Skip to main content

കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍

കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍, പിതാമഹനും സഹോദരങ്ങളും അനന്തരാവകാശികളായി വരുമ്പോഴുള്ള വിധിയെക്കുറിച്ച് പ്രധാനമായും രണ്ടഭിപ്രായക്കാരാണ്. 


ഒന്ന് : സഹോദരങ്ങളെ പിതാമഹാന്‍ തടയും
അബൂബക്ര്‍(റ), ആഇശ(റ) തുടങ്ങിയ പല പ്രമുഖ സ്വഹാബികളും ഇമാം അബൂ ഹനീഫയും ഈ അഭിപ്രായക്കാരാണ്. 


ഈ വാദഗതിയുടെ തെളിവുകള്‍
1) ഖുര്‍ആനില്‍ പിതാമഹന്‍ അബ് എന്നാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്  
2) പുത്രന്റെ അസാന്നിധ്യത്തില്‍ പൗത്രന്‍ പുത്രനെപ്പോലെ അനന്തരാവകാശം ലഭിക്കുകയും മരണപെട്ടയാളുടെ സഹോദരങ്ങളെ തടയുകയും ചെയ്യുന്നുണ്ട്. അതുപോലെ സഹോദരങ്ങളെ തടയുന്ന പിതാവിന്റെ സ്ഥാനത്ത് വരുന്ന പിതാമഹനും സഹോദരങ്ങളെ തടയേണ്ടതാണ്.
3) ഇനി പിതാമഹനെ നേര്‍ സഹോദരനെപ്പോലെ പരിഗണിച്ചാല്‍ അദ്ദേഹം പിതാവൊത്ത സഹോദരനെ തടയും. ഇനി പിതാവൊത്ത സഹോദരനെപ്പോലെ പരിഗണിച്ചാല്‍ അദ്ദേഹത്തെ നേര്‍ സഹോദരന്‍ തടയും. ഇനി അവര്‍ രണ്ടു പേരേക്കാളും താഴ്ന്ന പദവിയിലാണെങ്കില്‍ അദ്ദേഹത്തെ അവര്‍ രണ്ടു പേരും  തടയും.  പക്ഷേ ഇതൊന്നും അനന്തരാവകാശ നിയമത്തില്‍ സംഭവിക്കുന്നില്ല .
4)പുത്രന്‍മാര്‍ക്ക് പിതാമഹനെ തടയാന്‍ കഴിയില്ല. എന്നാല്‍ സഹോദരന്‍മാരെ തടയുകയും ചെയ്യുന്നു. അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് പിതാമഹന്‍ സഹോദരങ്ങളെക്കാള്‍ ഉയര്‍ന്ന പദവിയിലാണ് എന്നാണ്.
5) പിതാമഹന്‍ മാതാവൊത്ത സഹോദരീസഹോദരങ്ങളെ തടയുമെങ്കിലും സഹോദര ങ്ങള്‍ക്ക് അവരെ തടയാന്‍ കഴിയില്ല എന്നതും പിതാമഹന്‍ സഹോദരങ്ങളെക്കാള്‍ ഉയര്‍ന്ന പദവിയിലാണ് എന്നു കാണിക്കുന്നു.

രണ്ട് : പിതാമഹനോടൊപ്പം സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു 
ഉമര്‍ ബിന്‍ ഖത്താബ്(റ), ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ), സെയ്ദ് ബിന്‍ സാബിത്(റ) തുടങ്ങിയ സ്വഹാബിമാരും ഇമാം മാലിക്, ഇമാം ശാഫി, ഇമാം അഹ്മദ്  എന്നിവരും ഈ അഭിപ്രായക്കാരാണ് .


1) 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍.....' എന്ന ആയത്ത് പ്രകാരം അടുത്ത ബന്ധുക്കളായ  പിതാമഹനും സഹോദരങ്ങളും  ഒരുമിച്ച് അനന്തരാവകാശമെടുക്കുന്നതാണ്.
2) അനസ് ബിന്‍ മാലിക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നു സ്വഹാബികളുടെ കൂട്ടത്തില്‍ ഫറായിള് ഏറ്റവും കൂടുതല്‍ അറിയുന്നയാള്‍ സെയ്ദ് ബിന്‍ സാബിത് ആണെന്ന്. അപ്രകാരം പ്രവാചകന്റെ സാക്ഷി പത്രം ലഭിച്ച ഒരു സ്വഹാബിയുടെ അഭിപ്രായമാണിത്
3) സഹോദരങ്ങളുടെ അനന്തരാവകാശം ഖുര്‍ആന്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്  പിതാമഹന്‍ അവരെ തടയുമെന്നതിനു ഖുര്‍ആനിക സൂക്തമോ അല്ലെങ്കില്‍ ഇജ്മാഓ ഖിയാസോ ആവശ്യമാണ്. എന്നാല്‍ അതൊന്നുമില്ലതതിനാല്‍ പിതാവ് ഇവരെ തടയില്ലെന്ന് വ്യക്തമാണ് 
4) സഹോദരങ്ങളും പിതാമഹനും മരണപ്പെട്ട വ്യക്തിയുമായി തുല്യ ബന്ധമുള്ളവരാണ്. ഒരാള്‍ പിതാവിന്റെ പിതാവും മറ്റെയാള്‍ പിതാവിന്റെ മകനുമാണ്.  


ഇതിനു ഉപോല്‍ബലകമായ ഏതാനും തെളിവുകള്‍ കൂടി ഇതിനെ അനുകൂലിക്കുന്നവര്‍ നിരത്തുന്നുണ്ട്. ദൈര്‍ഘ്യ ഭയത്താല്‍ അവയെന്നും ഇവിടെ ചേര്‍ക്കുന്നില്ല.


