Skip to main content

നന്മ കല്പിക്കലും തിന്മ വിരോധിക്കലും

സമൂഹത്തില്‍ സദാചാരം നിലനില്‍ക്കണമെന്നും ദുരാചാരം നിര്‍മാര്‍ജനം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നവനാണ് മുസ്‌ലിം. സ്വയം സദാചാര നിഷ്ഠമായ ജീവിതം നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും അതിലേക്ക് ക്ഷണിക്കുകയും സ്വയം ദുരാചാരങ്ങളില്‍ നിന്നും മ്ലേഛ വൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തോട് ഗുണകാംക്ഷയുള്ളവനായി മാറുന്നത്. നന്മ ചെയ്യുന്നതോടൊപ്പം നന്മകല്പിക്കുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതോടൊപ്പം തിന്മയില്‍ നിന്ന് ജനങ്ങളെ വിലക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ബാധ്യത നിര്‍വഹിക്കുന്നവനായി മാറുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. നന്മയിലേക്ക് ക്ഷണിക്കുകയും സത്കര്‍മം ഉപദേശിക്കുകയും ദുഷ്‌കര്‍മം വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളായിരിക്കട്ടെ-അക്കൂട്ടര്‍ തന്നെയാണ് വിജയികള്‍(3:104).


ഉത്തമ സമൂഹമെന്ന വിശേഷണത്തിന് അര്‍ഹമാകുന്ന ഒരു ഗുണമായിട്ട് അല്ലാഹു പറയുന്നത്, നന്മകല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ് (3:110).


മതം ഗുണകാംക്ഷയാണ്. സ്വന്തം സഹോദരന് നന്മ വരണം എന്നതാണ് ഓരോരുത്തരും ആഗ്രഹിക്കേണ്ടത്. തിന്മ മറ്റൊരാള്‍ക്ക് ഉണ്ടാവുന്നതിനെയും അതിന്റെ കെടുതിയില്‍ പെട്ടുപോകുന്നതിനെയും പറ്റി ജാഗ്രത വേണം. നന്മയില്‍ പരസ്പരം സഹകാരികളാവുന്നത് പോലെ തിന്മ പരസ്പരം വിരോധിക്കുകയും ചെയ്യുമ്പോഴാണ് ഗുണകാംക്ഷയില്‍ അധിഷ്ഠിതമായ മതത്തിന്റെ ധര്‍മം നിര്‍വഹിക്കാന്‍ സാധിക്കുക.


അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: തിരുമേനി(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ''നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധ കര്‍മം കണ്ടാല്‍ തന്റെ കൈകൊണ്ട് അതു തടഞ്ഞുകൊള്ളട്ടെ. അതിനു കഴിയില്ലെങ്കില്‍ തന്റെ നാവു കൊണ്ടത് തടയട്ടെ. അതിനും സാധ്യമല്ലെങ്കില്‍ തന്റെ മനസ്സ് കൊണ്ട് വെറുത്തുകൊള്ളട്ടെ. അതാണ് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ പടി'' (മുസ്‌ലിം 49). 


