൊക്കെ സഹിക്കാനും ക്ഷമിക്കാനും ഉള്ള മാനസികാരോഗ്യവും പ്രാധാന്യം നല്‍കുന്ന ജീവിതശൈലി രോഗങ്ങളെ വളരെ പ്രാധാന്യത്തോടെ ചെറുത്തുനില്‍ക്കാന്‍ വ്രതാനുഷ്ഠാനത്തിന് സാധിക്കുന്നത് ഇങ്ങനെ ചിന്തിക്കുമ്പോഴാണ്.
എന്നാല്‍ പലപ്പോഴും പ്രയോഗതലത്തില്‍ നടക്കുന്നത് നേരെ വിഭിന്നമാണ് പകല്‍സമയങ്ങളില്‍ ഉറങ്ങി അനങ്ങാതെ സമയം തള്ളി നീക്കി കൊണ്ട് രാത്രികാലങ്ങളില്‍ പുലരുവോളം ഏറെ കൊഴുപ്പുകളും കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണം വിവിധ രൂപത്തില്‍ വിവിധ ശൈലികളില്‍ കഴിച്ചു തീര്‍ക്കുന്ന രീതിയാണ് പല മുസ്‌ലിം കുടുംബങ്ങളിലും കാണപ്പെടുന്നത്. ഇതിനെ കൃത്യമായി തടയുകയും ആരോഗ്യപരമായ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണ്ണാവസരം ആയി റമദാനിലെ വ്രതാനുഷ്ഠാനം കാണാന്‍ തുടങ്ങിയാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള കേരളീയരില്‍ സംഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് നമുക്ക് ആവശ്യമുള്ളത്. അരിഭക്ഷണം അമിതമായ പഞ്ചസാര കൂടുതലുള്ള ഉപ്പിനെ അളവ് എന്നിവ നിയന്ത്രിക്കുക എന്നത് മിക്ക ജീവിതശൈലി രോഗങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമാണ്. പച്ചക്കറികളും ഇലക്കറികളും കാര്‍ബോഹൈഡ്രേറ്റ് അളവ് കുറഞ്ഞ ഭക്ഷണസാധനങ്ങളും വിവിധ സാലഡുകളും ഒക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജീവിതശൈലീ രോഗങ്ങളെ നേരിടാന്‍ ഏറെ പര്യാപ്തമാണ്. 

മാംസാഹാരത്തിൻറെ മാസമായി മാത്രം റമദാനിനെ കാണുന്ന ഒട്ടേറെ ആളുകളുണ്ട്. റമദാന്‍ മാസത്തില്‍ പച്ചക്കറികളോ മത്സ്യമോ കഴിക്കാതെ പകരം. ആട്ടിറച്ചിയും പോത്തിറച്ചിയും കോഴിയിറച്ചിയും മുട്ട പാല്‍ വിഭവങ്ങളും സമൃദ്ധമായി കഴിക്കാനുള്ള അവസരമായി റമദാനിനെ കാണുന്നവരും ധാരാളമാണ്. ഇവയ്ക്കൊപ്പം അമിതമായ അന്നജവും പഞ്ചസാരയും കൂടിച്ചേരുമ്പോള്‍ പുതിയതരം ജീവിതശൈലി രോഗങ്ങള്‍ക്കുള്ള കാരണം ആയി നമ്മുടെ റമദാന്‍ മാസം മാറുന്നു എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

അതിരാവിലെ ഉണരുക എന്ന ശീലം ശിഷ്ടം മാസങ്ങളിലും. ആവര്‍ത്തിക്കുന്നത് ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. സാധ്യമായ അവസരങ്ങളില്‍ ചെറിയ രൂപത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നത്. പല രോഗങ്ങളെയും നേരിടാന്‍ പര്യാപ്തമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ മലയാളികളെ കാര്‍ന്നു തിന്നുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ജീവിതക്രമം ചിട്ടപ്പെടുത്താനും ഉള്ള ഏറ്റവും നല്ല അവസരങ്ങളില്‍ ഒന്നായാണ് റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തേണ്ടത് അതിനനുസരിച്ച് ജീവിതക്രമം ആരോഗ്യത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത്.

ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച്  ഓണ്‍ ലൈഫ് സയന്‍സസ് (ഐ ഡി ആര്‍ എല്‍) ഇന്ത്യ ചെയര്‍മാനാണ് ലേഖകന്‍

Feedback