Skip to main content

കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങൾ - എന്‍. പി. ഹാഫിസ് മുഹമ്മദ്

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് സാമ്പത്തികമായി ഭേദപ്പെട്ട അവസ്ഥകളുള്ള കുടുംബങ്ങളില്‍ ഈയിടെ കണ്ടുവരുന്ന ഒരു പ്രവണത പല വിവാഹങ്ങളും നിശ്ചയാനന്തരം കല്ല്യാണ ചടങ്ങിന് കാത്തിരിക്കുന്നതിനിടയില്‍ നടക്കാതെ പോകുന്നു. അവയിലൊട്ടു മുക്കാലും വിവാഹങ്ങള്‍ കുടുംബ ജീവിത പങ്കാളിയെ കണ്ടെത്തി തീരുമാനിച്ച് പരസ്പരം ഉറപ്പിച്ചതാണ്. ചില ബന്ധങ്ങളില്‍ നിക്കാഹും കഴിഞ്ഞിരുന്നു. പ്രതിശ്രുത വരനോ വധുവോ ചിലപ്പോള്‍ രണ്ടുപേരുമോ പിന്‍വാങ്ങിയതാണ് വിവാഹ തകര്‍ച്ചയുടെ പൊതുകാരണം. അതിലേറെ അത്ഭുതപ്പെടുത്തുന്ന കാര്യം പല വിവാഹവും വേണ്ടെന്ന് വെക്കുവാന്‍ ഹേതുവായത് പെണ്‍കുട്ടികളുടെ ആശങ്കകളോ തീരുമാനമോ ആയിരുന്നുവെന്നതാണ്. കാരണങ്ങള്‍ പലതാവാം, പക്ഷെ ഒട്ടുമുക്കാലും വിവാഹത്തകര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. കുടുംബങ്ങളില്‍ വിഷമസന്ധികളുണ്ടാക്കുന്ന ഈ പരിസമാപ്തി പുതിയൊരു കുടുംബ പ്രതിഭാസമാണെന്നതാണ് കേരളീയ ജീവിതത്തെ സംബന്ധിച്ചിടത്തോളമുള്ള വസ്തുത. താരതമ്യേന മറ്റ് സമുദായങ്ങളിലീ പ്രവണത കുറവാണെങ്കിലും ഇങ്ങിനെയൊരന്ത്യം നടമാടുന്നില്ലെന്നും പറഞ്ഞുകൂടാ.

കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങള്‍

അരനൂറ്റാണ്ട് മുമ്പ് ഊഹിക്കാന്‍ പോലും സാദ്ധ്യതയില്ലാത്ത അനുഭവങ്ങള്‍ മലയാളികളുടെ കുടുംബബന്ധത്തോട് അനുബന്ധിച്ച് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. കുടുംബ സംഘര്‍ഷങ്ങളും കുടുംബ ശിഥിലീകരണങ്ങളും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നതിനാല്‍ പുതിയ സാഹചര്യങ്ങള്‍ പലരേയും അത്ഭുതപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യാതായിരിക്കുന്നു. അസാധാരണത്വമേതും തോന്നാത്തവിധം കുടുംബബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. അത് മുതിര്‍ന്ന കുട്ടികളുള്ളവരുടെയും കല്യാണം കഴിഞ്ഞ് ഏറെക്കാലം കഴിയാത്തവരുടെയും വിവാഹ മോചനങ്ങളിലും ഇപ്പോള്‍ കുടുംബങ്ങളൊരുമിച്ച് തീരുമാനിച്ച് നാലഞ്ച് നാളുകള്‍ കൊണ്ട് അപ്രതീക്ഷിതമായുണ്ടാകുന്ന ഒന്നിക്കായ്മയുടെ സാമൂഹിക പരിസരങ്ങളിലും എത്തിനില്‍ക്കുന്നു.

