Skip to main content

ഹാനികരമായതും നിഷിദ്ധഉപയോഗത്തിനുള്ളതും മാലിന്യങ്ങളും

ആത്യന്തികമായി മനുഷ്യന് ഹാനികരമാകുന്ന വസ്തുക്കളുടെ വിപണനം നിഷിദ്ധമാണ്. ഇത് പക്ഷേ ആപേക്ഷികമായും കാലികമായും തീരുമാനിക്കപ്പെടേണ്ടതാണ്. അല്ലാഹു നേര്‍ക്കുനേരെ നിഷിദ്ധമാക്കിയിട്ടില്ലാത്തതും പ്രത്യക്ഷത്തില്‍ അനുവദിച്ചതുമായ കാര്യങ്ങള്‍ കച്ചവടംചെയ്യുന്നത് അനുവദനീയമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആധുനിക മനുഷ്യര്‍ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളും താത്കാലിക പ്രയോജനങ്ങള്‍ നല്കുമ്പോള്‍ അവയെല്ലാം മനുഷ്യമനസ്സ്, ശരീരം, മറ്റു ജീവജാലങ്ങള്‍, പ്രകൃതി തുടങ്ങിയവക്കെല്ലാം അപകടകരമാണെന്ന് വിദഗ്ധന്മാര്‍ മുന്നറിയിപ്പു നല്കുന്നു. ഇത് ജീവിതത്തിന്റെ അനിവാര്യവും ആഡംബരവുമായ എല്ലാ മേഖലകളിലും പലപ്പോഴും തിരിച്ചറിയാനും തുടച്ചു നീക്കാനും പോലും കഴിയാത്തവിധം ലയിച്ചു ചേര്‍ന്നിരിക്കുന്നു. വിഷാംശമുള്ള ഭക്ഷണങ്ങളാണ് ഇന്ന് ലഭിക്കുന്നതില്‍ കൂടുതലും. വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം മിക്കതും അപകടകരമാണ്. ഇവിടെ സത്യവിശ്വാസിക്ക് ഏതെല്ലാം വസ്തുക്കള്‍ ഉപയോഗിക്കാനും കച്ചവടംചെയ്യാനും പറ്റുമെന്നത് ഭക്തിയുള്ള മനസ്സും സന്ദര്‍ഭത്തിന്റെ തേട്ടവുമനുസരിച്ച് തീരുമാനിക്കേണ്ടതാണ്.

നന്മയെക്കാള്‍ അതിന്റെ തിന്മ മുന്‍കടന്നതാകരുത് എന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമം. മദ്യനിരോധവുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോള്‍ അതിന്റെ  ഗുണങ്ങള്‍ സൂചിപ്പിച്ച ഖുര്‍ആന്‍ പക്ഷേ അത് പാടെ നിരോധിച്ചു. പിന്നീട് അത് മരുന്നായി ഉപയോഗിക്കാറുണ്ടെന്നുണര്‍ത്തിയപ്പോള്‍ അല്ലാഹു നിഷിദ്ധമാക്കിയത് മരുന്നല്ല എന്ന് കട്ടായം പറയുകയായിരുന്നു നബി(സ്വ) ചെയ്തത്. ജംഗ് ഫുഡ്‌സ്, ആഡംബര വാഹനങ്ങള്‍, രാസവളങ്ങള്‍, രാസകീടനാശിനികള്‍, നിര്‍ണിത മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുക, വിപണനംചെയ്യുക തുടങ്ങിയ മേഖലകളില്‍ നിന്നും കഴിവിന്റെ പരമാവധി മാറി നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത്. ഇവയുടെയെല്ലാം ലഭ്യതയാണല്ലോ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. നാം മാത്രം മാറി നിന്നാല്‍ ഇതൊന്നും അവസാനിക്കുകയില്ലെങ്കിലും കഴിയുന്നതുപോലെ സൂക്ഷ്മത പുലര്‍ത്താന്‍ ബാധ്യതപ്പെട്ടവരാണ് മുസ്‌ലിംകള്‍. കച്ചവടവും വ്യാപാരവുമെല്ലാം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം. 

