Skip to main content

മേല്‍കച്ചവടം, വിലയേറ്റല്‍, പൂഴ്ത്തിവെപ്പ്

മേല്‍കച്ചവടവും വിലയേറ്റലും

ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റൊരാള്‍ അതേ ചരക്കിന് വിലപറയുന്നത് നിഷിദ്ധമാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: ഒരാള്‍ തന്റെ സ്‌നേഹിതന്റെ കച്ചവടത്തില്‍ കച്ചവടം ചെയ്യരുത് (ബുഖാരി).

ഇതു സ്വത്ത് വാങ്ങാനുള്ള ആഗ്രഹത്താലായാലും ഉടമയ്ക്ക് ഏറെ വിലകിട്ടുന്നതിനുവേണ്ടിയായാലും ക്രേതാവിനെ നഷ്ടക്കാരനാക്കാനായാലുമെല്ലാം നിഷിദ്ധം തന്നെയാണ്. അയാള്‍ വിലപറഞ്ഞ് ഒഴിവായതിനു ശേഷമേ പുതിയ ക്രേതാവ് അതിന് വില പറയാന്‍ പാടുള്ളൂ. ചരക്ക് തനിക്ക് സ്വന്തമാക്കാന്‍ വേണ്ടി ക്രേതാവിനോട് ചരക്കിനെ കുറിച്ച് ന്യൂനതകള്‍ പറയുകയും മറ്റുംചെയ്യുന്നതും ഇതുപോലെ പാടില്ലാത്തതാണ്. അതുപോലെ കച്ചവടം ചെയ്ത് അച്ചാരം നല്കിയ വസ്തുവിന് വിലപറയുന്നതും വിക്രേതാവ് ആദ്യ ക്രേതാവിനെ ഒഴിവാക്കി കൂടുതല്‍ ലാഭം കിട്ടുന്ന രണ്ടാമത്തെ ഇടപാടിലേക്ക് മാറുന്നതും കുറ്റകരമാണ്. ഇങ്ങനെ താന്‍ വിറ്റ ചരക്ക് ന്യായരഹിതമായി മറ്റൊരാള്‍ക്ക് വീണ്ടും വിറ്റാല്‍ ആ കച്ചവടം അസാധുവാണ്. ആദ്യ കച്ചവടമാണ് പരിഗണിക്കപ്പെടുക. ഇതൊന്നും ഒരു പക്ഷേ ആധുനിക കോടതികളില്‍ വാദിച്ച് ജയിപ്പിക്കാന്‍ കഴിയുന്നതല്ലെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ ഏകനായി നിന്ന് സാക്ഷികളോ ശിപാര്‍ശകരോ ഇല്ലാതെ വാദിക്കേണ്ട രംഗം ഓര്‍ക്കുകയാണ് വേണ്ടത്.

അബൂഹുറയ്‌റ(റ) പറയുന്നു: (വാങ്ങാനുദ്ദേശ്യമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി) ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത് (ബുഖാരി).

പൂഴ്ത്തിവെപ്പ് 

വ്യക്തിയുടെ ലാഭത്തെക്കാള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കാണ് ഇസ്‌ലാം പ്രാധാന്യം നല്കുന്നത് എന്നതിനാല്‍, സമൂഹത്തിന് ആവശ്യമുണ്ടായിരിക്കെ തന്റെ പക്കലുള്ള ചരക്ക് തടഞ്ഞുവെക്കാന്‍ ഇസ്‌ലാം കച്ചവടക്കാരനെ അനുവദിക്കുന്നില്ല. നബി(സ്വ) പറഞ്ഞു: പൂഴ്ത്തിവെക്കുന്നവന്‍ പാപിയാണ് (മുസ്‌ലിം). വസ്തുക്കള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കാനായി പൂഴ്ത്തിവെയ്ക്കുന്നത് ഇരുലോകത്തും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമായി ഇസ്‌ലാം കാണുന്നു. സാധാരണ നിലയില്‍ വിപണിയുടെ ഇടപാടുകളില്‍ ഇസ്‌ലാം ഇടപെടുകയോ ലാഭനഷ്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ലെങ്കിലും ഇത്തരം സമൂഹദ്രോഹങ്ങളില്‍ നടപടികളെടുക്കേണ്ടത് അധികാരികളുടെ ബാധ്യതയായി ഇസ്‌ലാം കാണുന്നു.

മഅ്മര്‍(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ധാന്യങ്ങളുടെ ലഭ്യത കുറയുന്നതിനും വില കൂടുന്നതിനും വേണ്ടി പൂഴ്ത്തിവെക്കുന്നവര്‍ പാപികളാകുന്നു (മുസ്‌ലിം).

ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മുസ്‌ലിംകളുടെ ഭക്ഷണത്തില്‍ നിന്ന് വല്ലതും പൂഴ്ത്തിവെയ്ക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ മേല്‍ ദാരിദ്ര്യവും കുഷ്ടവും ഇറക്കുന്നതാണ് (അത്തര്‍ഗീബ് വത്തര്‍ഹീബ്).

അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ) പറയുന്നു: ആരെങ്കിലും നാല്‍പതു രാവുകള്‍ ഭക്ഷണം പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവനില്‍ നിന്നും അവന്‍ അല്ലാഹുവില്‍ നിന്നും ഒഴിവായിരിക്കുന്നു. വല്ലവരും ഇതുമൂലം വിശന്നുവലയുകയാണെങ്കില്‍ അല്ലാഹു അവരില്‍ നിന്നും ഒഴിവായിരിക്കുന്നു (അത്തര്‍ഗീബ് വത്തര്‍ഹീബ്).

സമൂഹം ക്ഷാമത്തിലായിരിക്കെ തനിക്കും കുടുംബത്തിനും ഒരു വര്‍ഷത്തേക്കാവശ്യമായതിലേറെ സൂക്ഷിച്ചു വെക്കുന്നതുപോലും കുറ്റകരമായ പൂഴ്ത്തിവെപ്പായി പണ്ഡിതന്മാര്‍ വിവരിക്കുന്നു. ഏതായാലും ജനങ്ങള്‍ക്ക് അത്യാവശ്യമുണ്ടായിരിക്കെ ഇനിയും വില വര്‍ധിക്കാന്‍ വേണ്ടി സൂക്ഷിച്ചുവെക്കുന്നത് ന്യായീകരണമര്‍ഹിക്കാത്ത പാപം തന്നെയാണ്. പിശുക്കിന്റെയും ആര്‍ത്തിയുടെയും മനസ്സാണ് പൂഴ്ത്തിവെപ്പിന് പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ വിശ്വാസികളെ അല്ലാഹു പ്രലോഭിപ്പിക്കുന്നത് അത്തരം സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചയുടെയും ദാനത്തിന്റെയും ഉദാരത സ്വീകരിച്ച്, കരുതിവെച്ചതെല്ലാം പുറത്തിറക്കി അല്ലാഹുവില്‍ നിന്ന് അളവറ്റ ഇരട്ടികള്‍ സമ്പാദിക്കാനാണ്. ഉമര്‍(റ)ന്റെ കാലത്ത് മദീന വരള്‍ച്ചയാല്‍ കടുത്ത ക്ഷാമത്തിലകപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്വാനം സ്വീകരിച്ച, നാട്ടിലും പുറംനാട്ടിലുമുള്ള സത്യവിശ്വാസികള്‍ വറുതിയുടെ ദിനങ്ങളിലേക്ക് കോരിച്ചൊരിഞ്ഞ ഔദാര്യം ചരിത്രത്തിന് അത്ഭുതമാണ്.

Feedback