സദാചാരം നിലനിര്‍ത്തി ജീവിക്കുന്നവരും ദുഷ്‌കര്‍മങ്ങളില്‍ മുഴുകി ജീവിക്കുന്നവരും സമൂഹത്തിലുണ്ടാവും. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ട സമൂഹങ്ങളുടെ ചിത്രം വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്. അവരെ അനുസരിക്കുന്നവരേക്കാള്‍ ധിക്കരിക്കുന്നവരും പരിഹസിക്കുന്നവരും ആയിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. നന്മതിന്മകള്‍ സമ്മിശ്രമായ സാമുഹികാന്തരീക്ഷത്തില്‍ തിന്മ ചെയ്യുന്നവരുടെ ദുഷ്പ്രവൃത്തിയുടെ ദുരന്തഫലം സമൂഹം മൊത്തത്തില്‍ അനൂഭവിക്കേണ്ടതായി വരുന്നു. അപരാധികളുടെ പാപഭാരം നിരപരാധികള്‍ ഏല്‍ക്കേണ്ടി വരില്ലെങ്കിലും അവര്‍ ചെയ്തുകൂട്ടിയ ദുഷ്‌ചെയ്തികളുടെ പരിണതി ചിലപ്പോള്‍ സമൂഹത്തെ പൊതുവില്‍ അപകടപ്പെടുത്തിയേക്കാം. കുറ്റവാളികള്‍ വിരലിലെണ്ണുന്നവര്‍ മാത്രമാണെങ്കിലും അത് ചെയ്യാന്‍ അവരെ അനുവദിക്കാതെ കൈക്ക് പിടിച്ച് നിരുത്സാഹപ്പെടുത്തിയാല്‍ തിന്മയുെട ദുഷിച്ച വലയില്‍ നിന്ന് ഒരു സമൂഹം രക്ഷപ്പെടുക തന്നെ ചെയ്യും. 


നബി(സ്വ) ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നു: അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുന്നവന്റെയും അത് ലംഘിക്കുന്നവന്റെയും ഉദാഹരണം ഒരുവിഭാഗം ജനങ്ങളെപ്പോലെയാണ്. യാത്രാ കപ്പലില്‍ അവര്‍ നറുക്കിട്ട് ചിലര്‍ കപ്പലിന്റെ മുകള്‍ തട്ടിലും ചിലര്‍ താഴെ തട്ടിലുമായി, താഴ്ന്ന ഭാഗത്തുള്ളവര്‍ക്ക് വെള്ളത്തിന്റെ ആവശ്യം നേരിടുമ്പോള്‍ മുകള്‍ ഭാഗത്തുള്ളവരുടെ ഇടയില്‍കൂടി നടക്കേണ്ടിവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: നമ്മുടെ ഭാഗത്ത് തന്നെ ഒരു ദ്വാരമുണ്ടാക്കിയാല്‍ മുകള്‍ ഭാഗത്തുള്ളവരെ നമ്മുക്ക് ശല്യത്തപ്പെടുത്താതിരിക്കാമല്ലോ. അവരുദ്ദേശിച്ചത് പോലെ അവരെ വെറുതെയങ്ങ് വിട്ടാല്‍ എല്ലാവരും നശിക്കും. എന്നാല്‍, ആ ശ്രമത്തില്‍ നിന്ന് തടഞ്ഞാല്‍ അവരും മറ്റുള്ള എല്ലാവരും രക്ഷപ്പെടും (ബുഖാരി, 5-94). 


സമൂഹത്തില്‍ ഇട്‌പെട്ട് ജീവിക്കേണ്ട വിശ്വാസി ഏത് സാഹചര്യത്തിലും തന്റെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കണം. നന്മ ചെയ്യുന്നതോടൊപ്പം തിന്മയുടെ സാഹചര്യങ്ങളില്‍ നിന്ന് വിശ്വാസി വിട്ടു നില്‍ക്കുകയും വേണം.


നടപ്പാതകളിലിരിക്കുന്നത് സൂക്ഷിക്കണമെന്ന് ഉണര്‍ത്തിക്കൊണ്ട് പ്രവാചകന്‍(സ്വ) പറഞ്ഞു ''വഴിയോടുള്ള ബാധ്യത നിര്‍വഹിക്കണം. അനുചരര്‍ ചോദിച്ചു വഴിയോടുള്ള ബാധ്യതകള്‍ എന്താണ്? തിരുമേനി(സ്വ) അരുളി: കണ്ണു നിയന്ത്രിക്കുക, ശല്യങ്ങള്‍ അകറ്റുക, സലാം മടക്കുക, നന്മ പ്രോത്സാഹിപ്പക്കുകയും തിന്മ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക'' (ബുഖാരി, മുസ്‌ലിം: 5,2121). 

Feedback