രക്തബന്ധത്തിലൂടെയോ വൈവാഹിക ബന്ധത്തിലൂടെയോ അല്ലെങ്കില്‍ ഈ രണ്ട് ബന്ധങ്ങളിലൂടെയോ ഉണ്ടാക്കപ്പെടുന്ന ഒരു സംഘമാണ് കുടുംബം. ആത്മബന്ധത്തിന്‍റെയും സ്ഥിരബന്ധത്തിന്‍റെയും പാരമ്യതയാണ് കുടുംബത്തെ മുമ്പ് കണക്കാക്കിയിരുന്നത്. ഇന്നും പൊതുവെ കുടുംബം ഇങ്ങിനെയായിരിക്കണമെന്നാണ് ആഗ്രഹിക്കപ്പെടുന്നത്. പരസ്പരാശയം, സ്നേഹം, പരിചരണം, വൈകാരികമായ അടുപ്പം, പരസ്പര സഹായം എന്നിവയിലടിയൂന്നിയ ഒരു കൂട്ടുജീവിതമാണ് കുടുംബം. മനുഷ്യര്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനില്ക്കുന്നതും, സുദൃഢമായിരിക്കുന്നതുമായ ബന്ധമായാണ് കുടുംബത്തെ പൊതുവെ കണക്കാക്കപ്പെടുന്നത്. ലൈംഗികബന്ധം, ഗര്‍ഭധാരണം, ഉല്‍പാദനം, ശിശുപരിപാലനം, സാമൂഹീകരണം എന്നീ ആവശ്യങ്ങള്‍ സഫലമായി നിറവേറ്റുന്നതിന്ന് ഇന്നും കുടുംബം ഏറ്റവുമിണങ്ങിയ സാമൂഹ്യസ്ഥാപനമാണെന്ന് സര്‍വ്വദേശിയമായി കണക്കാക്കപ്പെടുന്നു. മനുഷ്യരുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ പല ആവശ്യങ്ങളും പരമാവധി ഫലവത്തായി നിറവേറ്റിക്കൊടുത്തിരുന്നത് കുടുംബമാണ്. ഇന്നും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പകരം വെക്കാന്‍ മറ്റൊരു സാമൂഹിക നിര്‍മ്മിതി മനുഷ്യര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അനിവാര്യതയിലും ആഗോളാടിസ്ഥാനത്തില്‍ കുടുംബത്തിന്‍റെ ഘടനയും ധര്‍മ്മങ്ങളും (Structure & Functions) മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. മലയാളി സമൂഹത്തിലും ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ വന്ന്ചേര്‍ന്ന മാറ്റങ്ങളും പ്രശ്നങ്ങളും അതിനോടനുബന്ധിച്ച സംഘര്‍ഷങ്ങളും മറ്റൊന്നല്ല വ്യക്തമാക്കുന്നത്.

കുടുംബധര്‍മ്മങ്ങള്‍ കൈമാറുമ്പോള്‍
വ്യവസായ വല്‍ക്കരണവും നഗരവല്‍ക്കരണവും കുടുംബത്തിന്‍റെ അടിത്തറയിളക്കുമാറുള്ള മാറ്റി മറിക്കലുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ഒരു കാലത്ത് ചിലസമുദായങ്ങളില്‍ കൂട്ടുകുടംബം മലയാളികള്‍ക്ക് ആഘോഷമായിരുന്നു. ഇന്ന് അവര്‍ക്ക് തന്നെ താങ്ങാനാവാത്ത ആഢംബരമായും ഗൃഹാതുരതയുടെ അടയാളമായും മാറിക്കഴിഞ്ഞിരിക്കുന്നു. നഗരജീവിതം, സൗകര്യങ്ങള്‍, കുടിയേറ്റം, കുട്ടികളുടെ സാമൂഹീകരണത്തിലുള്ള അമിത താല്‍പ്പര്യം തുടങ്ങിയവ അണുകുടുംബ (Nuclear Family) സമ്പ്രദായത്തെ ജാതിമത-നഗരഗ്രാമ ഭേദമന്യേ ഒരു ജീവിത ശൈലിയായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് ദശകങ്ങളിലെ കുടുംബ മാറ്റങ്ങള്‍ വളരെ പ്രകടമാണ്. കുടുംബത്തിന്‍റെ നിലനില്‍പ്പ് ചോദ്യം ചെയ്യുമാറ്, ഇക്കാലം വരെയും ചെയ്തു പോന്നിരുന്ന പല കുടുംബധര്‍മ്മങ്ങളും മറ്റ് സ്ഥാപനങ്ങളിലേക്കോ സംവിധാനങ്ങളിലേക്കോ കൈമാറ്റം ചെയ്തു കഴിഞ്ഞിരിക്കുന്നു. കുട്ടികളെ പരിപാലിക്കാനുള്ള ശൈശവ പരിരക്ഷാകേന്ദ്രങ്ങള്‍ സാധാരണമായിരിക്കുന്നു. സ്കൂളിനപ്പുറം, കിന്‍റര്‍ ഗാര്‍ഡന്‍, പ്രീപ്രൈമറി സ്കൂള്‍ തുടങ്ങിയവ സാമൂഹികരണത്തിന്‍റെ പുതിയ ഏജന്‍സികളായി മാറിയിക്കുന്നു. ഗര്‍ഭകാല ശ്രദ്ധ, പ്രസവം, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ പരിശീലനം, വിവാഹം, സാമ്പത്തിക സഹായം തുടങ്ങി മരണാനന്തര ക്രിയകള്‍ വരെ ഔപചാരിക സംഘങ്ങളെയോ, സ്ഥാപനങ്ങളെയോ ആശ്രയിച്ചാണ് നടത്തപ്പെടുന്നത്. സ്കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി, ശിശുപരിപാലന കേന്ദ്രം, ബാങ്ക്, ഹോസ്റ്റല്‍, ഇന്‍ഷ്വറന്‍സ് കമ്പനി, വൃദ്ധസദനം തുടങ്ങിയവ ഒരാളെ കുടുംബമില്ലാതെ തന്നെ ജീവിക്കാനുള്ള അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്.

