Skip to main content

ബഹുമതസമൂഹത്തിലെ ഇസ്‌ലാമിക ജീവിതം

സമൂഹജീവിതത്തിന് ഇസ്‌ലാം ഏറെ പ്രാധാന്യം കല്പിക്കുന്നു. വിശ്വാസവും അനുഷ്ഠാനവും വ്യക്തിനിഷ്ഠമാണെങ്കിലും ജീവിതം സമൂഹമായിട്ടാണ് ഇസ്‌ലാം കാണുന്നത്. സാമൂഹ്യജീവിതത്തിലാണ് സ്വഭാവവും സംസ്‌കാരവും ആവശ്യമായി വരുന്നതും പ്രതിഫലിക്കുന്നതും. എന്നാല്‍ സമൂഹം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യവിശ്വാസികളുടെ സമൂഹം എന്നത് ഒരു വൃത്തമാണ്. ഇസ്‌ലാമിലെ സാമൂഹിക നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കാവുന്നത് അവിടെയാണ്. മുഹമ്മദ് നബി ജീവിച്ചത് ഇങ്ങനെയൊരു സമൂഹത്തിലല്ല. മക്കയിലും ഹിജ്‌റക്കു ശേഷം മദീനയിലും ഇസ്‌ലാം സ്വീകരിക്കാത്ത ഒട്ടേറെ ആളുകളുണ്ടായിരുന്നു. അമുസ്‌ലിംകളായ അയല്‍വാസികളില്‍ നിന്നു സ്വഹാബികള്‍ അകന്നുപോയില്ല. അയല്‍വാസികള്‍ മുസ്‌ലിംകളായ കാരണത്താല്‍ മുശ്‌രിക്കുകളോ ജൂതന്‍മാരോ ക്രിസ്ത്യാനികളോ സ്വഹാബികളുടെ അടുത്ത് നിന്നും മാറിത്താമസിച്ചിട്ടില്ല. ബഹുസ്വരസമൂഹമായിരുന്നു മക്കയിലും മദീനയിലും നബിയും സ്വഹാബികളും അഭിമുഖീകരിച്ചത്. ഈ സാമൂഹികാവസ്ഥ ഇല്ലാതാക്കണം എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ല. 

നബി(സ്വ)യും സ്വഹാബികളും സ്വദേശം വിട്ടു പാലായനം ചെയ്യേണ്ടി വന്നു എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. മുഹമ്മദ് നബി പ്രബോധനം ചെയ്ത മതം ഖുറൈശികള്‍ക്ക് സ്വീകാര്യമായില്ല. ഗോത്ര ദുരഭിമാനത്തിലും ആഢ്യത്തത്തിലും കഴിഞ്ഞുകൂടിയിരുന്ന അവര്‍ക്ക് ഇസ്‌ലാമിന്റെ മാനവികമുഖം ഉള്‍കൊള്ളാനായില്ല. അവര്‍ എതിര്‍ത്തു. കഠിനമായി എതിര്‍ത്തു. മുസ്‌ലിംകള്‍ക്കെതിരെ മര്‍ദനങ്ങള്‍ അഴിച്ചു വിട്ടു. മര്‍ദകര്‍ക്കായിരുന്നു ആളും അര്‍ഥവും ഉണ്ടായിരുന്നത്. മുസ്‌ലിംകള്‍ക്ക് ചെറുത്തു നില്ക്കാനോ അതിജീവിക്കാനോ കഴിഞ്ഞില്ല. ഈ സന്നിഗ്ധഘട്ടത്തില്‍ നാടുവിട്ടു കൊള്ളാന്‍ നബി നിര്‍ദേശം നല്കി. അവര്‍ പോയത് ഒരു മുസ്‌ലിം പോലുമില്ലാത്ത ഹബ്ശയിലേക്കായിരുന്നു. ക്രൈസ്തവരായിരുന്നു ആ ജനതയും ഭരണാധികാരി നജ്ജാശിയും. ആ ഭരണാധികാരിയുടെ തണലില്‍ അവര്‍ സുഖമായി ജീവിച്ചു; ഇസ്‌ലാമിക സംസ്‌കാര മൂല്യങ്ങളോടു കൂടി. 

