Skip to main content

മദ്യം, മയക്കുമരുന്ന്

ലഹരികളുടെ അടിമകളാണ് ആധുനിക മനുഷ്യന്‍. അനുവദനീയമായ കാര്യങ്ങള്‍ പോലും ലഹരിയായി പടര്‍ന്നുകയറി നിഷിദ്ധതയിലെത്തുന്നതാണ് സാമൂഹിക കാഴ്ച. കളിയും വിനോദവും ഭക്ഷണവും വസ്ത്രവും ആത്മീയതയുമെല്ലാം ഇങ്ങനെ ലഹരിയായി നിഷിദ്ധതയുടെ പരിധിയിലെത്തിയിട്ടുണ്ട്. ഇസ്‌ലാം മനുഷ്യജീവിതത്തിന് തെരഞ്ഞെടുത്തു നല്കുന്നത് മധ്യമ രീതിയും നിലപാടുകളുമാണ്. ജീര്‍ണതയും തീവ്രതയും വിശ്വാസത്തിലും ആചാരത്തിലും ജീവിത വൃത്തികളിലും ഇസ്‌ലാം അനുവദിക്കുന്നില്ല. ''അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി''(2:143). അതുകൊണ്ടുതന്നെ ആശയാര്‍ഥത്തിലുള്ള എല്ലാ ലഹരികളും നിഷിദ്ധമാണ്.

ലഹരിയോടുള്ള വിരോധം അതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളിലേക്കും ഇസ്‌ലാം ബാധകമാക്കിയിട്ടുണ്ട്. മദ്യപാനം, മദ്യപാനത്തിനും നിര്‍മാണത്തിനും വിപണനത്തിനും ഉപയോഗിക്കുന്ന പ്രത്യേക പാത്രങ്ങള്‍, മദ്യസദസ്സുകള്‍, വാങ്ങുന്നവന്‍, വില്‍ക്കുന്നവന്‍, വാങ്ങിക്കൊടുക്കുന്നവന്‍, സൗകര്യം ചെയ്തുകൊടുക്കുന്നവന്‍, ചെത്തുന്നവന്‍, തൊഴിലെടുക്കുന്നവന്‍, ആ വരുമാനം സ്വീകരിക്കുന്നവന്‍ തുടങ്ങിയവരെല്ലാം ഈ നിരോധത്തിന്റെ പരിധിയിലാണ്. ചരിത്രാതീത കാലം മുതല്‍ മനുഷ്യനെ മനോരോഗിയാക്കാനായി സമൂഹം ഉപയോഗിച്ചുവരുന്ന ഈ വശീകരണ വസ്തുവിനെ പരമാവധി സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനായി മനുഷ്യപ്രകൃതമറിയുന്ന കാരുണ്യവാനായ സ്രഷ്ടാവിന്റെ കരുതലുകളാണിവ.  ദൈവവിശ്വാസത്തിലധിഷ്ഠിതമായ എല്ലാ മത സംസ്‌കാരങ്ങളും മദ്യത്തെ പാപപാനീയമായി പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്‌ലാമിനോളം കാര്‍ക്കശ്യം അവിടങ്ങളിലൊന്നും ദൃശ്യമല്ല. പില്‍കാലത്ത് വന്ന ചില മതമേലധ്യക്ഷന്മാരും പുരോഹിതന്മാരുമെല്ലാം അതില്‍ മദ്യത്തെ ദിവ്യമെന്നും അശുദ്ധമെന്നും വേര്‍തിരിച്ച് വെള്ളം ചേര്‍ത്തുപയോഗിക്കാന്‍ അനുമതി നല്കിയിട്ടുണ്ട്. മുസ്‌ലിം സമൂഹം നൂറുക്കണക്കിന് കക്ഷികളും വിഭാഗങ്ങളുമായി വേര്‍പിരിയുകയും അഭിപ്രായവ്യത്യാസങ്ങള്‍ ആദര്‍ശ അടിത്തറയെപോലും ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മദ്യം അനുവദനീയമാണെന്നു പറഞ്ഞ മുസ്‌ലിം വിഭാഗങ്ങളുണ്ടായിട്ടില്ല.

