Skip to main content

ബാധ്യതകള്‍ (14)

മനുഷ്യന്‍ സ്രഷ്ടാവിനോട് ഏറെ ബാധ്യതകളുള്ളവനാണ്. അതോടൊപ്പം വൈയക്തികവും കുടുംബപരവും സാമൂഹ്യപരവുമായ കടമകള്‍ സൃഷ്ടികളോടും നിര്‍വഹിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാവുന്നത്. ഐഹികജീവിതത്തില്‍ സുസ്ഥിതിയും സമാധാനവും പുലരുവാനും പാരത്രികജീവിതത്തില്‍ വിജയം കൈവരിക്കാനും അത് അനിവാര്യവുമാണ്. അല്ലാഹുവിന്റെ പ്രീതി നേടുവാനും പാരത്രിക ജീവിതത്തില്‍ വിജയം കൈവരിക്കാനും അനിവാര്യമായിട്ടുള്ള ബാധ്യതകള്‍ ജീവിതത്തിന്റെ പല തുറകളില്‍ വിശ്വാസിക്ക് നിര്‍വഹിക്കേണ്ടതായി വരും. അവ മനസ്സിലാക്കി നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ബന്ധങ്ങള്‍ക്ക് ഊഷ്മളതയും കെട്ടുറപ്പും ഉണ്ടാവുന്നത്. ബാധ്യതകള്‍ നിര്‍വഹിക്കുന്നിടത്ത് സംഭവിക്കുന്ന വീഴ്ചകള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. കുടുംബപരവും സാമൂഹികവും വൈയക്തികവുമായ ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്നതും അതില്‍ ഉലച്ചിലുകള്‍ തട്ടുന്നതും മുസ്‌ലിമിന്റെ പാരത്രിക ജീവിതത്തില്‍ പരാജയം വരുത്തി വെയ്ക്കും. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിന് പ്രഥമ പരിഗണന നല്കുന്നതോടൊപ്പം മനുഷ്യരോട് വിവിധ കാലങ്ങളില്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ ഇസ്‌ലാം സഗൗരവം പരിഗണിച്ചിട്ടുണ്ട്. നബി(സ്വ), മാതാപിതാക്കള്‍, മക്കള്‍, കുടുംബം, ദമ്പതികള്‍, ഭരണകര്‍ത്താക്കള്‍, ഭരണീയര്‍, അയല്‍വാസി, മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ തുടങ്ങി അനേകം തലങ്ങളിലേക്ക് വിശ്വാസിയുടെ ബാധ്യതകള്‍ നീളുന്നു. അതിനുപുറമെ പ്രകൃതിയോടും പരിസ്ഥിതിയോടും മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്.  

മനുഷ്യജീവിതത്തിന് അഴകും അര്‍ഥവും നല്കുന്നത് ബന്ധങ്ങളാണ്. ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നത് ബാധ്യതാനിര്‍വഹണമാണ്. അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നു. അല്ലാഹു ഇക്കാര്യം ഗൗരവസ്വരത്തില്‍ ഇങ്ങനെ പറയുന്നു: ''അല്ലാഹുവിന്റെ ഉത്തരവ് അവന്‍ ശക്തിയുക്തം നല്കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രേ അവര്‍ (അധര്‍മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍'' (2:27).
 

Feedback