Skip to main content

അനന്തരാവകാശത്തിന്റെ ഘടകങ്ങള്‍

അനന്തരാവകാശത്തിന്റെ ഘടകങ്ങള്‍ മൂന്നാകുന്നു. 
1) മരണപെട്ട വ്യക്തി 
2) അനന്തരാവകാശി   
3) മരണപെട്ട വ്യക്തിയുടെ സ്വത്തുക്കള്‍
ഈ മൂന്ന് ഘടകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അനന്തരാവകാശം നടപ്പിലാക്കേണ്ടതുള്ളൂ.

മരണപ്പെട്ടയാളുടെ സ്വത്ത് നാലു കാര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. 

ഇസ്‌ലാമിക നിയമമനുസരിച്ചുള്ള ശേഷക്രിയയുടെ ചെലവുകള്‍ 

മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍  നിന്നാണ്  മയ്യിത്തിന്റെ മരണാനന്തര ക്രിയയുടെ ചെലവുകള്‍ നടത്തേണ്ടത്. മരണപ്പെട്ട മിസ്അബു ബ്‌ന് ഉമൈര്‍, ഹംസ എന്നിവരെ കഫന്‍ ചെയ്ത ശേഷമാണ് അവരുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പ്രവാചകന്‍ ആരാഞ്ഞത് എന്നത് മരണാനന്തര ചിലവുകള്‍ മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‌കേണ്ടതാണ് എന്നതിന് പണ്ഡിതന്‍മാര്‍ തെളിവായി കാണുന്നു.

കടബാധ്യത തീര്‍ക്കുക

കടബാധ്യത രണ്ടു തരമാണ.് ഒന്ന് അല്ലാഹുമായി ബന്ധപ്പെട്ടതും മറ്റേത് മനുഷ്യരുമായി ബന്ധപ്പെട്ടതും. മനുഷ്യരുമായി ബന്ധപ്പെട്ട കടങ്ങള്‍ അനന്തരാവകാശത്തിന് നീക്കിവെക്കുന്നതിനു മുമ്പായി നല്‍കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണെങ്കിലും സകാത്ത്, നേര്‍ച്ചകള്‍ പ്രായശ്ചിത്തം എന്നീ അല്ലാഹുവുമായി ബന്ധപ്പെട്ട  ബാധ്യതകള്‍ കൊടുത്തു വീട്ടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. പരേതന്‍ വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ നല്‍കേണ്ടതുള്ളൂ എന്നാണ് ഹനഫി വീക്ഷണം.  പരേതന്റെ സാമ്പത്തിക ബാധ്യത എന്ന നിലക്ക് അനന്തരാവകാശത്തിന് മുമ്പ് ഇത് പരിഗണിക്കേണ്ടതാണ് എന്ന് മറ്റുള്ളവരും അഭിപ്രായപ്പെടുന്നു. ഇതില്‍ അല്ലാഹുവുമായുള്ള കടങ്ങള്‍ മനുഷ്യരുടെ കടങ്ങള്‍ക്ക് മുമ്പായി നല്‍കേണ്ടതാണ് എന്ന് ശാഫി, ഹംബലി മദ്ഹബുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മനുഷ്യരുടെ കടങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ കടങ്ങള്‍ നല്‍കേണ്ടതുള്ളു എന്നഭിപ്രായമാണ് മാലികി മദ്ഹബിനുള്ളത്. രണ്ടിനും തുല്യ പരിഗണനയാണ് നല്‌കേണ്ടത് എന്നാണ് ഹമ്പലീ മദ്ഹബിന്റെ വീക്ഷണം. 
    
ഒരാളുടെ കടങ്ങള്‍ അയാളുടെ സ്വത്തിനെക്കാള്‍ കൂടുതലാണെങ്കില്‍ സ്വത്ത് മുഴുവന്‍ നല്‍കേണ്ടതാണ്. ഇനി ഒന്നിലധികം കടക്കാരുണ്ടെങ്കില്‍ അവരുടെ കടങ്ങളുടെ അനുപാതമനുസരിച്ച് അവര്‍ക്ക് സ്വത്ത് വീതിച്ചു നല്‍കേണ്ടതാണ്.
    
വസിയ്യത്ത് നിറവേറ്റുക

മരണപ്പെട്ട വ്യക്തി തന്റെ സ്വത്തില്‍ നിന്ന് ആര്‍ക്കെങ്കിലും വല്ലതും നല്‍കാന്‍ വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് കടങ്ങള്‍ കൊടുത്തു വീട്ടിയ ശേഷം വസിയ്യത്ത് നിറവേറ്റേണ്ടതാണ്. 

വസിയ്യത്ത് ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ അധികമാവാന്‍ പാടില്ല.

അനന്തരാവകാശിക്ക് വസിയ്യത്ത് പാടില്ല   
 
പ്രവാചകന്‍(സ്വ) പറഞ്ഞു: അള്ളാഹു ഓരോ അവകാശിക്കും അയാളുടെ അവകാശം കൊടുത്തിട്ടുണ്ട്. അതിനാല്‍ അനന്തരാവകാശിക്ക്  വസിയ്യത്ത്  ഇല്ല. ബാക്കി സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ അവരവരുടെ ഓഹരിയനുസരിച്ച് വിതരണം ചെയ്യുക.

മരണപ്പെട്ടയാളുടെ സ്വത്തില്‍ നിന്ന് മേല്‍ പറഞ്ഞവയ്ക്ക് ചെലവഴിച്ച ശേഷം ബാക്കി സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ ഓരോരുത്തരുടെയും വിഹിതമനുസരിച്ച് വീതിച്ചു നല്‍കേണ്ടതാണ്. അനന്തരാവകാശികള്‍ക്ക് സ്വത്തു നല്‍കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
    
മരണാനന്തര ക്രിയയുടെ ചിലവ്, മരണപ്പെട്ട വ്യക്തിയുടെ കടങ്ങള്‍, വസിയ്യത്ത് എന്നിവ കഴിച്ചു ബാക്കി മാത്രമേ അനന്തരാവകാശികള്‍ക്ക് നല്‍കാവൂ. അനന്തരസ്വത്ത് വീതിക്കുന്നതിനു മുമ്പായി അവകാശികളില്‍പ്പെട്ടവര്‍ ആരും മറ്റ് അവകാശികളുടെ അനുവാദമില്ലാതെ ആ സ്വത്തില്‍ നിന്ന് എത്ര നിസ്സാരമായത് ആണെങ്കില്‍ പോലും ഒന്നും എടുക്കാന്‍ പാടില്ല. മരണപ്പെട്ട വ്യക്തി തന്റെ സ്വത്തില്‍ വല്ലതും അവ കാശികളാരുടെയെങ്കിലും പക്കല്‍ സൂക്ഷിക്കാനോ താത്കാലിക ഉപയോഗത്തിനോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തില്‍ നിന്നു തിരിച്ചു വാങ്ങി അനന്തര സ്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

Feedback