Skip to main content

ശവം, പന്നി, രക്തം, നായ, കൗതുക ജീവികള്‍

ശവം, പന്നി, രക്തം എന്നിവ ഇസ്‌ലാം മാലിന്യങ്ങളായി കാണുന്നു. ഇവ ഭക്ഷ്യപേയങ്ങളായി ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിട്ടുണ്ട്.  ജാബിര്‍(റ) പറയുന്നു: മക്കാവിജയ വര്‍ഷം മക്കയില്‍ വെച്ച് നബി(സ്വ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വില്‍ക്കുന്നത് അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? കപ്പലിന്റെ പുറത്തു പൂശാന്‍ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്റെ പുറത്തു തേക്കാറുണ്ട്. വിളക്കു കത്തിക്കാറുണ്ട് എന്ന് ചിലര്‍ ഉണര്‍ത്തി. നബി(സ്വ) അരുളി: അതും ഹറാമാണ്. ശേഷം നബി(സ്വ) തുടര്‍ന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോള്‍ അതവര്‍ ഉരുക്കി വിറ്റിട്ട് അതിന്റെ വില തിന്നു (ബുഖാരി).

എന്നാല്‍ മത്സ്യം, വെട്ടുകിളി എന്നിവ ചത്താലും ഭക്ഷ്യയോഗ്യമാണ്. ഇവ കച്ചവടം ചെയ്യുന്നതു അനുവദനീയമാണ്. ശവത്തിന്റെ തോല്‍ ഊറക്കിട്ടാല്‍ ഉപയോഗിക്കാമെന്നും നെയ്യ് ഭക്ഷണത്തിന്റെ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാമെന്നും നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഭക്ഷണാവശ്യത്തിനല്ലാതെ ശവത്തിന്റെ, രോമം, അസ്ഥി, നഖം തുടങ്ങിയ പ്രയോജനകരമായ ഭാഗങ്ങള്‍ ഉപയോഗിക്കാമെന്നും കച്ചവടം ചെയ്യാവുന്നതാണെന്നുമാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ ഇതു കച്ചവടത്തിനു തെളിവല്ലെന്നും ഉപയോഗം മാത്രമാണ് അനുവദിക്കുന്നതെന്നുമാണ്  മേലെ പരാമര്‍ശിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്. 

രക്തം കച്ചവടം ചെയ്യാന്‍ പാടില്ല. രക്തം വിറ്റ വില നബി(സ്വ) നിരോധിച്ചിരിക്കുന്നു (ബുഖാരി). ഇത് മനുഷ്യരക്തമായാലും നിഷിദ്ധമാണ്. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ രക്തം വാങ്ങുന്നത് വിലക്കപ്പെട്ടിട്ടില്ല. മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും മഹത്വം ഉദ്‌ഘോഷിക്കാനാണ് ഇവയുടെ വില്‍പന ഇസ്‌ലാം നിരോധിക്കുന്നത്. അതിനാല്‍ അവശ്യസന്ദര്‍ഭങ്ങളില്‍ അത് പ്രതിഫലം വാങ്ങാതെ ദാനം ചെയ്യുന്നത് പുണ്യകര്‍മമാണ്. ഇതുമായി ബന്ധപ്പെട്ട് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ശരിയല്ല. ഉടുമ്പിന്റെത് പോലെ അന്ധവിശ്വാസാധിഷ്ഠിതമായ രക്തപാനവും വില്പനയുമെല്ലാം ഈ നിരോധപരിധിയില്‍ വരും.

