Skip to main content
RT

ചികിത്സയെക്കാള്‍ വലിയ സാന്ത്വനം - ഡോ: അബ്ദുല്ല മണിമ

"ജീവിക്കാന്‍ യോഗ്യമായ സ്വപ്നങ്ങളുണ്ടായിരിക്കുക, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണത്. നമ്മുടെ ഈ കാലത്ത് പോലും ചുറ്റുമുള്ള ഹിംസകളോടും ജിവിതത്തിന്‍റെ നീചമായ വൈരുദ്ധ്യങ്ങളോടും രാജിയാകാതിരിക്കുകയും സദാ ജാഗ്രത്തയായിരിക്കുകയും ഒരിക്കലും മുഖം തിരിച്ചു കളയാതിരിക്കുകയും ചെയ്യുക കൂടിയാണത്" അരുന്ധതി റോയി ഒരിക്കല്‍ എഴുതിയതാണിത്.

എന്‍റെ സുഹൃത്തുക്കളായ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരില്‍ പലരുടെയും സ്റ്റാറ്റസ് ക്യാപ്ഷനായി ഞാനീ വാചകങ്ങള്‍ പലതവണ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ നിസ്സഹായതകളുടെയും മരണത്തിന്‍റെ വിളിച്ചറിയിപ്പിന്‍റെയും പോലും മുന്നില്‍ ജീവിതത്തിന്‍റെ സാധുതയും ഗാംഭീര്യവും ഉയര്‍ത്തിപ്പിടിക്കുക എന്നതോടൊപ്പം തന്നെ ജീവിതത്തെ അതിന്‍റെ സകല പോരായ്മകളോടും കൂടി തന്നെ ജീവയോഗ്യമായി തീര്‍ക്കുകയെന്നതാണത്. ഞായറാഴ്ചപ്പതിപ്പുകളിലെ മുഖകഥകളില്‍ കാണുന്ന വീരസമരകഥകളില്‍ മാത്രമല്ല വിലപിച്ചു വിലപിച്ചു വീണുപോയവന്‍റെ കൂടി ജീവിതഗാഥയാണത്. മോഹിപ്പിക്കുന്ന മരണകല്‍പനനകള്‍ മാത്രമല്ല അത്. ഭ്രമാത്മകമായ ജീവിത സന്ദര്‍ഭങ്ങള്‍ കൂടിയാണ്.

ഒരുകാലത്ത് പാലിയേറ്റീവ് കെയര്‍ മരണാസന്നരായ രോഗികളുടെ പരിചരണത്തില്‍ മാത്രം പരിമിതമായിരുന്നു. അതും അര്‍ബുദം പോലെ തീക്ഷ്ണമാരകമായ രോഗങ്ങളുടെ അവസാന നാളുകളില്‍. പിന്നീടത് എല്ലാ നിത്യമാരകരോഗങ്ങളുടെയും രോഗനിര്‍ണ്ണയ ഘട്ടം മുതല്‍ക്ക് തന്നെയുള്ള അനുയാത്രികനായി മാറി. അവര്‍ക്ക് വേദനിച്ചപ്പോള്‍ അതൊരു വേദന സംഹാരിയായി. അവര്‍ക്ക് മുറിഞ്ഞപ്പോള്‍ അത് മുറിവുണക്കാന്‍ കൂടെ നിന്നു, രോഗപീഡകളുടെ മൂര്‍ധന്യത്തില്‍ അവരുടെ നിദ്രാവിഹീനമായ രാത്രികളെ അത് ആശ്വസിപ്പിച്ചുറക്കി. ഒരു ശമനതൈലം പോലെ അവരുടെ ചുളിഞ്ഞു മടങ്ങിയ ജീവിതത്തെ തലോടി നിന്നു. ഏകാന്തമായ അവരുടെ രോഗാനുഭവങ്ങളില്‍ അരിക് ചേര്‍ന്ന് നിന്ന സഹയാത്രികനായി.

പുതപ്പ് കൊണ്ട് പൊതിയുക എന്ന അര്‍ത്ഥത്തിലാണ് പാലിയേറ്റീവ് കെയര്‍ എന്ന പേരുണ്ടാകുന്നത്. ഉണര്‍ത്തി, ഉത്സാഹിപ്പിച്ച്, ഊട്ടി പുതപ്പിച്ചുറക്കി കൊണ്ടുനടക്കുന്ന ഒരമ്മ ഭാവം അതിനുണ്ടായിരിക്കണം എന്നതിനാലാണത്. വൈദ്യം അതുപയോഗിക്കുന്ന അതിസങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളില്‍ പലതിനെയും പോലെ യാന്ത്രികമായി തീരുന്ന ഒരു കാലഘട്ടത്തില്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് നീളുന്ന ഒരു പാലമാണത്. കൂട്ടിരിപ്പിന്‍റെ പ്രതിജ്ഞയും വാഗ്ദാനവും അതിലുണ്ട്, നാമത് തിരിച്ചറിയുന്നുണ്ടോ ആവോ.

