Skip to main content

പ്രകൃതിയോടുള്ള ബാധ്യതകള്‍

പ്രപഞ്ചഘടനയില്‍ വാസയോഗ്യമായ ഇടമാണ് നമ്മുടെ ഭൂമി. അതുകൊണ്ടു തന്നെ ഭൂമിയും അതിലെ വിഭവങ്ങളും സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യന്നുണ്ട്. ജൈവമണ്ഡലം എന്നര്‍ഥം ലഭിക്കുന്ന അറബി പദമാണ് അര്‍ള്. വായു, ജലം, മണ്ണ്, പ്രകാശം, കാറ്റ്, മഴ, ജീവജാലങ്ങള്‍, മറ്റു വസ്തുക്കള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഭൂമിയും ജൈവമണ്ഡലവും. മനുഷ്യവാസത്തിന് അനുഗുണമായ വിധത്തിലാണ് അല്ലാഹു ഈ ഭൂപ്രകൃതിയെയും അതിലെ എണ്ണമറ്റ വിഭവങ്ങളെയും സംവിധാനിച്ചിരിക്കുന്നത്. ഈ ജൈവമണ്ഡലത്തെ സന്തുലിതമായ രീതിയില്‍ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സന്തുലിതത്വത്തെ തകര്‍ക്കാതെ നീതിയുക്തമായ ഇടപെടലിലൂടെ ഈ പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് മനുഷ്യനോട് അല്ലാഹുവിന്റെ കല്പന. അല്ലാഹു പറയുന്നു: സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാകുന്നു. ചെടികളും മരങ്ങളുമെല്ലാം അവന്ന് സുജൂദ് ചെയ്യുന്നു. അവന്‍ ആകാശങ്ങളെ ഉയര്‍ത്തി, ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാത്തതാണ്. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവു വരുത്തരുത്. ഈ മഹാഗോളങ്ങള്‍ അല്ലാഹുവിന്റെ വ്യവസ്ഥയില്‍ ബന്ധിക്കപ്പെട്ടതാണ് (55:5-13).

ജലം ജീവന്റെ ആധാരമാണ്. പരിശുദ്ധ ഖുര്‍ആനില്‍ നാലു സ്ഥലങ്ങളില്‍ ശുദ്ധ ജലത്തെ കുറിച്ച പരാമര്‍മുണ്ട്. ഒഴുകുന്ന വെള്ളം, അനുഗൃഹീത വെള്ളം, മധുരജലം, ശുദ്ധജലം എന്നിങ്ങനെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഈ വെള്ളത്തെ മലിനപ്പെടുത്തുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യരുതെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു. കെട്ടി നില്ക്കുന്ന വെള്ളത്തില്‍ വിസര്‍ജിക്കരുതെന്നും അംഗശുദ്ധി ചെയ്യാനാണെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്നും നബി പഠിപ്പിച്ചു. പ്രകൃതിയുടെ അമൂല്യവിഭവം എന്ന നിലയ്ക്ക് വെള്ളത്തെ വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ പാലിക്കേണ്ട സൂക്ഷ്മതയാണ് നബി(സ്വ) പകര്‍ന്നു തന്നത്. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട വിഭവം എന്ന നിലയ്ക്ക് വെള്ളത്തെ വില്‍ക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മുസ്‌ലിംകള്‍ മൂന്നെണ്ണത്തില്‍ പങ്കാളികളാണ്, അവകാശികളാണ്. വെള്ളം, പുല്ല്, തീ ഇവയുടെ വില സ്വീകരിക്കുന്നതും നിഷിദ്ധമാണ്. 

ഭൂമിയുടെ നിലനില്പിന്നായി സ്ഥിരതയുട ആണിക്കല്ല് എന്ന നിലയ്ക്ക് അല്ലാഹു സംവിധാനിച്ചവയാണ് പര്‍വതങ്ങള്‍.  ഇവയുടെ സംരക്ഷണ ബാധ്യത മനുഷ്യന്നു തന്നെയാണ്. പര്‍വതങ്ങള്‍ തുരന്ന് ദുരുപയോഗം ചെയ്ത സമുദായത്തെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ''താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ സമൂദ് ഗോത്രത്തെ കൊണ്ടും''(89:9). പര്‍വതങ്ങളെ ആണിക്കല്ലായി നിര്‍ത്തി ഭൂമിയുടെ സ്ഥിരത ഉറപ്പിച്ച അല്ലാഹു, മനുഷ്യനോട് പ്രകൃതിയില്‍ ഈ അതിക്രമവും അസന്തുലിതത്വവും ഉണ്ടാക്കി വെക്കരുതെന്ന് കല്പിക്കുകയാണ്. ''കരയിലും കടലിലും വിപത്തുകള്‍ വ്യാപകമായതിന്റെ ഉത്തരവാദി മനുഷ്യകരങ്ങളാണ് എന്നുണര്‍ത്തിയ ശേഷം (30:41) മനുഷ്യന്‍ ചെയ്യുന്ന പരിധിവിട്ട പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അവന്‍ അനുഭവിച്ചേ തീരൂ എന്നുകൂടി അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നു. 

മനുഷ്യവാസത്തിന്നായി അല്ലാഹു ഈ ഭൂമിയെ വിഭവസമൃദ്ധമായി സംവിധാനിച്ചിരിക്കുന്നു. കൃഷി ചെയ്യുന്നതിലൂടെ ഭൂമിയെ ജീവസ്സുറ്റതാക്കി ത്തീര്‍ക്കാനുള്ള ബാധ്യത മനുഷ്യനാണ്. ഭൂമിയോട് നീതി പുലര്‍ത്തി ജീവിക്കുന്നതിന്റെ ഭാഗമാണ് ഈ മണ്ണിനെ കൃഷിയോഗ്യമാക്കി ഉപയോഗപ്പെടുത്തുക എന്നത്. ആരും കൃഷിയിറക്കാത്ത ഭൂമിയില്‍ ഒരാള്‍ കൃഷി ചെയ്താല്‍ ആ ഭൂമി കൃഷി ചെയ്തയാളുടേതാണെന്ന് നബി(സ്വ) ഉണര്‍ത്തി.  അനസുബ്‌നു മാലിക്(റ) പറയുന്നു: ഒരു മുസ്‌ലിം ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ട് അതിന്റെ വിളവ് (കായ്കനികളില്‍ നിന്ന്) മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിച്ചുപോയാല്‍ അത് അവന്റെ പേരില്‍ ധര്‍മമായി രേഖപ്പെടുത്തപ്പെടും (സ്വഹീഹുല്‍ ബുഖാരി 2320).

യുദ്ധത്തിന് സൈനിക സജ്ജീകരണം നടത്തുന്ന സന്ദര്‍ഭത്തില്‍ പോലും ഖലീഫമാരായ അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ സൈനിക നായകന്‍മാരെ ഉപദേശിച്ചത് കരുതലോടെ ഈ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും കൈകാര്യം ചെയ്യണമെന്നായിരുന്നു. 'നിങ്ങള്‍ യുദ്ധഭൂമിയില്‍ പ്രവേശിച്ചാല്‍ കുട്ടികളെ വധിക്കരുത്, സ്ത്രീകള്‍ക്കു നേരെ അതിക്രമം കാണിക്കരുത്, കൃഷി നശിപ്പിക്കുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യരുത്' എന്നായിരുന്നു. മനോഹരമായ ഭൂപ്രകൃതിയും അതിലെ അനുഗൃഹീതമായ വിഭവങ്ങളും കരുതലോടെ വിനിയോഗിക്കാനും കൈകാര്യം ചെയ്യാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. 


 

Feedback