ഇസ്‌ലാമിന്റെ വൃത്തി വീക്ഷണവുമായി ബന്ധപ്പെട്ട് അകറ്റി നിര്‍ത്തേണ്ട മൃഗങ്ങളാണ് നായകള്‍. എന്നാല്‍ മക്കളെയും മനുഷ്യബന്ധങ്ങളെയും ബാധ്യതയായി കാണുന്ന ആധുനിക സമൂഹത്തിന്റെ കണ്‍മണികളാണ് അവ. യജമാനന്മാരുടെ കിടപ്പിലും നടപ്പിലുമെല്ലാം സര്‍വസ്വതന്ത്രമായി വിഹരിക്കാനും വസിയ്യത്തുകളില്‍ പോലും ഇടം നേടാനും 'ഭാഗ്യം' സിദ്ധിച്ച ശ്വാനലോകത്ത് അവയുടെ പരിപാലനവും പ്രദര്‍ശനവും വില്പനയുമെല്ലാം വലിയ വരുമാനമാര്‍ഗമാണ്. വീടും ഭക്ഷണവും വസ്ത്രവും ചമയങ്ങളും ശുചീകരണ വസ്തുക്കളുമെല്ലാം ഉള്‍പെടുന്ന ഏറെ ലാഭകരവും തൊഴില്‍ സാധ്യതയുള്ളതുമായ ഈ മേഖല പക്ഷേ വിശ്വാസികള്‍ വര്‍ജിക്കേണ്ടതാണ്. വേട്ട, കാവല്‍ പോലെ പ്രയോജനകരമായ അത്യാവശ്യങ്ങള്‍ക്കല്ലാതെ അവയെ വളര്‍ത്തുന്നത് ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. പൂച്ചക്കുഞ്ഞ് മുതല്‍ ആനക്കുട്ടി വലുപ്പത്തിലും പ്രകൃതത്തിലുമുള്ള ഇന്നത്തെ നായശ്രേണി ഇങ്ങനെ കാവലും വേട്ടയും ലക്ഷ്യമാക്കി വളര്‍ത്തപ്പെടുന്നതല്ല. ധൂര്‍ത്തും പൊങ്ങച്ചവും മാത്രമാണ് ലക്ഷ്യം. അതിനാല്‍ തന്നെ ഇവയെ പോറ്റുന്നതും പ്രദര്‍ശിപ്പിക്കുന്നതും ക്രയവിക്രയങ്ങളും നിഷിദ്ധമാണ്.

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്റെ പുണ്യകര്‍മങ്ങളില്‍ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത് (ബുഖാരി).

അബൂമസ്ഊദ്(റ) പറയുന്നു: നായയെ വിറ്റു കിട്ടുന്ന വില, വ്യഭിചാരിക്കും പ്രശ്‌നക്കാരനും കിട്ടുന്ന പ്രതിഫലം ഇവ നബി(സ്വ) നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി).

എന്നാല്‍ അന്യായമായി നായയെ ഉപദ്രവിക്കാനോ കൊല്ലാനോ ഇസ്‌ലാം അനുവദിക്കുന്നില്ല താനും. വേട്ടയ്‌ക്കോ കാവലിനോ പരിശീലനം നല്കപ്പെട്ട നായകളെ കച്ചവടം ചെയ്യാമെന്നും പാടില്ലെന്നുമായി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇവ രണ്ടിലും കച്ചവടം ആകാമെന്നാണ് സയ്യിദ് സാബിഖും മറ്റും അഭിപ്രായപ്പെട്ടിരിക്കുന്നത്(ഫിഖുഹുസ്സുന്ന). ഇങ്ങനെ വളര്‍ത്തല്‍ അനുവദനീയമായ നായകള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്നതും അനുവദനീയമാകും.

കൗതുക ജീവികളായ പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ പ്രധാന കച്ചവടമാണ്. ഇത്തരം ജീവികളെ വളര്‍ത്താന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ വിവിധ വീക്ഷണങ്ങളുണ്ട്. അതടിസ്ഥാനമാക്കിയാണ് അതിന്റെ കച്ചവടവും സാധുവാണോ എന്ന് തീരുമാനിക്കപ്പെടുക. കിളിക്കുഞ്ഞുങ്ങളെ സമ്മാനിച്ച അനുചരനോട് തള്ളക്കിളി ഇവയെ തെരയുന്നുണ്ടാകുമെന്നു പറഞ്ഞ് അവയെ എടുത്ത സ്ഥലത്ത് തിരിച്ചുവെക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ജീവികളെ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. 

പരിശീലനത്തിലൂടെ നമുക്കിടയില്‍ ഇണങ്ങി ജീവിക്കാനും തുറന്നിട്ടാല്‍ പോലും പുറത്തുപോകാതെ  നമ്മുടെ നിയന്ത്രണത്തില്‍ നില്ക്കാനും താത്പര്യമുള്ളവയാണെങ്കില്‍, വീട്ടുമൃഗങ്ങളെയും പക്ഷികളെയും പോലെ ഇവയെ വളര്‍ത്താമെന്നാണ് മറ്റൊരഭിപ്രായമുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൗതുകം മാത്രം പ്രയോജനമായ ഇവയുടെ വിലയും പരിചരണചെലവുമെല്ലാം ധൂര്‍ത്തിന്റെയോ ദുര്‍വ്യയത്തിന്റെയോ വകുപ്പില്‍ പെടുന്നുണ്ടോ എന്നാണ്. ആ നിലയിലായാല്‍ അവ വാങ്ങുന്നതും വില്ക്കുന്നതും പോറ്റുന്നതുമെല്ലാം നിഷിദ്ധമാകുമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല.

Feedback
  • Saturday May 11, 2024
  • Dhu al-Qada 3 1445