അതിനാല്‍ സത്യവിശ്വാസികള്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു മേഖലയിലും തൊഴില്‍ചെയ്യുകയോ സഹകാരികളാവുകയോ ചെയ്യരുത്. മദ്യനിര്‍മാണത്തിന് മാത്രം ഉപയോഗിക്കുന്ന   വസ്തുക്കള്‍ വില്‍ക്കാനോ അവയുടെ ഏജന്റാകാനോ അവനു പാടില്ല. അനുവദനീയമായ കച്ചവടം നടക്കണമെങ്കില്‍ ഇത്തരം വസ്തുക്കള്‍ കൂടി ചരക്കുകളില്‍ ഉണ്ടാകണമെന്നു വന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹ പ്രതീക്ഷയില്‍ അതു ഒഴിവാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. മദ്യം അനുവദനീയമായി കരുതുന്ന ഭൂരിപക്ഷം അധിവസിക്കുന്ന നാട്ടില്‍ അത്തരക്കാര്‍ക്ക് വില്‍ക്കുന്നതും സമ്മാനമായി നല്കുന്നതും വാങ്ങിക്കൊടുക്കുന്നതും കുറ്റകരം തന്നെയാണ്. പട്ടാളത്തില്‍ നിന്നും മറ്റും ലഭിക്കുന്ന മദ്യവിഹിതം വാങ്ങി അത് ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാനോ തൊഴിലാളികളെ സന്തോഷിപ്പിക്കാനായി സമ്മാനിക്കാനോ കുടിക്കുന്നവര്‍ക്ക് കമ്പനിയായി കൂട്ടിരിപ്പുകാരാകാനോ ഒന്നും വിശ്വാസിക്ക് പാടില്ല.

പുകയിലയും വെറ്റിലയും മറ്റും പല ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെങ്കിലും ആധുനിക മുസ്‌ലിം പണ്ഡിതലോകം നിഷിദ്ധമെന്നു വിധിയെഴുതിയ പുകവലിക്കും ലഹരിയുള്ള പാന്‍പരാഗുകള്‍ക്കുമൊക്കെയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇവയുടെ കൃഷിയും നിഷിദ്ധമാണ്.

എന്റെ സമുദായം മദ്യപാനികളാകുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ലെന്നും ലഹരി ഇരുനൂറു പേരുകളില്‍ അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുമെന്നുമുള്ള നബി(സ്വ)യുടെ മുന്നറിയിപ്പുകളില്‍ വിശ്വാസികള്‍ ജാഗ്രത്താകേണ്ടതുണ്ട്.   ചില ജംഗ് ഫുഡ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഐസ്‌ക്രീം, ചോക്ലേറ്റ്, ച്യൂയിംഗം തുടങ്ങി നമ്മുടെ പുതിയ ജീവിതശൈലീ ഭക്ഷണങ്ങളിലും ടാല്‍കം പൗഡറുകള്‍, സുഗന്ധങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയിലും ചെറുതും വലുതുമായ തോതില്‍ ലഹരിയുത്പാദിപ്പിക്കുന്ന വസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിയമം മൂലം നിരോധിക്കേണ്ട പലതും ചില പഴുതുകളിലൂടെയും കുതന്ത്രങ്ങളിലൂടെയും രക്ഷപ്പെടുകയാണ്. വലിയ അളവില്‍ ലഹരിയുണ്ടാക്കുന്നവയുടെ ചെറിയ അളവും നിഷിദ്ധമാണെന്നാണ് ഇസ്‌ലാമികാധ്യാപനം എന്നോര്‍ക്കുക. ഇവയൊക്കെ ലഹരി എന്ന കുറ്റത്തിനു പുറമെ ആരോഗ്യക്ഷതം വരുത്തുന്നതിനും ധൂര്‍ത്തിനുമെല്ലാമുള്ള കുറ്റങ്ങള്‍ക്ക് കൂടി കാരണമാകുമെന്നത് നിഷിദ്ധതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

ചില ക്രീമുകള്‍, തുള്ളിമരുന്നുകള്‍, ഗുളികകള്‍, സിറപ്പുകള്‍ എന്നിവ ലഹരിക്കായി ദുരുപയോഗിക്കുന്നുണ്ട്. നേര്‍ക്കുനേരെ മദ്യം സേവിക്കാന്‍ സാങ്കേതിക തടസ്സങ്ങളുള്ള കുട്ടികളും യുവാക്കളുമാണ് ഇതിലൂടെ ലഹരിയുടെ ചതിക്കുഴിയില്‍ ചാടുന്നതില്‍ ഭൂരിഭാഗവുമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത ഇവ, ഈ മേഖലയുമായി ബന്ധപ്പെട്ട മുസ്‌ലിംകള്‍ വിവേചനമില്ലാതെ ലാഭമോഹത്തില്‍ മാത്രമായി കൈകാര്യം ചെയ്യാന്‍ പാടില്ല. 


 

Feedback