Skip to main content

തീവ്രവാദം

മിതത്വമാണ് ഇസ്ലാമിന്റെ മുഖമുദ്ര. അല്ലാഹു കല്പിച്ച കാര്യങ്ങള്‍പോലും അമിതമായി ചെയ്യാന്‍ പാടില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാര പാനീയങ്ങളും ലൈംഗിക സുഖവും വര്‍ജിച്ചുകൊണ്ടുള്ള വ്രതം റമദാനില്‍ അല്ലാഹു നിര്‍ബന്ധമായി വിധിച്ചിട്ടുണ്ട്. എന്നാല്‍ രാവും പകലും ഒരുപോലെ ആഹാരപാനീയങ്ങള്‍ വര്‍ജിച്ചുകൊണ്ട് നോമ്പെടുക്കാന്‍ പാടില്ലെന്ന് നബി(സ്വ) വിലക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ ആരെങ്കിലും ആഹ്വാനം ചെയ്യുകയാണെങ്കില്‍ അത് അതിരുകവിയലാണ്; തീവ്രവാദമാണ്. കൊല്ലം മുഴുവന്‍ നോമ്പെടുക്കണമെന്നോ രാത്രി മുഴുവന്‍ ഉറങ്ങാതെ നമസ്‌കരിക്കണമെന്നോ ആവശ്യപ്പെടുന്നതും അതുപോലെത്തന്നെ. ദാനം ഉള്‍പ്പെടെയുള്ള ധനവിനിയോഗങ്ങളില്‍ അമിതത്വമോ പിശുക്കോ കൂടാതെ മാധ്യമനിലപാട് സ്വീകരിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്.

ആത്മരക്ഷയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍പോലും അതിരുവിട്ട ആക്രമണം പാടില്ലെന്ന് ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്. യഹൂദരും ക്രൈസ്തവരും പുലര്‍ത്തിയ പല തീവ്രനിലപാടുകളെയും ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബ്രഹ്മചര്യത്തെയും സന്ന്യാസത്തെയും അല്ലാഹു വിമര്‍ശിച്ചതില്‍ നിന്ന് ഭക്തിയുടെയും പരിത്യാഗത്തിന്റെയും കാര്യത്തില്‍പോലും തീവ്രത പാടില്ലെന്ന് വ്യക്തമാക്കുന്നു. സത്യാന്വേഷണം നടത്തുന്ന വ്യക്തികള്‍ എത്തിച്ചേരുന്ന അഭിപ്രായങ്ങളില്‍ എത്ര വ്യത്യാസമുണ്ടായാലും അതൊക്കെ സ്വാഭാവികമായി കാണാനും അതിന്റെ പേരില്‍ വെറുപ്പോ വിരോധമോ പുലര്‍ത്താതിരിക്കാനുമാണ് നബി(സ്വ) പഠിപ്പിച്ചത്. പ്രവാചക ശിഷ്യന്മാരുടെ കൂട്ടത്തില്‍ തീവ്രവാദികളാരും ഉണ്ടായിരുന്നില്ല. പില്കാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉപോത്പന്നമായിട്ടാണ് ഖവാരിജ്, ശീആ പോലെയുള്ള തീവ്രവാദ വിഭാഗങ്ങളുണ്ടായത്. സച്ചരിതരായ പൂര്‍വീകര്‍ അവരോടൊന്നും യോജിച്ചിട്ടില്ല. ആധുനിക കാലത്തെ തീവ്രവാദികളായ താലിബാന്‍, അല്‍ഖാഇദ, ഐ എസ് വിഭാഗങ്ങളെ പ്രമാണ ബദ്ധതയുള്ള മുസ്‌ലിംകളെല്ലാം എതിര്‍ക്കുകയാണ് ചെയ്യുന്നത്.


 

Feedback