1960കളിലാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു പുതുശാഖയായി പാലിയേറ്റീവ് കെയര്‍ രൂപപ്പെടുന്നത്. മോഡേണ്‍ പാലിയേറ്റീവ് കെയറിന്‍റെ അമ്മ നാടായി ഇംഗ്ലണ്ടിനെ വിളിക്കാം, ഡോ. സിസിലിസോണ്ടേര്‍സിനെ അമ്മയായും കരുതാം. മഹായുദ്ധകാലത്ത് ഒരു സാമൂഹിക പ്രവര്‍ത്തകയായി തുടങ്ങിയ ആ ധന്യജീവിതം നഴ്സ്, ഡോക്ടര്‍, അധ്യാപിക, സംഘാടക എന്നീ നിലയിലെല്ലാം പാലിയേറ്റീവ് കെയറിന്‍ മഹത്തായ സംഭാവനകള്‍ നല്കിയാണ് 1918ലാരംഭിച്ച് 2005ല്‍ പൂര്‍ത്തിയാക്കുന്നത്. 1967ല്‍ ലണ്ടനില്‍ അവര്‍ ആരംഭിച്ച സെന്‍റ് ക്രിസ്റ്റഫര്‍ ഹോസ്പിസാണ് ആദ്യത്തെ ഔദ്യോഗിക പാലിയേറ്റീവ് കെയര്‍ സംവിധാനം.

പില്‍ക്കാലം ലോകമെങ്ങും ഈ ആശയം (ആസന്നമരണരായ രോഗികളുടെ സമഗ്ര പരിചരണം) വ്യാപകമാകുകയും പ്രാദേശികമായ നവീകരണങ്ങളോടെ സ്വാംശീകരിക്കപ്പെടുകയും ചെയ്തു. അക്കാര്യത്തില്‍ കേരളം, പ്രത്യേകിച്ചും തെക്കെ മലബാര്‍ മുമ്പിലുണ്ടായിരുന്നു. പാലിയേറ്റീവ് കെയറിനെ ആശുപത്രി ബന്ധിതമായ ഒരു എലീറ്റ് സംവിധാനം എന്നതില്‍ നിന്ന് വ്യാപകമായ അര്‍ത്ഥത്തില്‍ പ്രാഥമിക പരിചരണ(പ്രൈമറി കെയര്‍)ത്തിന്‍റെ ഭാഗമാകും വിധം സമൂഹത്തിലേക്ക് എടുത്തു നട്ടു എന്നതാണ് കേരളത്തില്‍ ചെയ്തത്. 90കളുടെ ഒടുവില്‍ രൂപപ്പെട്ട NNPC (സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍) ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടതാണ്. പൂര്‍ണാര്‍ത്ഥത്തില്‍ സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അയല്‍പക്കത്തെ കിടപ്പിലായ രോഗിയുടെ കാര്യം സമൂഹസമക്ഷം സമര്‍പ്പിക്കുന്നതില്‍ ഈ സംരംഭം ഒട്ടുവളരെ വിജയിച്ചിട്ടുണ്ട്. ഒരു പാടിനിയും സാധിക്കേണ്ടതുമുണ്ട്.

സാധാരണ ഗതിയില്‍ രോഗം = ഡോക്ടര്‍ = ആശുപത്രി = ഔഷധം എന്നൊരു സമവാക്യം ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ കാര്യത്തിലെങ്കിലും ശരിയല്ല എന്ന വലിയൊരു സാമൂഹിക കാഴ്ചപ്പാടാണ് പാലിയേറ്റീവ് കെയര്‍ പുലര്‍ത്തിപ്പോരുന്നത്. പ്രാഥമിക പരിചരണത്തിന്‍റെ ആണിക്കല്ലായ താങ്ങാവുന്ന (AFFORDABLE) ഉചിതമായ (APPROPRIATE) രോഗിയുടെയും സമൂഹത്തിന്‍റെയും പങ്കാളിത്തത്തോടെയുള്ള (ACTIVE PARTICIPATION) പരിചരണം അയാളുടെ കിടക്കക്കരികെ (ACCESSIBLE) എത്തിക്കുക എന്ന കാര്യത്തിലും രോഗിയുടെ  ശാരീരികേതരങ്ങളായ  മഹാഭൂരിപക്ഷം പ്രശ്നങ്ങളിലും അയാളുടെ അയല്പക്കത്തെ പങ്കാളികളാക്കുന്നതിലും ശ്രദ്ധേയമായ ശ്രമങ്ങളാണ് ഈ സംവിധാനം കൈക്കൊണ്ടിട്ടുള്ളത്. ഇന്ത്യയില്‍ പാലിയേറ്റീവ് കെയര്‍ ലഭ്യത ശരാശരി 3-5 ശതമാനമായിരിക്കെ മലപ്പുറം ജില്ലയില്‍ അത് 80 ശതമാനത്തിന്‍ മീതെയെത്തിച്ച മഹത്തായ അധ്വാനത്തിന്‍ പിന്നില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനിക്കുന്നതില്‍ മലപ്പുറം ജില്ല നടത്തിയ വ്യത്യസ്തമായ സമീപനം തന്നെയാണെന്ന് കാണാം. കേരളത്തില്‍, (ഇന്ത്യയില്‍ ആദ്യമായി) സര്‍ക്കാര്‍ തലത്തില്‍ ഒരു പാലിയേറ്റീവ് കെയര്‍ പോളിസി രൂപപ്പെടുത്തുന്നതില്‍ ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തന മാതൃകക്ക് വലിയ പങ്കായിരുന്നു ഉണ്ടായിരുന്നത്.

