Skip to main content

അവയവക്കച്ചവടവും കൃത്രിമ അവയവങ്ങളും

മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഇസ്‌ലാമിന്റെ നിരോധന പരിധിയില്‍ വരുന്നതാണ്. ഇസ്‌ലാം മനുഷ്യനെ ആദരിച്ചിരിക്കുന്നു. ശവമായാല്‍ പോലും ആദരവ് പാലിക്കപ്പെടേണ്ടതാണ്. ജനാസ സംസ്‌കരണത്തിന്റെ അനുഷ്ഠാന ഭാഗങ്ങളും മറ്റും ഇതിനു തെളിവാണ്. ശരീരാംശം മുറിച്ചുമാറ്റിയാലും അതിനെ നമസ്‌കരാമല്ലാത്ത കാര്യങ്ങളെല്ലാം നിര്‍വഹിച്ച് പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്ന് നിര്‍ദേശിക്കപ്പെട്ടതും ഇതുതന്നെയാണ് കുറിക്കുന്നത്. അക്രമത്താല്‍ അവയവങ്ങള്‍ മുറിക്കുന്നവന്റെ അതേ അവയവം മുറിച്ചെടുക്കണമെന്ന ഇസ്‌ലാമിലെ പ്രതിക്രിയാ നിയമവും യുദ്ധഭൂമിയിലെ ശത്രുവിന്റെ ജഡം പോലും അംഗഛേദം വരുത്തി വികൃതമാക്കാന്‍ പാടില്ലെന്നതും കര്‍ശന കല്പനയാണ്.

ആരോഗ്യം വലിയ ആശങ്കയും ചികിത്സ വന്‍ സാധ്യതയും പുറത്തെടുത്ത ഇക്കാലത്ത് രോഗഗ്രസ്ഥമായ ചില അവയവങ്ങള്‍ക്കുപകരം മറ്റൊരാളുടെ 'എക്‌സ്ട്രാ' അവയവം ഉപയോഗിച്ച് പരിഹാരം കാണാന്‍ കഴിയുന്നു.  കരള്‍, കിഡ്‌നി, മജ്ജ തുടങ്ങിയ ചില ഭാഗങ്ങളാണ് ജീവിനുള്ളവരില്‍ നിന്ന് ഇങ്ങനെ മാറ്റിവെക്കാന്‍ ഉപയോഗിക്കുന്നത്.  

മനുഷ്യോപകാരപ്രദമായ ഒരു കാര്യത്തെയും ഇസ്‌ലാം തടയുകയില്ല. എന്നുമാത്രമല്ല, പരോപകാരം അത് വളരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുണ്ട്. ''ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു''(5: 32). തങ്ങള്‍ക്ക് പ്രയാസമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകുന്നവരാണ് വിജയം പ്രാപിച്ചവര്‍ (59:9). ഈ ലോകത്ത് ഒരാളുടെ പ്രയാസം ദൂരീകരിക്കുന്നവന് പരലോകത്ത് അല്ലാഹു പ്രയാസങ്ങളില്‍ നിന്ന് മോചനം നല്കുമെന്ന് നബി(സ്വ)യും പഠിപ്പിക്കുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍, മരിച്ചതോ  ജീവിച്ചിരിക്കുന്നതോ ആയ ഒരാളുടെ അവയവം അവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല എന്നും, മറ്റൊരാള്‍ക്ക് അതിലേറെ പ്രയോജനക രാവുമെന്നും  ഉറപ്പുള്ള സാഹചര്യത്തില്‍ നല്കുന്നത് ഇസ്‌ലാം വിലക്കുന്നില്ല. എന്നാല്‍ അത് യാതൊരു കാരണവശാലും പ്രതിഫലം നിശ്ചയിച്ച ഇടപാടാകാന്‍ പാടില്ല. മനുഷ്യ ശരീരം ചരക്കല്ല എന്നതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ മഹത്തായ മാനവികതയില്‍ നിന്നല്ലാതെ ലാഭമോഹത്തിന്റെ വാണിജ്യ താല്‍പര്യമാകരുത്, പരമകാരുണ്യകന്‍ ദാനമായി തന്ന ശരീരാവയവങ്ങള്‍ ദാനം ചെയ്യേണ്ടത്.  എന്നാല്‍ അവയവങ്ങള്‍ എടുക്കാനും സൂക്ഷിക്കാനും മാറ്റി വെക്കാനും മറ്റുമുള്ള ചെലവുകള്‍ അതാതു കക്ഷികള്‍ക്ക് വഹിക്കാവുന്നതാണ്. അവയവ ദാതാക്കള്‍ അതിന്റെ പേരില്‍ സമ്മാനങ്ങളോ ചെലവുകളോ കൈപ്പറ്റാത്തതാണ് നല്ലത്. രക്തദാനത്തിന്റെ വിധി തന്നെയാണ് ഇവിടെയും ബാധകമാവുക.

പ്രതിരൂപ നിര്‍മാണത്തിന്റെ നിഷിദ്ധതയില്‍ ഉള്‍പെടുത്തി ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടുള്ള കൃത്രിമ അവയവ ബിസിനസും പ്ലാസ്റ്റിക് സര്‍ജറി മേഖലയിലെ വരുമാനവും നിഷിദ്ധമാക്കേണ്ടതില്ല. സാഹചര്യങ്ങളുടെ അനിവാര്യതയില്‍ ഇവയെല്ലാം സാധുവാണ്. 

Feedback