വിവാഹജീവിതത്തിലെ പുതുരീതികള്‍

വിവാഹത്തെ തന്നെ പുതുസമൂഹം ഒരു കുടുംബ കാര്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. ആലോചന, നിശ്ചയം, നടത്തിപ്പ് തുടങ്ങിയ വിവാഹ കാര്യങ്ങളിലൊന്നും തന്നെ പഴയ പോലെ കുടുംബത്തിന് നിര്‍വ്വഹണ സ്വാധീനമുണ്ടെന്ന് തോന്നുന്നില്ല. ഇഷ്ടവിവാഹങ്ങള്‍ സാധാരണമായിരിക്കുന്നു. വിവാഹമില്ലാതെ ഒന്നിച്ച് കഴിയുന്നവരുടെ (Living Together) എണ്ണം പെരുകുന്നു. വിവാഹത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധവും, ചിലപ്പോള്‍ ഗര്‍ഭധാരണവും നമ്മുടെ നാട്ടിലും പ്രശ്നമല്ലാതാവുകയാണ്. ഒരു സ്ത്രീയുടെ അണ്ഡം ഒരു പുരുഷന്‍റെ ബീജവുമായി കൂട്ടിച്ചേര്‍ത്ത് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു കുട്ടിയാക്കി മാറ്റി പ്രസവിക്കുന്നതും ആവശ്യമെങ്കില്‍ നടപ്പില്‍ വന്നു കഴിഞ്ഞിരിക്കുന്നു. വിവാഹം തന്നെ അനിവാര്യമല്ലെന്ന് പലരും കരുതുകയും ജീവിതശൈലിയാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. പരമ്പരാഗതമായി കൊണ്ടു നടക്കുന്ന മാതൃ പിതൃ സങ്കല്‍പങ്ങളും കുടുംബബന്ധങ്ങളും ഇന്ന് പലരാലും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, ഗര്‍ഭധാരണം, എന്നിവയില്‍ സ്ത്രീകള്‍ക്ക് പൊതുവെ മറ്റൊരു കാലത്തും ഇല്ലാത്ത സ്വാതന്ത്ര്യമുണ്ട്. സ്ത്രീകള്‍ തൊഴില്‍ ചെയ്ത് വരുമാനക്കാരാവുന്നതോടെ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുള്ളവരായിത്തീരുകയാണ്. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിഷേധിക്കാനാവാത്ത പങ്ക് ഇന്ന് സ്ത്രീകള്‍ക്കുണ്ട്. ഇതുവഴി കുറേക്കാലമായി വേരുറച്ച് കിടന്നിരുന്ന കുടുംബജീവിതത്തിലെ പല പുരുഷധര്‍മ്മങ്ങളേയോ അവകാശങ്ങളേയോ ആണ് കാലം ചോദ്യം ചെയ്തു കഴിഞ്ഞിരിക്കുന്നത്. കുടുംബത്തിന്‍റെ പരമ്പരാഗത ഘടന മാറ്റിമറിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.