രോഗത്തിന്‍റെ ഗതി വിഗതികളില്‍ ശരീരം വിട്ട് പ്രശ്നങ്ങള്‍ മനസ്സിനെയും ആത്മാവിനെയും മാത്രമല്ല പരിസരങ്ങളെ കൂടി ക്ലേശിപ്പിക്കുമ്പോള്‍, യഥാസമയം ഡോക്ടറെ കാണാനെത്താത്തതോ, കുറിപ്പടി എഴുതി വാങ്ങാത്തതോ, മരുന്നുകള്‍ വാങ്ങിക്കാത്തതോ, ഔഷധം സേവിക്കാഞ്ഞതോ മാത്രമല്ല പ്രശ്നമെന്ന് തിരിച്ചറിയുകയും ശരീരവും മനസ്സും ആത്മാവും സൌഖ്യപ്പെടുന്ന സൌഖ്യലേപനതൈലം തയ്യാറാക്കുകയുമാണ് NNPC ചെയ്യാന്‍ ശ്രമിക്കുന്നത്. രോഗത്തിന്‍റെ ഉത്തരവാദിത്തം വ്യക്തിഗതം മാത്രമല്ല സാമൂഹികവും കൂടിയാണെന്നിരിക്കെ രോഗപരിരക്ഷ രോഗിക്കും കുടുംബത്തിനുമപ്പുറം സമൂഹത്തിന്‍റേത് കൂടി ആയിത്തീരുന്നത് കൊണ്ടാണത്.

സര്‍ക്കാര്‍-സര്‍ക്കാരേതര തലങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ സജീവമായ ഉത്തര മേഖലയില്‍ മലപ്പുറം ജില്ല പോലെയുള്ള പ്രദേശങ്ങളില്‍ 10-15 കിലോമീറ്ററുകള്‍ക്കുള്ളില്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തനക്ഷമമായ, ചിലേടങ്ങളില്‍ രാത്രിസമയം കൂടി ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ സൌകര്യങ്ങള്‍ ഉണ്ട്. എന്നിരിക്കെ തന്നെ ഉത്തരവാദിത്തം അവകാശവും അവകാശം ഔദാര്യവുമായി മാറി ക്ഷതപ്പെട്ട് ജീര്‍ണ്ണിച്ചു പോയേക്കാവുന്ന ദുരന്തം പലേടത്തും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. കാഴ്ചപ്പുറത്തായിരിക്കണമെന്ന ഉള്‍തോന്നല്‍ കാരണം കെട്ടിടങ്ങളാണ്, ചടങ്ങുകളാണ്, ആര്‍ഭാടങ്ങളാണ്, അംഗീകാരങ്ങളാണ് പാലിയേറ്റീവ് കെയര്‍ എന്നൊരു അകചോദന അറിയാതെയെങ്കിലും കയറിവരികയും സംവിധാനത്തില്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്ത് വരുന്നുണ്ട്. വലിയ ആശയ സമരങ്ങളും ആത്മവിമര്‍ശനപരമായ വിലയിരുത്തലുകളും കൊണ്ടെ ഇവ മറികടക്കാന്‍ കഴിയുകയുള്ളൂ. ഒരു സമ്മര്‍ദ്ദത്തിനും വിധേയമാകാതെ തന്നെ രോഗിയും അവരുടെ ശുശ്രൂഷകരും ശരി വെക്കുന്ന മാര്‍ക്ക് മാത്രമാണ് യഥാര്‍ത്ഥത്തില്‍ പാലിയേറ്റീവ് കെയറിനുള്ള അംഗീകാരം. ഏറ്റവും അവസാനത്തെ ആഗ്രഹവും അയാള്‍ക്കും കുടുംബത്തിനും തൃപ്തികരമായ വിധത്തില്‍ പരിഹരിച്ചു കഴിയുമ്പോഴാണ് ഒരു സംവിധാനമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയാകുക എന്ന് മനസ്സിലാക്കുകയും അതിന്‍റെ അവസാനം രോഗിയെന്നും ശുശ്രൂഷകനെന്നും അവരും തങ്ങളും വേര്‍തിരിയുന്നില്ല എന്നും വരുമ്പോള്‍ പാലിയേറ്റീവ് കെയര്‍ അതിന്‍റെ ഗോള്‍ഡ് സ്റ്റാന്‍റേര്‍ഡ് കൈവരിച്ചു എന്ന് പറയാം.           

Feedback