ഹബ്ശയിലേക്കു പോയത് എഴുപതോളം പേര്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്കും മക്കയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും നാടുവിടാന്‍ അനുമതി കിട്ടി. നബിയും മക്കയിലെ മുഴുവന്‍ മുസ്‌ലിംകളും യഥ്‌രിബ് (പിന്നീട് മദീനയായി മാറി) എന്ന സ്ഥലത്തേക്ക് പലായനം ചെയ്യുകയായിരുന്നു. അതായിരുന്നു ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മക്കയില്‍ നിന്നെത്തിയ മുഹാജിറുകളും തദ്ദേശീയരായ അന്‍സ്വാറുകളും ജീവിതം ആരംഭിച്ചത് ജൂതരും ക്രൈസ്തവരും മറ്റു പല തരക്കാരും ഉള്ള യഥ്‌രിബിലായിരുന്നു. തികച്ചും ഒരു ബഹുസ്വരസമൂഹം.

ഒരു നാട്ടിലെ മുഴുവന്‍ ആളുകളെയും മുസ്‌ലിംകളാക്കുക എന്നോ മുസ്‌ലിംകള്‍ക്കിടയിലേ ജീവിക്കാവൂ എന്നോ പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. തത്‌സംബന്ധമായ വിശുദ്ധ ഖുര്‍ആനിന്റെ വചനം ഏറെ ശ്രദ്ധേയമാണ്. ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

മുസ്‌ലിംകള്‍ മാത്രം പൗരന്‍മാരായുള്ള ഒന്നോ രണ്ടോ രാജ്യങ്ങളേ ഇന്ന് ലോകത്തുള്ളൂ. അവിടങ്ങളില്‍ തന്നെയും ജോലിക്കാരും സഞ്ചാരികളും പഠിതാക്കളുമായി ഇതര മതാനുയായികള്‍ ധാരാളം ജീവിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളും എമ്പാടുമുണ്ട്. മുസ്‌ലിംകള്‍ ഒട്ടുമില്ലാത്ത രാജ്യങ്ങളും കണ്ടേക്കാം. എന്നാല്‍ ലോകത്തിന്റെ പൊതുസ്ഥിതി ബഹുസ്വരമാണ്. ബഹുമത സമൂഹങ്ങളുടെ സാകല്യമാണ് ഓരോ ദേശവും. ഏതുരാജ്യത്തും ജീവിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് മതപരമായി യാതൊരു തടസ്സവുമില്ല. മുസ്‌ലിംകള്‍ ഇസ്‌ലാമിക ജീവിതം നയിച്ചു ജീവിക്കുന്നത് ഔപചാരികമായി വിലക്കപ്പെട്ട ഒരു രാജ്യവും ലോകത്തില്ല. എന്നാല്‍ സമൂഹങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും ഭരണകൂടവും ജനങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ എമ്പാടുമുണ്ട്. അവയൊന്നും സാമൂഹ്യവത്കരി ക്കപ്പെട്ടു കൂടാ. 

ഇന്ത്യ ഒരു ബഹുമത രാജ്യമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് (ആര്‍ട്ടിക്ക്ള്‍ 25-28) പൗരന് പൂര്‍ണ മതസ്വാതന്ത്ര്യമുണ്ട്. ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനം അനുവാദമുണ്ട്. രാഷ്ട്രത്തിന്റെ പൊതുനിയമത്തില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. അവിടെ ജാതി-മത-ലിംഗ-ദേശ ഭേദമില്ല. എന്നാല്‍ തികച്ചും മതകീയമായി കൈകാര്യം ചെയ്യപ്പെടേണ്ട ചില കാര്യങ്ങള്‍ അതാതു മതവിശ്വാസികള്‍ക്ക് തങ്ങളുടെ മതാചാരപ്രകാരം നിര്‍വഹിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്കുന്നുണ്ട്. അതാണ് വ്യക്തിനിയമം (സിവില്‍ കോഡ്) എന്നറിയപ്പെടുന്നത്. ശേഷക്രിയ, ദായക്രമം, വിവാഹം, വിവാഹമോചനം, വസ്വിയ്യത്ത് തുടങ്ങിയ കാര്യങ്ങളാണ് വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഈ കാര്യങ്ങള്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. ഇത്രയൊക്കെ സൂക്ഷ്മത പാലിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്കിയിട്ടുള്ളത്. പോരയ്മകള്‍ എമ്പാടും ഉണ്ടായേക്കാം. ഇസ്‌ലാമിക ജീവിതം നയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ പ്രയാസമില്ല. 
 

Feedback