Skip to main content

നിഷിദ്ധങ്ങളിലേക്ക് നയിക്കുന്നവയും നിഷിദ്ധം

അല്ലാഹുവും റസൂലും നിഷിദ്ധമാക്കി നിശ്ചയിച്ച സംഗതികള്‍ വിശ്വാസികള്‍ വര്‍ജിച്ചേ പറ്റൂ. നിഷിദ്ധ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നതുപോലെ പ്രത്യക്ഷ പരോക്ഷമായ മാര്‍ഗങ്ങളിലൂടെ അതില്‍ പങ്കാളികളാവുന്നവര്‍ കുറ്റക്കാര്‍ തന്നെയാണ്. മദ്യം നിഷിദ്ധമാണ്. ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. മദ്യം വാറ്റുന്നവരെയും കൊണ്ടുവരുന്നവരെയും അതിന്റെ വില ഉപയോഗിക്കുന്നവരെയും കുടിക്കുന്നവരെയുമെല്ലാം നബി ശപിച്ചിരിക്കുന്നു. പലിശ നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത് വാങ്ങുന്നവരും കൊടുക്കുന്നവരും കണക്കെഴുതുന്നവരും അതിന് സാക്ഷി നില്‍ക്കുന്നവരും ശപിക്കപ്പെട്ടവരാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു.

നിഷിദ്ധ കാര്യങ്ങളില്‍ നിന്നെന്ന പോലെ നിഷിദ്ധകാര്യം ചെയ്യുന്നതിന് സാഹചര്യമൊരുക്കുന്നവയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് വിശ്വാസി സ്വീകരിക്കേണ്ട നിലപാട്. നിഷിദ്ധത്തിന് സഹായകമായിത്തീരുന്നതെല്ലാം ഹറാമാണ്. വ്യഭിചാരം വലിയ കുറ്റമാണ്. അതോടൊപ്പം അതിലേക്ക് നയിക്കുന്ന മുഴുവന്‍ പ്രേരണകളും നിഷിദ്ധമാണ്. അനാവശ്യമായ നോട്ടം, അഴിഞ്ഞാട്ടം, അനാശാസ്യമാം വിധം അന്യസ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാകല്‍, നഗ്നചിത്രം, അശ്ലീല സാഹിത്യം, ആഭാസ ഗാനങ്ങള്‍ തുടങ്ങിയവയെല്ലാം നിഷിദ്ധങ്ങളില്‍ ഉള്‍പ്പെടുന്നു. കാരണം അവയെല്ലാം വലിയ തിന്മകളിലേക്ക് നയിച്ചേക്കാം.

ശനിയാഴ്ച ദിവസം മീന്‍പിടിക്കുന്നതില്‍ നിന്ന് അല്ലാഹു ജൂതന്മാരെ വിലക്കിയിരുന്നു. അപ്പോള്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ശനിയാഴ്ച മത്സ്യം വീഴാന്‍ വേണ്ടി വെള്ളിയാഴ്ച തോടുകള്‍ ഉണ്ടാക്കി. ഞായറാഴ്ച മത്സ്യം പിടിക്കുകയും ചെയ്തു. നിഷിദ്ധമാക്കിയതിനെ നിയമവിധേയമാക്കാന്‍ കുബുദ്ധി കാണിക്കുകയായിരുന്നു. ആ നിഷിദ്ധകാര്യം ചെയ്യാന്‍ അവര്‍ ധൃതികൂട്ടുകയാണ് ചെയ്തത്. നിഷിദ്ധകാര്യങ്ങള്‍ നേര്‍ക്കു നേരെ ചെയ്യുന്നതുപോലെ നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ വിരോധിച്ച കാര്യങ്ങള്‍ അനുവദനീയമാക്കുന്നതും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

Feedback
  • Monday Apr 29, 2024
  • Shawwal 20 1445