കുടുംബപ്രശ്നങ്ങളുടെ കാലം

കുടുംബത്തിന്‍റെ ഘടനയിലും ധര്‍മ്മങ്ങളിലും വന്ന മാറ്റങ്ങള്‍ സ്വാഭാവികമായ ഒരു പരിണതിയാണ്. സാമൂഹിക ചുറ്റുവട്ടത്തിന്‍റെ മാറ്റിമറിക്കലുകളില്‍ നിന്നുണ്ടായ ക്രമാനുസൃതമായ വ്യതിയാനമാണിതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അത്കൊണ്ട് തന്നെ മറ്റേത് കാലത്തേക്കാളും കൂടുതലായി കുടുംബം ഇന്ന് പലവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കുടുംബ സംഘര്‍ഷങ്ങളും കുടുംബ ശിഥിലീകരണവും കൂടിയിരിക്കുന്നു. വിവാഹമോചനങ്ങള്‍ സാധാരണമാകുന്നു. മഹാനഗരങ്ങളിലെന്ന പോലെ കേരളം മുഴുക്കെ ഈ പ്രശ്നങ്ങള്‍ പടര്‍ന്ന് കേറുന്നണ്ട്. മുപ്പത് വയസ്സിന് താഴെയുള്ളവരുടെ വിവാഹമോചനം ക്രമാതീതമായ വിധം ഏറി വരുന്നതായി കുടുംബകോടതികളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇരുവരുടെയും അനുവാദത്തോടെയുള്ള വിവാഹമോചനം, കുടുംബത്തിനുണ്ടായിരുന്നു എന്ന് കരുതിയിരുന്ന സ്ഥിരതയും സുദൃഢതയും തകര്‍ത്തിരിക്കുന്നു. കേരളത്തിലെ വിവാഹമോചനവും വിവാഹ സംഘര്‍ഷങ്ങളും കുടുംബകോടതിയിലും കൗണ്‍സലിങ്ങ് സെന്‍ററിലുമെത്തുന്നതിന്‍റെ കണക്കുകളറിയുമ്പോള്‍ ഞട്ടിപ്പിക്കും വിധം ഉയര്‍ന്നിട്ടുണ്ട്.. കുടുംബകോടതിയിലെത്താത്ത കേസ്സുകള്‍, കൗണ്‍സലിങ്ങിനെത്താത്ത പ്രശ്നങ്ങള്‍ ഇതിനപ്പുറം ഉയര്‍ന്ന് നില്‍ക്കുന്നു. വിവാഹം നേടി സ്വതന്ത്രമായിരിക്കുന്നവരും, പുനര്‍വിവാഹം നടത്തുന്നവരും ഇന്ന് എണ്ണത്തില്‍ കൂടുതലാണ്. അതിലേറെയാണ് സംഘര്‍ഷത്തിനടിപ്പെട്ട കുടുംബങ്ങളുടെയും അവര്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന കുട്ടികളുടെയും എണ്ണം.

കൗണ്‍സലിങ്ങ് റൂമിലെത്തുന്ന ഭാര്യ-ഭര്‍ത്തൃസംഘര്‍ഷങ്ങള്‍ ആശങ്കയുണര്‍ത്തുംവിധം വൈവിധ്യ-വൈരുദ്ധ്യ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഭാര്യയറിയാതെ അന്യദേശക്കാരിയെ വിവാഹം കഴിച്ചതറിഞ്ഞ് മാനസികമായി അകന്ന് ഒരേ വീട്ടില്‍ കഴിയുന്ന ഭാര്യഭര്‍ത്താക്കന്മാര്‍, ഭര്‍ത്താവില്‍ നിന്നുള്ള പീഢനങ്ങള്‍ക്ക് മറുപടിയായി പഴയ കാമുകനെ ഇന്‍റര്‍നെറ്റിലൂടെ കണ്ടെത്തി ആശ്വസിച്ച ഭാര്യ, ഭര്‍ത്താവിനെ അമ്മാവനെന്ന് പറഞ്ഞ് അവിവാഹിതയായി നടിച്ച് ഇന്‍റര്‍നെറ്റിലൂടെ രണ്ട് കാമുകന്മാരെ ഒരേ സമയം കൊണ്ടുനടന്ന ഭാര്യ, മകന്‍റെ സ്വസ്ഥ കുടുംബജീവിതം തകര്‍ക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ മെനയുകയും മകന്‍റെ മുന്നില്‍ നല്ല നടപ്പുകാരിയായി കഴിയുകയും ചെയ്യുന്ന അമ്മായിയമ്മ, വ്യവഹാര ശിഥിലീകരണത്താല്‍ (Behavioural Disorder) ഭാര്യയോടും മക്കളോടും മാത്രം ക്രൂരമായിപ്പെരുമാറുന്ന ഭര്‍ത്താവ് എന്നിങ്ങനെയുള്ളവര്‍ കൗണ്‍സലിങ്ങിനായെത്തിയത് കുടുംബശിഥിലീകരണത്തിന്‍റെ വൈവിധ്യാവസ്ഥകളാണ് അറിയിക്കുന്നത്. ഇതിനപ്പുറമാവണം യാഥാര്‍ത്ഥ്യം. മറ്റൊരു വിവാഹത്തിന് മാര്യേജ് ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തു ഭാര്യയേയും മക്കളേയും നീര്‍ക്കെട്ടില്‍ വീഴ്ത്തി കൊല ചെയ്യുകയോ, ഭര്‍ത്താവിനെ കൊല ചെയ്ത് കഷണങ്ങളാക്കി കവറിലിട്ട് സൂട്ട്കേസില്‍ കൊണ്ടുനടക്കുകയോ ചെയ്തവര്‍ ദിനപത്രങ്ങളിലും ടെലിവിഷനിലും വരുന്ന വാര്‍ത്തകള്‍ക്കപ്പുറം നമ്മുടെ കുടുംബങ്ങളിലേക്കും ഇഴഞ്ഞിഴഞ്ഞെത്തിക്കൊണ്ടിരിക്കുന്നു.

