Skip to main content

കമ്യൂണിസവും ഇസ്‌ലാമും

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം. വ്യക്തികള്‍ക്ക് സ്വകാര്യ സമ്പത്ത് ഇല്ലാതിരിക്കുകയും അതുവഴി വര്‍ഗരഹിതമായ ഒരു സാമൂഹികാവസ്ഥ സൃഷ്ടിച്ചെടുക്കുകയുമാണ് കമ്യൂണിസം വിഭാവന ചെയ്യുന്നത്. തൊഴിലാളി, മുതലാളി എന്നീ രണ്ടു വര്‍ഗങ്ങളുടെ സംഘട്ടനമാണ് ലോകചരിത്രമെന്നും വര്‍ഗരഹിതമായ സാമൂഹിക സ്ഥിതിയും തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ ആധിപത്യവുമാണ് കമ്യൂണിസ്റ്റ് ലക്ഷ്യം. കമ്യൂണിസത്തില്‍ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതു ഉടമസ്ഥതയിലുള്ള നിര്‍മാണശാലകളില്‍ അവരാലാകുന്നതു പോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവയ്ക്കപ്പെടുന്നു.

മനുഷ്യ പ്രകൃതിയുടെ ചോദനകളില്‍ പെട്ട സാമ്പത്തിക ലാഭവും ലാഭേച്ഛയും കമ്യൂണിസം അഭിമുഖീകരിക്കുന്നില്ല. അതുപോലെ, മനുഷ്യന്റെ ആത്മീയ ചോദനകളെയും അത് സ്പര്‍ശിക്കുന്നില്ല. ശരീരത്തിന്റെ വിശപ്പ് മാറിയാലും മനസ്സിന്റെ വിശപ്പ് ബാക്കിയാകുമെന്നത്  മനുഷ്യ പ്രകൃതിയാണ്. അതുകൊണ്ട് തന്നെ ഈ അടിസ്ഥാന പോരായ്മകള്‍ കമ്യൂണിസത്തെ തളര്‍ച്ചയിലേക്ക് നയിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനങ്ങളും രാജ്യങ്ങളും ഇന്ന് അതിനെ കൈയൊഴിയുകയാണ്. 

ഇസ്‌ലാം സ്വകാര്യ സ്വത്തിനെയും സമ്പാദ്യത്തെയും അംഗീകരിക്കുന്നു. മനസ്സിന്റെ ചോദനകള്‍ക്ക് ആത്മീയതയിലൂടെയും ആരാധനയിലൂടെയും പരിഹാരം കാണുന്നു. മനുഷ്യന്റെ പ്രകൃതിയെ അംഗീകരിച്ചുകൊണ്ടുള്ള മതമെന്ന നിലയിലാണ് ഇസ്‌ലാം പ്രകൃതി മതമാണ് എന്ന് വിളിക്കപ്പെടുന്നത്. 

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാള്‍ മാര്‍ക്‌സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതില്‍ പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലുകളും മാര്‍ക്‌സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാര്‍ക്‌സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുന്നതിനുള്ള ചരിത്രവീക്ഷണവും ചരിത്ര വിശകലനവും പ്രവര്‍ത്തന ങ്ങളെ വിലയിരുത്തുവാനുള്ള സിദ്ധാന്തവും കൂടിയുള്‍പ്പെട്ടതാണ് മാര്‍ക്‌സിസം എന്ന് സാമാന്യമായി വേര്‍തിരിക്കാവുന്നതാണ്. മതങ്ങളെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, കറുപ്പ് ലഹരി നല്‍കുന്നത് പോലെ അത് മനുഷ്യ ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുന്നു എന്നതാണ്. എന്നാല്‍, മാര്‍ക്‌സിസം അംഗീകരിക്കുന്നവര്‍ പിന്നെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എല്ലാ മതങ്ങളെയും നിരസിക്കുന്ന യുക്തി ചിന്തകളാണ് കമ്യൂണിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും അടിസ്ഥാനം.

ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും നല്ല വശങ്ങളെ കൂടി ഉള്‍വഹിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. മുതലാളിത്ത ചൂഷണവും ലാഭം കുന്നുകൂടുന്നതും ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സാമ്പത്തിക, സാമൂഹിക നീതിയാണ് ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നത്. 

Feedback
  • Thursday Mar 28, 2024
  • Ramadan 18 1445