Skip to main content

വിശുദ്ധ ഖുര്‍ആനും നബിചര്യയും

വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളുടെ ആധികാരിക വിശദീകരണമാണ് ഹദീസുകള്‍ അഥവാ നബിചര്യ. വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയ മൗലിക തത്ത്വങ്ങളും നിര്‍ദേശങ്ങളും ദൈവിക വെളിപാടിന്റെ അടിത്തറയില്‍ നിന്നു കൊണ്ട് വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത് നബി(സ്വ)യായിരുന്നു. അതിനുള്ള അധികാരവും അവകാശവും നബി(സ്വ)ക്കുണ്ടെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ''നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നു. ജനങ്ങളിലേക്ക് ഇറക്കപ്പെട്ടത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി'' (16:44). ഖുര്‍ആനിക തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം സന്ദേശവാഹകനായിരുന്നില്ല പ്രവാചകന്‍. മറിച്ച് ആ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അതിന്റെ വിശദാംശങ്ങളോട് കൂടി സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച് അതിലൂടെ പ്രവാചകന്‍(സ്വ) അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിച്ചെടുക്കുകയും ആയിരുന്നു. പ്രവാചകന്‍(സ്വ) നിര്‍വഹിച്ച ആ ദൗത്യത്തെ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു. '' തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ'' (3:164).

പരിശുദ്ധ ഖുര്‍ആന്‍ സംക്ഷിപ്തമായി വിവരിച്ച കാര്യങ്ങളെ വിശദീകരിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്തത് പ്രവാചകന്‍(സ്വ) ആയിരുന്നു. ഉദാഹരണത്തിന് നമസ്‌കരിക്കാനുള്ള കല്പനകളും അതിന്റെ സമയത്തെക്കുറിച്ച സൂചനകളും മാത്രമാണ് ഖുര്‍ആനിലുള്ളത്. റക്അത്തുകളുടെ എണ്ണം, നമസ്‌കാരത്തിന്റെ ശരിയായ രൂപം, നമസ്‌കാരത്തിന്റെ മുന്നോടിയായ ബാങ്ക്, ഇഖാമത്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നത് ഹദീസുകളിലാണ്. ഞാന്‍ നമസ്‌കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കാണുന്നത് അപ്രകാരം നിങ്ങളും നമസ്‌കരിക്കുക എന്ന് പറഞ്ഞുകൊണ്ട് നബി(സ്വ) നമസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിപ്പിച്ചുകൊടുത്തു. സകാത്ത് കൊടുക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന സമ്പത്തിന്റെ പരിധി, സകാത്ത് നല്‍കേണ്ട അളവ്, സകാത്ത് നിര്‍ബന്ധമാകുന്ന സമ്പത്തിന്റെ ഇനങ്ങള്‍ എന്നിവയെല്ലാം നബി (സ്വ) ഹദീസുകളിലൂടെ നമുക്ക് വിശദീകരിച്ചുതരുന്നു. നോമ്പ് നിര്‍ബന്ധമാക്കികൊണ്ട് അല്ലാഹുവിന്റെ കല്പനയുണ്ടായപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ അനുശാസന വന്നു: നോമ്പ് നോല്‍ക്കുന്ന ദിവസം പുലര്‍ച്ചെ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാവുന്നത് വരെ ഭക്ഷണം കഴിക്കാം (2:187). എന്നാല്‍ രാത്രിയില്‍ നിന്ന് വെളുത്ത പ്രഭാതം പ്രകടമാവുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് നബി(സ്വ) വിശദീകരിച്ചു. ഇസ്‌ലാമിലെ മറ്റൊരു ആരാധനയായ ഹജ്ജ് നിര്‍വഹിക്കാനുള്ള കല്പന വിശുദ്ധ ഖുര്‍ആനിലുണ്ട്. എന്നാല്‍ ഹജ്ജിലെ അനുഷ്ഠാനങ്ങളുടെ ശരിയായ രൂപവും കാര്യങ്ങളും പഠിപ്പിക്കപ്പെട്ടത് ഹദീസിലൂടെയാണ്. ''എന്നില്‍നിന്ന് ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ പഠിക്കുക'' എന്നായിരുന്നു അതു സംബന്ധമായി നബി(സ്വ) പറഞ്ഞത്. ഭക്ഷ്യപദാര്‍ഥങ്ങളില്‍  നല്ലതെല്ലാം ഹലാലും ചീത്തയെല്ലാം നിഷിദ്ധവുമാണെന്ന പൊതുനിര്‍ദേശം നല്‍കുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍ (5:4,5). ഇങ്ങനെ വിശദീകരിച്ചുകൊണ്ട് നല്ല വസ്തുക്കള്‍ ഏതൊക്കെയാണെന്നും പാടില്ലാത്ത ചീത്ത വസ്തുക്കള്‍ ഏതൊക്കെയാണെന്നും നബി(സ്വ) നമുക്ക് പറഞ്ഞ് തന്നു. ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്, അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍ (6:82). ഈ സൂക്തത്തിലെ 'ദുല്‍മ്' (അക്രമം) ശിര്‍ക്കാണെന്ന് പ്രവാചന്‍(സ്വ) വിശദീകരിച്ചു. ഈ രൂപത്തില്‍ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് ഉണ്ടാകാവുന്ന സന്ദേഹങ്ങളെ ദൂരീകരിക്കുന്നതിന് ഹദീസ് സഹായകമാണ്.

