Skip to main content

ജിഹാദും സായുധ സമരവും

മക്കയില്‍ ശത്രുക്കളുടെ പീഡനങ്ങള്‍ അസഹനീയമായ നിലയിലെത്തിയപ്പോള്‍ നബി(സ്വ)യും അനുചരരും അകലെയുള്ള മദീനയിലേക്ക് പലായനം ചെയ്യുകയും അവിടത്തുകാരായ സത്യവിശ്വാസികളുടെ സഹകരണത്തോടെ അവിടെ ഒരു സുഭദ്രസമൂഹം സ്ഥാപിക്കുകയും ചെയ്തു. താമസിയാതെ അവിടുത്തെ മറ്റു സമൂഹങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടു. അവിടെ ഒരു കൊച്ചുരാഷ്ട്രം രൂപപ്പെടുകയായിരുന്നു. അറേബ്യയുടെ പല ഭാഗങ്ങളില്‍ നിന്നും സത്യാന്വേഷികള്‍ മദീനയില്‍ പ്രവാചകസന്നിധിയിലെത്തി സത്യവിശ്വാസം സ്വീകരിക്കാന്‍ തുടങ്ങിയതോടെ ക്രമേണ മുസ്‌ലിം സമൂഹം ശക്തിപ്പെട്ടു കൊണ്ടിരുന്നു. തങ്ങളുടെ മതവും ആചാരങ്ങളും വെടിഞ്ഞ മുഹമ്മദും അനുയായികളും മദീനയില്‍ സ്വാധീനം നേടുന്നതില്‍ അരിശം കൊണ്ട് മക്കയിലെ പ്രമാണിമാര്‍ അവരെ ആക്രമിച്ചു തകര്‍ക്കാന്‍ കോപ്പു കൂട്ടിയപ്പോഴാണ് ആത്മരക്ഷാര്‍ഥം പോരാടാന്‍ അല്ലാഹു അവര്‍ക്ക് അനുവാദം നല്‍കിയത്. ഒന്നുകില്‍ പൊരുതി ജയിക്കുക അല്ലെങ്കില്‍ ഉന്മൂലനത്തിന് ഇരയാവുക എന്ന അവസ്ഥ സംജാതമായപ്പോഴാണ് സായുധ സമരം അനിവാര്യമായിത്തീര്‍ന്നത്. ഇതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്.  

'യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം, യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്ന്യാസി മഠങ്ങളും ക്രിസ്ത്യന്‍ പള്ളികളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'' (വി.ഖു 22:39,40). ഇതിനും ജിഹാദ് എന്നുപറയാം.

അല്ലാഹു മാത്രമാണ് ആരാധ്യനും രക്ഷിതാവുമെന്ന് വിശ്വസിക്കുന്ന, അവന്‍ അനുശാസിക്കുന്ന ജീവിതക്രമം മാത്രമാണ് കുറ്റമറ്റതെന്ന് കരുതുന്ന, മനുഷ്യനിര്‍മിത മതങ്ങളെ നിരാകരിക്കുന്ന ഒരു സമൂഹത്തെ നിലനില്‍ക്കാനും കരുത്താര്‍ജിക്കാനും അനുവദിച്ചുകൂടാ എന്ന ശാഠ്യത്തിന്റെ അടിസ്ഥാനത്തിലാണ് മദീനയിലെ മുസ്്‌ലിം സമൂഹത്തിനെതിരില്‍ യുദ്ധ നീക്കങ്ങളുണ്ടായത്. ഒരു സമൂഹത്തിന്റെ നിലനില്പിന് പുറമെ ഒരു ആദര്‍ശത്തിന്റെ സംരക്ഷണത്തിനും ആരാധനാ പ്രബോധന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ആക്രമണകാരികളെ ചെറുത്തുതോല്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അങ്ങനെയാണ് പ്രതിരോധയുദ്ധം ജിഹാദിന്റെ ഭാഗമായിത്തീര്‍ന്നത്. യുദ്ധ ഭീഷണി കൂടുതല്‍ ഗുരുതരമായപ്പോള്‍ ഈ ജിഹാദ് കഴിവുള്ള എല്ലാ വിശ്വാസികളുടെയും ബാധ്യതയായി അല്ലാഹുവിധിച്ചു.

'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യണം. എന്നാല്‍ നിങ്ങള്‍ പരിധിവിട്ടു പ്രവര്‍ത്തിക്കരുത്. പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച'' (2:190)

ഏകദൈവവിശ്വാസം പ്രഖ്യാപിക്കുകയും അതിന്റെ സന്ദേശം സത്യാന്വേഷികള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും അനീതിക്ക് ഇരയാവുകയും ചെയ്യുന്നവര്‍ക്ക് ആത്മരക്ഷാര്‍ഥം പ്രതിരോധിക്കാനുള്ള അവകാശം നീതിബോധമുള്ള ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റുന്നതല്ല. എന്നാല്‍ ഇസ്‌ലാം വിമര്‍ശകര്‍ ഈ വസ്തുത മറച്ചുവെച്ചുകൊണ്ട്, 'മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാന്‍ വേണ്ടി ജിഹാദ് എന്ന പേരില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു' എന്ന് പ്രചരിപ്പിക്കുകയാണ് പതിവ്. ഇസ്‌ലാം സ്വീകരിക്കാന്‍ ആരുടെ മേലും നിര്‍ബന്ധം ചെലുത്താന്‍ പാടില്ലെന്ന് ഖുര്‍ആനില്‍ സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.