സംഘര്‍ഷങ്ങളില്‍ ഒരേ വീട്ടില്‍ രണ്ട് ദ്വീപുകളിലായി കഴിയുന്ന കുടുംബങ്ങളാണ് മലയാളികളുടേയും വര്‍ത്തമാന ദുരന്തങ്ങളിലൊന്ന്. കുട്ടികളായതു കൊണ്ട് മറ്റൊരു പോംവഴിയുമില്ലെന്ന് കരുതി ഒരേ വീട്ടില്‍ വേര്‍പിരിഞ്ഞിരിക്കുന്നവരുടെ കണക്കെടുപ്പ് നടത്തുക എളുപ്പമല്ല. സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കുറവാണ്. പ്രശ്ന പരിഹാരം ആരായാവുന്ന മനഃശാസ്ത്രപരമായ ഇടപെടലുകള്‍ക്ക് പലരും തയ്യാറാകുന്നുമില്ല. പലപ്പോഴും കുടുംബാംഗങ്ങളുടെ അപക്വവും വൈകാരികവുമായ ഇടപെടലുകളാല്‍ കുടുംബസംഘര്‍ഷം കുറയുന്നില്ല. പ്രശ്നങ്ങളെ തലവിധിയോ ഈശ്വരനിശ്ചയമോ ആയി കണക്കാക്കി എരിയുന്ന കനല്‍ക്കൂനയില്‍ സ്വയം പൊള്ളലേല്‍പ്പിച്ച് കൊണ്ടിരിക്കുന്നു. എരിയുന്ന കുടുംബാന്തരീക്ഷം കുട്ടികളുടെ ഭാവിജീവിതത്തെ സാരമായി ബാധിക്കുന്നു.