വിശുദ്ധ ഖുര്‍ആനിലെ പൊതുവായ ആജ്ഞകളെ നബിചര്യയിലൂടെ കൃത്യമായി പറയുന്നു. ഉദാഹരണത്തിന് ഖുര്‍ആന്‍ അനന്തരവകാശികള്‍ക്ക് ഓഹരി നല്‍കാന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ അവരില്‍ നിന്നുള്ള ഘാതകരെ ഹദീസ് മുഖേന നബി ഒഴിവാക്കുന്നു.

ഇമാം ശാത്വിബി(റ) പറയുന്നു. 'ഖുര്‍ആനില്‍ ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള വചനങ്ങള്‍ കാണാവുന്നതാണ്. അവയിലേതെങ്കിലും ഒന്നിനെ നബിചര്യ നിര്‍ണയിക്കുന്നു. അപ്പോള്‍ അത് സ്വീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്യേണ്ടതാണ്. ഖുര്‍ആനിക വചനങ്ങളിലെ നിരുപാധിക കല്പനകളെ (അല്‍ മുത്വ്‌ലഖാത്ത്) നബിചര്യ നിബന്ധനക്ക് വിധേയങ്ങളാക്കി (അല്‍ മുഖയ്യദാത്ത്) മാറ്റുന്നു. ഖുര്‍ആനിലെ പൊതുവായ അനുശാസനങ്ങളെ നബിചര്യ ചിലപ്പോള്‍ പ്രത്യേകമാക്കുന്നു. ഉദാഹരണമായി മോഷ്ടാവിന്റെയും മോഷ്ടിച്ചവളുടെയും കരം മുറിക്കാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു (5:38). എന്നാല്‍ നബിചര്യ അതിന് പ്രത്യേക പരിധി നിര്‍ണയിക്കുന്നു. (അല്‍മുവാഫഖാത്ത് 3:342).

ഖുര്‍ആനിക തത്വങ്ങളുടെയും അധ്യാപനങ്ങളുടെയും യഥാര്‍ഥ ആശയവും പൊരുളുകളും ഹദീസുകളുടെ അഭാവത്തില്‍ ഗ്രഹിക്കുക സാധ്യമല്ല. ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന രീതിയിലുള്ള മതപരവും ആത്മീയവുമായ തലങ്ങള്‍ സന്തുലിതമായി കോര്‍ത്തിണക്കപ്പെട്ട ഇസ്‌ലാമിക ജീവിതം സാധ്യമാകണമെങ്കിലും ഹദീസുകള്‍ കൂടിയേ തീരൂ.


 

 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445