'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു(എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:256)

'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?' (10:99)
ആത്മരക്ഷയ്ക്ക് പോരാട്ടം അനിവാര്യമാകുമ്പോള്‍ അതിന് അല്ലാഹു കല്പന നല്‍കിയിട്ടുണ്ട് എന്നതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട വിഷയമാണ് വിശിഷ്ടമായ സമീപനങ്ങളും ഉത്തമമായ പ്രതികരണങ്ങളും മുഖേന ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റുന്നതിന് ഖുര്‍ആനില്‍ വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ട് എന്നത്. അല്ലാഹു പറയുന്നു:

'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (41:34,35). അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട് സമധാനപരമായ മറുപടി പറയണമെന്ന് സൂക്തത്തില്‍ അല്ലാഹു കല്പിക്കുന്നു(25:63). ആളുകള്‍ക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നും പ്രവാചകനോട് അല്ലാഹു കല്പിക്കുന്നു(3:159).   അല്ലാഹു നബിയോട് പറയുന്നു: 'അവര്‍ -അവരില്‍ ചുരുക്കം പേരൊഴികെ- നടത്തുന്ന വഞ്ചന(മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പ് നല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യണം. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും(5:13). സത്യവിശ്വാസികളുടെ പൊതുബാധ്യത എന്ന നിലയില്‍ അല്ലാഹു ഇപ്രകാരം നിര്‍ദേശിക്കുന്നു: 'അവര്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(24:22). നബി(സ്വ)യുടെ ജീവചരിത്രം പരിശോധിച്ചാല്‍ വിശ്വസിച്ചവരോടും ശകാരിച്ചവരോടും പീഡിപ്പിച്ചവരോടും ഏറ്റവും നല്ല നിലയില്‍ പ്രതികരിച്ച എത്രയോ സംഭവങ്ങള്‍ കാണാം. തന്നോട് പല തരത്തില്‍ ശത്രുത പുലര്‍ത്തിയ എല്ലാവര്‍ക്കും മക്കാ വിജയവേളയില്‍ നബി(സ്വ) പൊതുമാപ്പ് നല്‍കിയ സംഭവം മാനവ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതായിരുന്നു.

ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ സര്‍വശക്തിയും സംഭരിച്ചു പൊരുതുന്നതുപോലെത്തന്നെ പ്രധാനമാണ് പരിഹാസവും ശകാരവും ചെറിയ എതിര്‍പ്പുകളും നേരിടുമ്പോള്‍ സംയമനം പാലിക്കുന്നതും പക്വമായ നയോപായങ്ങള്‍ സ്വീകരിക്കുന്നതും. പ്രകോപനങ്ങളുണ്ടായാലും പ്രലോഭനങ്ങളുണ്ടായാലും സന്തുലിതവും പക്വവുമായ നിലപാടില്‍ നിന്ന് തെറ്റാതെ മനസ്സിനെ നേരെ ചൊവ്വെ നിര്‍ത്തുന്നത് അഥവാ പാകപ്പെടുത്തുന്നത് തന്നിഷ്ടത്തോടുള്ള പാരോട്ടത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇതും ജിഹാദിന്റെ ഒരു പ്രധാന ഇനമത്രെ.  

ഇസ്‌ലാമിന്റെയും മുസ്്‌ലിം ഉമ്മത്തിന്റെയും അതിജീവനത്തില്‍ ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ്, ഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങള്‍ വഹിച്ച പങ്ക് അവിസ്മരണീയമത്രെ. അതുപോലെത്തന്നെ ദൈവികമായ ആദര്‍ശത്തെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഗോത്രക്കാരും വിഭാഗക്കാരുമായി നബി(സ്വ)യും അനുചരരും ഉണ്ടാക്കിയ ഉടമ്പടികളും സഖ്യങ്ങളും ഇസ്ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളവയാകുന്നു. ജിഹാദിന്റെ പല അംശങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഏറെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് മക്കയുടെ സമീപത്തുള്ള ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് മക്കയിലെ ക്വുറൈശികളുമായി നബി(സ്വ) ഉണ്ടാക്കിയ സമാധാനക്കരാര്‍ ഇസ്‌ലാമിക ചരിത്രത്തിലെ മഹത്തായ ഒരു സംഭവമാകുന്നു. സംഘര്‍ഷമുക്തമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം വിലുപമായി നടത്താന്‍ സാഹചര്യമൊരുക്കുകയായിരുന്നു ഈ സമാധാനക്കരാറിന്റെ ലക്ഷ്യം.

Feedback