കുടുംബത്തിന്‍റെ അനിവാര്യത ചോദ്യം ചെയ്യുമ്പോള്‍

കുടുംബബന്ധം നിറവേറ്റുന്ന മാനസികവും സാമൂഹികവുമായ ധര്‍മ്മങ്ങളാണ് ഈ സാമൂഹ്യസ്ഥാപനത്തെ വിവിധ സമൂഹങ്ങളില്‍ നൂറ്റാണ്ടുകളായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില നിര്‍ത്തിക്കൊണ്ടിരിക്കുന്നത്. സഹവര്‍ത്തിത്വത്തിലൂടെയുള്ള ആശ്വാസവും സ്വസ്ഥതയുമാണ് പൊതുവെ കുടുംബം പ്രദാനം ചെയ്തിരുന്നത്. ജീവിക്കാനുള്ള സാര്‍ത്ഥകമായ താല്‍പ്പര്യമാണ് കുടുംബം നിര്‍വ്വഹിച്ച് പോന്നിരുന്നത്. ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മുന്നിലെത്തുമ്പോഴും സ്വപ്നങ്ങള്‍ പലതും തകര്‍ന്നു വീഴുമ്പോഴും ജീവിതത്തില്‍ പ്രതീക്ഷകളോടെ മുന്നോട്ട് പോകുവാന്‍ പ്രേരണ നല്‍കിയത് കുടുംബമാണ്; നല്‍കേണ്ടതും കുടുംബമാണ്. ഇന്ന് ഈ കൃത്യനിര്‍വ്വഹണം പല കുടുംബങ്ങളില്‍ നിന്നും ഉണ്ടാകുന്നില്ല എന്നതും ഒരു വസ്തുതയാണ്. സഹജീവികള്‍ നല്‍കുന്ന സുരക്ഷിതത്വം കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട ലക്ഷ്യസഫലീകരണമായിരുന്നു. വിഷമ സന്ധികളില്‍ ഈ സുരക്ഷിതത്വം ഇപ്പോഴും പ്രദാനം ചെയ്യാന്‍ കഴിയുന്നു എന്നതിനാല്‍ തന്നെയാണ് കുടുംബം ഒരു സാര്‍വ്വദേശീയമായ യാഥാര്‍ത്ഥ്യമാക്കി ഏറെക്കുറെ നിലനിര്‍ത്തപ്പെടുന്നത്. പരസ്പര സഹവര്‍ത്തിത്വം കൂട്ടുജീവിതത്തിന്‍റെ അടിത്തറയാക്കി മാറ്റുന്ന സാമൂഹ്യഘടകം ഇന്നും കുടുംബം തന്നെയാണ് എന്നാല്‍ സാമൂഹികബന്ധത്തെ സാര്‍ത്ഥകവും ഫലവത്തുമാക്കിയിരുന്ന കുടുംബത്തിന്‍റെ അസ്ഥിവാരത്തെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളാണ് ഇന്ന് ആരും ക്ഷണിക്കാതെ വന്നെത്തുന്നത്.

കുടുംബ ശിഥിലീകരണവും സമുദായങ്ങളും

 മതങ്ങള്‍ കുടുംബത്തിന് പരിപാവനതയും പരമ പ്രാധാന്യവും നല്‍കിയിട്ടുണ്ട്. കുടുംബത്തെ പരമ പ്രാധാന്യമുള്ള കേന്ദ്രബിന്ദുവാക്കി മതങ്ങള്‍ രൂപകല്‍പന ചെയ്യുന്നു. വിശ്വാസാധിഷ്ഠിതമായ ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിയില്‍ കുടുംബം അതിപ്രധാനമായ പങ്ക് വഹിക്കുന്നണ്ട്. കുട്ടികളുടെ സാമൂഹീകരണം സുസാധ്യമാക്കുന്നത് സുദൃഢമായ ഒരു കുടുംബബന്ധത്തിന്‍റെ ചുറ്റുവട്ടത്ത് നിന്നാണ്. വ്യക്തിയുടെ സദാചാര ബോധത്തേയും ചിട്ടയോടുകൂടിയ ജീവിതത്തേയും ഉണ്ടാക്കിയെടുക്കുന്നതില്‍ കുടുംബത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് മതങ്ങള്‍ കരുതുന്നു. കുടുംബത്തിന്‍റെ ഫലവത്തായ നിലനില്‍പ്പില്‍ നിന്നാണ് ആരോഗ്യകരമായ സാമൂഹികാവസ്ഥ കെട്ടിപ്പടുത്തപ്പെടുന്നതെന്ന് വിശുദ്ധ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാല്‍ ഒരു മതവിഭാഗത്തിനും കേരളത്തിലെ കുടുംബ വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളെ തടയാനുമായിട്ടില്ല.

