Skip to main content

വിട്ടുവീഴ്ച

മനുഷ്യരെല്ലാം വ്യത്യസ്ത പ്രകൃതമുള്ളവരാണ്. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിജനഭിന്നമാണ്. അന്യരുടെ അടുക്കല്‍ നിന്നുള്ള അനിഷ്ടകരമായ വാക്കുകളും, പ്രവൃത്തികളും സഹിഷ്ണുതയോടെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധങ്ങളില്‍ അത് വിള്ളല്‍ വീഴ്ത്തും. കോപത്തെ നിയന്ത്രിക്കാനും തെറ്റുകള്‍ക്ക് മാപ്പു കൊടുത്ത് വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കാനും വിശ്വാസികള്‍ക്ക് കഴിയണമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു ''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധുവെന്നോണം ആയിത്തീരുന്നു (41:34). ഏറ്റവും നല്ലതുകൊണ്ട് ചീത്തയെ തടുക്കണമെങ്കില്‍ ക്ഷമയും വിട്ടുവീഴ്ചയും സംയമനവും വേണം. നബി(സ്വ) പറഞ്ഞു: ''പ്രതിയോഗിയെ ഇടിച്ചുവീഴ്ത്തുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാകുന്നു'' (ബുഖാരി-മുസ്‌ലിം).

സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ കോപത്തെ നിയന്ത്രിക്കുന്നവരെയും ജനങ്ങള്‍ക്ക് മാപ്പു നല്‍കുന്നവരെയും അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു. ''സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കുകയും മനുഷ്യര്‍ക്ക് മാപ്പു നല്‍കുകയും ചെയ്യുന്നവര്‍ക്കു വേണ്ടി വിശാലമായ സ്വര്‍ഗം ഒരുക്കി വെച്ചിരിക്കുന്നു. സത്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (3:134). ഭാര്യമാര്‍ക്കിടയിലും സന്താനങ്ങള്‍ക്കിടയിലും സത്യവിശ്വാസികള്‍ക്ക് ശത്രുവുണ്ടാകും. അവരെ സൂക്ഷിക്കണമെന്ന് പറഞ്ഞ ശേഷം അല്ലാഹു ഇങ്ങനെ ഉപദേശിക്കുന്നു ''നിങ്ങള്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (64:14).

മനുഷ്യരുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിന് അവര്‍ക്ക് മാപ്പു കൊടുക്കാന്‍ മാത്രം ഹൃദയവിശാലതയാണ് വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത് എന്ന് അല്ലാഹു കല്പിക്കുന്നു. പ്രതികാരത്തിന് പകരം സ്‌നേഹം നല്‍കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് അങ്ങേയറ്റം ദയാപരനും സ്‌നേഹനിധിയും മാപ്പരുളുന്നവനുമായ അല്ലാഹുവിന്റെ കാരുണ്യത്തിന് നാം അര്‍ഹരായിത്തീരുന്നത്. ''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക'' (7:199).

പ്രതികരിക്കാനും തിരിച്ചടിക്കാനും സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിവന്നപ്പോഴും വിട്ടുവീഴ്ച മനോഭാവത്തോടെ പെരുമാറി മാതൃക കാണിക്കുകയായിരുന്നു പ്രവാചകന്‍(സ്വ). മക്കാ വിജയദിനത്തില്‍ നബി(സ്വ) മക്കയില്‍ പ്രവേശിച്ചു. കഅ്ബ തവാഫ് ചെയ്ത ശേഷം കഅ്ബ ശുദ്ധീകരിക്കുകയും അതില്‍ പ്രവേശിച്ച് നമസ്‌കരിക്കുകയും ചെയ്തു. അനന്തരം അവിടുന്ന് ഖുറൈശികളെ അഭിമുഖീകരിച്ചു. അവര്‍ നബി(സ്വ)യെയും വിശ്വാസികളെയും നിരന്തരം മര്‍ദിച്ചവരാണ്. മക്കയില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിച്ചവരാണ്. മദീനയില്‍ അഭയാര്‍ത്ഥികളായി കഴിയാന്‍ അവരെ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും അവരോട് യുദ്ധങ്ങള്‍ നടത്തുകയും ചെയ്തവരാണ്. എത്രയോ വിശ്വാസികളെ നിഷ്ഠൂരം കൊന്നൊടുക്കിയവരാണ്. അങ്ങനെ മാപ്പര്‍ഹിക്കാത്ത നിരവധി കുറ്റങ്ങള്‍ ചെയ്ത ശത്രുക്കളോട് പ്രവാചകന്‍(സ്വ) പറഞ്ഞു: ''ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല. നിങ്ങള്‍ പോയ്‌ക്കൊള്ളൂ, നിങ്ങള്‍ സ്വതന്ത്രരാണ്'' 