ഈ രണ്ട് അഭിപ്രായങ്ങളെയും വിശകലനം ചെയ്ത ഭൂരിപക്ഷ പണ്ഡിതന്‍മാരും പ്രാധാന്യം നല്‍കുന്നതും മൂന്നു ഖലീഫമാരും മൂന്നു ഇമാമുകളും തിരഞ്ഞെടുത്തതും രണ്ടാമത്തെ അഭിപ്രായമാണ്.


പിതാമഹന്‍ (പിതാവിന്റെ പിതാവ്)  താഴെ പറയുന്നവരെ  അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുന്നതാണ്.
•    മാതാവൊത്ത സഹോദരീ സഹോദന്‍മാര്‍ 
•    നേര്‍ സഹോദരന്റെ പുത്രന്‍
•    പിതാവൊത്ത സഹോദരന്റെ പുത്രന്‍
•    നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
•    പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
•    പിതാവിന്റെ നേര്‍ സഹോദരന്‍
•    പിതാവിന്റെ പിതാവൊത്ത സഹോദരന്‍
•    പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍

•    സന്താനങ്ങളുടെയും, പുത്രന്റെ സന്താനങ്ങളുടെയും പിതാവിന്റെയും പിതാമഹന്റെയും അഭാവത്തില്‍ മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നു.
•    മാതാവിന്റെ അഭാവത്തില്‍ മാതാമഹിക്കും മാതാവിന്റെയും പിതാവിന്റെയും  അഭാവത്തില്‍ പിതാമഹിക്കും അനന്തരാവകാശം ലഭിക്കുന്നു. അതായത് പിതാവ് പിതാമഹിയെ മാത്രമേ തടയുകയുള്ളു. എന്നാല്‍ മാതാവ് പിതാമഹിയെയും (പിതാവിന്റെ മാതാവ്) മാതാമഹിയെയും (മാതാവിന്റെ മാതാവ്) അനന്തരമെടുക്കുന്നതില്‍ നിന്നു തടയുന്നതാണ്  (ഹംബലി മദ്ഹബനുസരിച്ച് മാതാവിന്റെ അഭാവത്തില്‍ പിതാവുണ്ടെങ്കിലും പിതാമഹിക്ക് അനന്തരാവകാശം ലഭിക്കും).
•    പിതാമഹി, മാതാമഹി ഇവരില്‍ ഒരാള്‍ മാത്രം ജീവിച്ചിരിക്കുന്നു എങ്കില്‍  ജീവിച്ചിരിപ്പില്ലാത്ത മറ്റേയാളുടെ മാതാവിന് അനന്തരാവാശം ലഭിക്കുകയില്ല.
•    മേല്‍പറഞ്ഞ പ്രകാരം മാതാമഹി മാത്രമേ തടയുകയുള്ളു. പിതാമഹി തടയുകയില്ല എന്നാണു ഇമം മാലിക്, ഇമാം ശാഫി എന്നിവര്‍ അഭിപ്രായപ്പെടുന്നത്.  
•    നേര്‍ സഹോദരന്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ അനന്തരമെടു ക്കുന്നതില്‍ നിന്ന് തടയുന്നതാണ്.
•    ഒന്നിലധികം നേര്‍ സഹോദരികളുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിയെ/ സഹോദരിമാരെ അനന്തരമെടുക്കുന്നതില്‍ നിന്നു തടയുന്നതാണ്.
•    ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരി/മാരോ ടൊപ്പം പിതാവൊത്ത സഹോദരന്‍/മാരുമുണ്ടെങ്കിലും പിതാവൊത്ത സഹോദരിമാര്‍ക്ക്  അനന്തരാ വകാശം ലഭിക്കുന്നതാണ്.
•    ഒരു നേര്‍ സഹോദരി പിതാവൊത്ത സഹോദരിയെ/സഹോദരിമാരെ അനന്തരമെടു ക്കുന്നതില്‍ നിന്ന് തടയുകയില്ല
•    ഒരു നേര്‍ സഹോദരിയും  പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ്  അവകാശികളായിട്ടുള്ളത്  എങ്കില്‍  നേര്‍ സഹോദരി ശിഷ്ട ഓഹരിക്കാരിയാവുകയും  പിതാവൊത്ത സഹോദരനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും. 
•    അതുപോലെ ഒരു  പിതാവൊത്ത സഹോദരിയും   പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ്  അവകാശികളായിട്ടുള്ളത്  എങ്കില്‍  പിതാവൊത്ത  സഹോദരി ശിഷ്ട ഓഹാരിക്കരിയാവുകയും  നേര്‍ സഹോദന്റെ പുത്രനെ  അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും.
•    നേര്‍ സഹോദരനോ പിതാവൊത്ത സഹോദരനോ ഇല്ലെങ്കില്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു 
•    എന്നാല്‍ നേര്‍ സഹോദരി, പിതാവൊത്ത സഹോദരി, ഒന്നിലധികം മാതാവൊത്ത സഹോദരങ്ങള്‍ എന്നിവരുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹരികള്‍ കഴിച്ച്  ബാക്കിയുണ്ടാവില്ല എന്നതിനാല്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുകയില്ല ( 1/2+1/6+1/3=1 ) 
•    താഴെ കൊടുത്ത ഓരോ അനന്തരാവകാശിയും അവര്‍ക്ക് താഴെയുള്ള അനന്തരാവകശികളെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയും.
•    നേര്‍ സഹോദരന്റെ പുത്രന്‍
•    പിതാവൊത്ത സഹോദരന്റെ പുത്രന്‍
•    നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
•    പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
•    പിതാവിന്റെ നേര്‍ സഹോദരന്‍
•    പിതാവിന്റെ പിതാവൊത്ത സഹോദരന്‍
•    പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍


 

Feedback