Skip to main content

പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച കുറ്റാരോപണം

ജനങ്ങളുടെ മാന്യതക്കും അഭിമാനത്തിനും ഇസ്‌ലാം വളരെ വലിയ ആദരവ് നല്‍കിയിട്ടുണ്ട്. രക്തം, ധനം എന്നിവ പവിത്രമായതുപോലെ അഭിമാനവും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടവനാണ് ഓരോ മുസ്‌ലിമും. രക്തം ചിന്തുന്നതും ധനം അപഹരിക്കുന്നതും കൊടിയ കുറ്റമാവുന്നതു പോലെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഗൗരവതരമായ പാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ചാരിത്ര്യവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കല്‍ അവരുടെ അഭിമാനത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ്. അതിലൂടെ അവരുടെയും കുടുംബത്തിന്റെയും സല്‍പേരിന് കളങ്കമേല്‍ക്കുകയും ചെയ്യുന്നു. ഇത് അവരുടെ ഭാവിജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുത്തുകയും അപകടക്കുരുക്കിലാക്കുകയും ചെയ്യുന്നു. സര്‍വോപരി ഈ അപവാദ പ്രചാരണംകൊണ്ട് സത്യവിശ്വാസികളുടെ സമൂഹത്തില്‍ അധാര്‍മികത പ്രചരിക്കാന്‍ ഇടവരികയും ചെയ്യുന്നു. അതിനാലാണ് ഈ ഹീനവൃത്തിയെ നബി(സ്വ) വന്‍പാപങ്ങളുടെ ഗണത്തില്‍പ്പെടുത്തിയത്. അല്ലാഹു പറയുന്നു. പതിവ്രതകളും (ദുര്‍വൃത്തിയെപറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു, തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ). അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും(24:23-25).

മുഹ്‌സ്വനത്ത് എന്ന അറബിപദം പതിവ്രത, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍ എന്നിങ്ങനെ അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഉപയോഗിക്കപ്പെടുന്നു. വിവാഹം കഴിഞ്ഞവള്‍ എന്ന അര്‍ഥത്തിലും ഈ പദം പ്രയോഗിക്കുന്നു. വ്യഭിചാരമെന്ന മ്ലേഛവൃത്തിയോട് അടുക്കരുതെന്നാണ് അല്ലാഹുവിന്റെ കല്പന. വ്യഭിചാരാരോപണം നടത്തുന്നവര്‍ക്കുള്ള ശിക്ഷ ഖുര്‍ആന്‍ പത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. വ്യഭിചാരാരോപണം കൊണ്ടുണ്ടാകുന്ന ദുഷ്‌കീര്‍ത്തിയും അപമാനവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകള്‍ക്കായതിനാല്‍ ചാരിത്ര്യശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തി അപഹസിക്കുന്നത് മഹാപാപമാണ്. അല്ലാഹു പറയുന്നു. ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ വ്യഭിചാര ആരോപണം ചെയ്യുകയും പിന്നീട് അതിന് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി വീതം അടിക്കുവീന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍ (24:4). 

Feedback
  • Saturday Jul 27, 2024
  • Muharram 20 1446