Skip to main content

അനന്തരാവകാശം ഇതര മതങ്ങളില്‍

പൗരാണിക ഗ്രീക്ക് റോമന്‍ ജനവിഭാഗങ്ങളില്‍ മൂത്ത പുത്രന്നു മാത്രമേ അനന്തരസ്വത്ത് ലഭിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീടത് എല്ലാ പുത്രമാര്‍ക്കും ബാധകമാക്കുകയും മൂത്ത പുത്രന്ന് മറ്റു പുത്രമാരുടെ ഇരട്ടിയാക്കി നിശ്ചയിക്കുകയും ചെയ്തു.  

ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് അറേബ്യയിലുണ്ടായിരുന്ന അനന്തരാവകാശ വ്യവസ്ഥ വളരെ വിചിത്രമായിരുന്നു. തന്റെ ഗോത്രത്തിനു വേണ്ടി ആരാണോ കൂടുതല്‍ സൈനികവും കായികവുമായ കഴിവ് വിനിയോഗിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനന്തരാവകാശത്തിന്റെ വിഹിതം നിശ്ചയിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ വളരെ അടുത്ത ബന്ധുക്കളാണെങ്കിലും ഈ രംഗത്ത് തങ്ങളുടെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് അനന്തര സ്വത്ത് തീരെ ലഭിച്ചിരിന്നുമില്ല. 

ലോകത്തെ പരിഷ്‌കൃത സമൂഹം എന്നറിയപ്പെടുന്ന യൂറോപ്പില്‍ വരെ ഈയടുത്ത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണു സ്ത്രീകള്‍ക്ക് അനന്തര സ്വത്ത് നല്‍കാന്‍ നിയമമുണ്ടാക്കിയതും അത് നല്‍കിത്തുടങ്ങിയതും. 
  
ലോകത്തെ ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളനുസരിച്ച് പുത്രനാണ് ഏക അനന്തരാവകാശി. പുത്രനില്ലെങ്കില്‍ പുത്രിക്കും പുത്രിയില്ലെങ്കില്‍ സഹോദരന്നും. ഇതില്‍ തന്നെ  പരേതന്റെ വിധവകളോ മാതാപിതാക്കാളോ ഒന്നും പെടുന്നുമില്ല. 
  
ബൈബിള്‍ പറയുന്നത് കാണുക:  ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്ക് കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ സഹോദരന്‍മാര്‍ക്ക് കൊടുക്കേണം. അവന്നു സഹോദരന്‍മാര്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്‍മാര്‍ക്ക് കൊടുക്കേണം. അവന്റെ അപ്പന്നു സഹോദരന്‍മാര്‍ ഇല്ലാതിരുന്നാല്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവന്‍ അത് കെവശമാക്കേണം. ഇത് യഹോവ മോശെയോടു കല്പ്പിച്ചതു പോലെ യിസ്രായേല്‍ മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം (സംഖ്യാപുസ്തകം 27/811).

ബൈബിളിന്റെ ഈ നിയമനുസരിച്ച്  സ്വത്തവകാശത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീക്ക്  പരിഗണനയില്ല. സ്ത്രീകളില്‍ നിന്ന് ആര്‍ക്കെങ്കിലും അനന്തരാവകാശത്തിനു അവകാശമുണ്ടെങ്കില്‍ അത് പരേതന്റെ പുത്രി മാത്രമാണ്. അതു തന്നെയും പരേതന് പുത്രനില്ലാതെ മരിച്ചാല്‍ മാത്രം; വിധവയ്ക്കു പോലും ഭര്‍ത്താവിന്റെ സ്വത്തില്‍ ഓഹരിയില്ല.  

ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ അനന്തരാവകാശത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നും തന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ പിന്‍തുടര്‍ന്നു  പോരുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848ലാണ്. 1850 ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.

സോഷിലിസ്റ്റ് വ്യവസ്ഥിതിയില്‍ സ്വത്തു മുഴുവന്‍ ഭരണ കൂടത്തിന്റേതാണു എന്നതിനാല്‍ വ്യക്തികള്‍ സ്വത്ത് ആര്‍ജിക്കാനോ അതിനു വേണ്ടി അധ്വാനിക്കാനോ തയ്യാറാവുകയില്ല. അതുകൊണ്ടു തന്നെ  ഈ വ്യവസ്ഥിതിയില്‍ സമൂഹത്തിനു വളര്‍ച്ചയോ പുരോഗതിയോ ഉണ്ടാവുകയില്ല വ്യക്തികള്‍ക്ക് സ്വത്ത് ആര്‍ജിക്കാനും അത് കൈവശം വെക്കാനും അവകാശമില്ലാത്തതിനാല്‍ ഈ വ്യവസ്ഥിതിയില്‍ അനന്തരാവകാശ പ്രശ്‌നം ഉദ്ഭവിക്കുന്നേയില്ല. 

സോഷിലിസ്റ്റ് വ്യവസ്ഥിതിക്ക് വിപരീതമായി മുതലാളിത്ത വ്യവസ്ഥിതിയില്‍ വ്യക്തിക്ക് യഥേഷ്ടം സ്വത്ത് സമ്പാദിക്കാനും അത് യഥേഷ്ടം വിനിയോഗിക്കാനും അതുപോലെ മരണാനന്തരം അവനിഷ്ടപ്പെടുന്നവര്‍ക്ക് അത് നല്കാനുമുള്ള അവകാശം നല്‍കുന്നു. അതുകൊണ്ടു തന്നെ യുറോപ്യന്‍ രാജ്യങ്ങളില്‍ പലരും തങ്ങളുടെ സ്വത്തുക്കള്‍ ബന്ധുക്കളെ ഒഴിവാക്കി തനിക്കിഷ്ടമുള്ള മറ്റു വല്ലവരുടെയും പേരില്‍ വില്‍ പത്രമെഴുതി വെക്കുന്നു. ഇതു ചിലപ്പോള്‍ തന്റെ സുഹൃത്തിനോ ഭൃത്യനോ സെക്രട്ടറിക്കോ അല്ലെങ്കില്‍ തന്റെ വളര്‍ത്തു നായയ്‌ക്കോ വരെയാകാറുണ്ട്.

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446