ചരക്ക് നല്ലതാവുകയും നല്ല ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാവുകയും ചെയ്യുന്നതോടൊപ്പം അറിഞ്ഞുകൊണ്ട് അത് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി വില്പന നടത്താന്‍ പാടില്ലാത്തതാണ്. സ്‌ഫോടക വസ്തു നിര്‍മാണ ആവശ്യങ്ങള്‍ക്കു വേണ്ടി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ അത് മനുഷ്യഹത്യക്കുപയോഗിക്കാനാണെന്നു മനസ്സിലായാല്‍ കച്ചവടം നിഷിദ്ധമാണ്. മുന്തിരി മദ്യനിര്‍മാതാവിന് വില്‍ക്കുന്നതും ഇതുപോലെ വിരോധിക്കപ്പെടും. പുണ്യത്തിലും ഭക്തിയിലും ആരുമായും പരസ്പരം സഹകരിക്കാനും കുറ്റത്തിലും ശത്രുതയിലും ആരോടും സഹകരിക്കാതിരിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനംചെയ്യുന്നത് (5:2).

വിശ്വാസം കടുത്ത പരീക്ഷണത്തിന് വിധേയമാകുന്നതാണ് ബിസിനസ് രംഗം. ലാഭക്കണ്ണുകളില്‍ വശീകരിക്കപ്പെടാതെയും നഷ്ടഭയങ്ങളില്‍ പതറാതെയും പിടിച്ചു നില്ക്കണമെങ്കില്‍ ശക്തമായ വിശ്വാസം വേണ്ടിവരും. എല്ലാവരും നിര്‍വഹിക്കുന്നു എന്നതോ തലമുറകളായി തുടര്‍ന്നു വരുന്നു എന്നതോ നടപ്പിലാക്കുക പ്രയാസമാണ് എന്നതോ തെറ്റ് ശരിയാക്കുകയില്ല. സ്വര്‍ഗത്തില്‍ പ്രവാചകന്‍മാര്‍ക്കൊപ്പം സ്ഥാനം ലഭിക്കുന്ന സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ എന്ന് നബി(സ്വ) വാഗ്ദാനം നല്കുന്നത് അളവിലും തൂക്കത്തിലും കൃത്യത പുലര്‍ത്തുന്നവനെ കുറിച്ചു മാത്രമല്ല; സംശയാസ്പദമായ എല്ലാ കച്ചവടങ്ങളില്‍ നിന്നും ഉറപ്പുള്ളതിലേക്ക് മാറുന്നവനെ കൂടിയാണ്. മൂന്നു വചനങ്ങള്‍ ശ്രദ്ധിക്കുക. 

പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായ തുമായ നീചവൃത്തികളും, അധര്‍മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ് (7:33).

നുഅ്മാന്‍(റ) പറയുന്നു: തിരുമേനി(സ്വ)ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സദൃശമായ ചില കാര്യങ്ങള്‍ ഉണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അത് ഗ്രഹിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ ഇത്തരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തെയും അഭിമാനത്തെയും കാത്ത് സംരക്ഷിച്ചു. എന്നാല്‍ വല്ലവനും സദൃശ്യമായ കാര്യങ്ങളില്‍ വീണുപോയാല്‍ അവന്റെ സ്ഥിതി, നിരോധിത മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍കാലികളെ മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവ അതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവിന്‍ എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്  അതു നന്നായാല്‍ മനുഷ്യ ശരീരം മുഴുവന്‍ നന്നായി അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചത് തന്നെ. അറിയുക അതത്രെ ഹൃദയം (ബുഖാരി).

ഇസ്‌ലാം മാലിന്യമായി കാണുന്ന ജന്തുവിസര്‍ജ്യങ്ങള്‍ വളത്തിനും ഇന്ധനത്തിനുമെല്ലാമായി ഉപയോഗം അനുവദനീയമായതിനാല്‍ അതിന്റെ കച്ചവടവും അനുവദനീയമാണ്. നാം മാലിന്യമായി പരിഗണിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റു അജൈവ മാലിന്യങ്ങളും മാലിന്യമല്ല, സമ്പത്താണെന്നാണ് ആധുനിക കാഴ്ചപ്പാട്. ഇസ്‌ലാമും ഇവയെ നിരുപാധികം മാലിന്യമായി പരിഗണിക്കുന്നില്ല. അതിനാല്‍ ഇത്തരം വസ്തുക്കളുടെ ക്രയവിക്രയവും അനുവദനീയമാണ്.

Feedback