നബി(സ്വ)യെ വധിക്കാന്‍ വേണ്ടി മദീനയിലേക്ക് ഉമൈറുബ്‌നു വഹബിനെ അയച്ച കഠിന ശത്രുവമാണ് സ്വഫ്‌വാനുബ്‌നു ഉമയ്യ. അതിനാല്‍ മക്കാവിജയദിനം അയാള്‍ മക്ക വിട്ട് യമനിലേക്ക് യാത്ര പുറപ്പെട്ടു. ഉമൈര്‍ വിവരം നബി(സ്വ) യോട് പറയുകയും മാപ്പിന്നപേക്ഷിക്കുകയും ചെയ്തു. നബി(സ്വ) ഉമൈറിനെന്നപോലെ സ്വഫ്‌വാനും മാപ്പ് പ്രഖ്യാപിച്ചു. അക്കാര്യം ഉമൈര്‍ സ്വഫ്‌വാന്റെ അടുക്കല്‍ചെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അയാള്‍ തിരിച്ചു നബി(സ്വ)യുടെ അടുക്കല്‍ വരികയും അവിടുന്ന് മാപ്പ് നല്‍കുകയും ചെയ്തു. അയാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് രണ്ട് മാസം വേണമെന്നാവശ്യപ്പെട്ടു. നബി(സ്വ) അയാള്‍ക്ക് നാല് മാസം നല്‍കി.

പ്രവാചക പത്‌നി ആഇശ(റ)യുടെ പേരില്‍ അപവാദം നടത്തിയവരില്‍ മിസ്ത്വഹ്(റ) കുടുങ്ങിപ്പോയി. അബൂബക്ര്‍ സിദ്ദീഖ്(റ)ല്‍ നിന്ന് സഹായങ്ങളൊക്കെ സ്വീകരിച്ച് ജീവിക്കുന്ന സാധുവായിരുന്നു മിസ്ത്വഹ്. ആഇശയുടെ പേരില്‍ അപവാദപ്രചാരണത്തില്‍ പങ്കെടുത്തതിനാല്‍ ഇനി മുതല്‍ മിസ്ത്വഹിന്ന് യാതൊരു സഹായവും ചെയ്തുകൊടുക്കുന്നതല്ല എന്ന് അബൂബക്ര്‍ പ്രതിജ്ഞ ചെയ്തു. ആഇശ(റ)യെ ഈ വിഷയത്തില്‍ കുറ്റവിമുക്തയാക്കി വിശുദ്ധ ഖുര്‍ആനിന്റെ അവതരണമുണ്ടായി. മിസ്ത്വഹ്(റ) പോലെയുള്ളവര്‍ ഈ നടന്ന പ്രചാരണത്തില്‍ കണ്ണിചേരാന്‍ പാടില്ലായിരുന്നു എന്നത് സത്യമാണെന്നിരിക്കെ, ആ വിഷയത്തില്‍ അദ്ദേഹത്തിന് മാപ്പു കൊടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അതിന്റെ പേരില്‍ ദാനധര്‍മങ്ങള്‍ മുടക്കം ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞ് നബി(സ്വ) അബൂബക്ര്‍ സിദ്ദീഖിനെ തിരുത്തി. അല്ലാഹു പറഞ്ഞു 'നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ' (24:22).

ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമായ അല്ലാഹുവിന്റെ മാപ്പ് ആഗ്രഹിക്കുന്ന വിശ്വാസികള്‍ സൃഷ്ടികളോടും വിട്ടുവീഴ്ചയും മാപ്പും നല്‍കാന്‍ തയ്യാറാവണമെന്നാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.


 

Feedback