Skip to main content

തെരഞ്ഞെടുപ്പും നിയമനിര്‍മാണ സഭയും

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചല്ലാതെ ഭരണം നടക്കുന്ന രാജ്യങ്ങളില്‍ അവിടത്തെ ഭരണകാര്യങ്ങളില്‍ ഭാഗഭാക്കാവാന്‍ പാടുണ്ടോ എന്ന ചര്‍ച്ച ആധുനിക ലോകത്തുണ്ട്.  ഇത്തരം നിയമനിര്‍മാണ സഭകളില്‍ ഭാഗഭാക്കാവുന്നത് തെറ്റും ശിര്‍ക്കുമാണെന്ന് വാദിച്ചവരുണ്ട്. നിയമം നിര്‍മിക്കാനുള്ള അധികാരം ദൈവത്തിന് മാത്രമാണ് എന്നതാണ് ന്യായം. എന്നാല്‍, സ്രഷ്ടാവിന് എതിരാകാത്ത വിധത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സൃഷ്ടികള്‍ക്ക് അനുവാദം നല്‍കിയ മതമാണ് ഇസ്‌ലാം. അതുകൊണ്ട് നിയമ നിര്‍മാണ സഭയും അതിലേക്കുള്ള തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കേണ്ട ഒന്നല്ല. മറിച്ച്, തന്റെ ഭാഗധേയം വഹിക്കാന്‍ വിശ്വാസിക്കു ബാധ്യതയുണ്ട്. നിയമനിര്‍മാണ സഭയില്‍ അംഗമാവാനും അതിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും മതപരമായ യാതൊരു തടസ്സവുമില്ല. നിയമനിര്‍മാണ സഭ രൂപീകരിക്കുന്ന നിയമങ്ങളെല്ലാം തന്നെ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമായിരിക്കണം എന്ന നിബന്ധനയുമില്ല. മറിച്ച്, വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഒരു മുസ്‌ലിമിനെ ശരീഅത്ത് വിരുദ്ധമായി ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ പാടുള്ളതല്ല. സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടികളെ അനുസരിക്കാന്‍ പാടുള്ളതല്ല (ബുഖാരി 4340, മുസ്‌ലിം 1840) എന്ന ഹദീസാണ് ഈ വിഷയങ്ങളിലെ കാഴ്ചപ്പാടുകളുടെ ആധാരം. ഈ ഹദീസിന്റെ  അന്തസ്സാരം സ്രഷ്ടാവിനെ ധിക്കരിക്കാതെ സൃഷ്ടികളെ അനുസരിക്കാം എന്നു തന്നെയാണ്.

Feedback