ഇന്ന് സമുദായ സംഘടനകളും സ്ഥാപനങ്ങളും തങ്ങളുടെ പ്രബോധന പ്രവര്‍ത്തന പരിപാടികളില്‍ കുടുംബത്തിന്‍റെ ആരോഗ്യം നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. കുടുംബത്തിന്‍റെ അനിവാര്യതയും പരിശുദ്ധിയും അറിയിക്കുന്നതിന് പരമ്പരാഗതവും അശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങളാണ് മതങ്ങള്‍ പൊതുവെ സ്വീകരിക്കുന്നത്. മതപാഠങ്ങള്‍ സ്വാംശീകരിക്കാന്‍ സാധിക്കാത്തവിധം ചുറ്റുവട്ടം തീവ്രതരമായി പുതിയ തലമുറയെ ബാധിക്കുന്നുണ്ടെന്ന് മതസ്ഥാപനങ്ങള്‍ തിരിച്ചറിയുന്നില്ല. മാധ്യമങ്ങളും ചലച്ചിത്രവുമൊക്കെ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ അഭിമുഖീകരിക്കാനോ ചെറക്കാനോ ഉള്ള യാതൊരുവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളും മതസംഘടനകളോ സഭകളോ ഫലപ്രദമായി സംഘടിപ്പിക്കുന്നില്ല. കേരളത്തില്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് ക്രൈസ്തവസഭ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതും എത്രത്തോളം ശാസ്ത്രീയവും ഫലപ്രദവുമാണെന്ന് പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല.

മൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അവയുടെ ആന്തരികവല്‍ക്കരണം (കിലേൃിമഹശമെശേീി) സാദ്ധ്യമാക്കുന്ന സംവിധാനങ്ങളും രീതികളുമാണ് നടപ്പില്‍ വരുത്തേണ്ടത്. മൂല്യനിഷേധവും സദാചാര ലംഘനവും പുതിയ തലമുറയുടെ വിശേഷഭാവമാണെന്ന് ആരോപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മൂല്യ നിരാകരണം പുതു തലമുറയില്‍ നിന്ന് മാത്രമാണോ ഉണ്ടാകുന്നത് എന്നാലോചിക്കേണ്ടതുണ്ട്. മധ്യവയസ്കരേയും വൃദ്ധരേയും ഇക്കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവുമോ? ഇത്തരമൊരു മാറ്റത്തെ, പ്രതിരോധിക്കാന്‍ സമുദായ സംഘടനകള്‍ എന്താണ് ചെയ്യുന്നത്? പ്രഭാഷണ പരിപാടികള്‍ക്കും ഉപദേശ മാര്‍ഗ്ഗങ്ങള്‍ക്കുമപ്പുറം മറ്റെന്ത് പരിപാടികളാണ് കുടുംബത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സമുദായങ്ങളില്‍ നിന്നുണ്ടാകുന്നത്? സമുദായ സംഘടനകളുടെ പ്രബോധന മാര്‍ഗ്ഗങ്ങളില്‍ നിന്ന് കുടുംബത്തിന്‍റെ നിലനില്‍പ്പ് ഉപേക്ഷിച്ചുവെന്നു കരുതിക്കൂടാ, പക്ഷേ ഫലപ്രദമായ ഇടപെടല്‍ നടത്തപ്പെടുന്നില്ല എന്നതാണ് വസ്തുത. സമൂഹത്തെ മൊത്തം ബാധിക്കുന്ന ആര്‍ത്തിയും ആസക്തിയും മനുഷ്യവ്യവഹാരത്തെ അടിമേല്‍ മറിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ കുടുംബ ബന്ധങ്ങളിലും പ്രതിഫലിക്കുന്നു. പ്രകടനപരത, ആഡംഭരത്വം, ധൂര്‍ത്ത് തുടങ്ങിയ വ്യവഹാരഭാവങ്ങള്‍ കുടുംബഘടനയെയും ബാധിക്കുന്നുണ്ട്. വ്യവഹാരപരമായ ശിക്ഷണം നല്‍കുന്നതില്‍ വിദ്യാലയവും മതപാഠശാലകളും സമുദായ സംഘടനകളും ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയാണ് പുതിയ കാലം വിളംബരം ചെയ്യുന്നത്. പ്രാദേശികാടിസ്ഥാനത്തിലുള്ള കുടുംബസുരക്ഷിത കേന്ദ്രങ്ങള്‍ ഇന്ന് അനിവാര്യമായി മാറിയിരിക്കുന്നു. സമൂഹശാസ്ത്രം, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, കൗണ്‍സലിങ്ങ് എന്നീ സാമൂഹികڊവ്യവഹാര ശാസ്ത്രശാഖകളുടെ പാഠങ്ങളും പ്രയോഗങ്ങളും പല തലങ്ങളിലും പ്രയോജനപ്പെടുത്തുമ്പോള്‍ കുടുംബത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഫലപ്രദമായ ചില അനുരണനങ്ങളെങ്കിലും ഉണ്ടാകാതിരിക്കില്ല.

Feedback