Skip to main content

നിഷിദ്ധതയുടെ മാനദണ്ഡം

ഇസ്‌ലാമില്‍ ഖണ്ഡിതമായി നിരോധിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ഹറാം. അല്ലാഹുവോ അവന്റെ പ്രവാചകനോ നിഷിദ്ധമാക്കിയതിനെ അനുവദനീയമായി കണ്ട് അത് പ്രവര്‍ത്തിക്കുന്നവന്‍ പരലോകത്ത് ശിക്ഷാര്‍ഹനായിത്തീരുന്നു. അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്. അതുകൊണ്ട് മനുഷ്യരുടെ നന്മ ലക്ഷ്യം വെച്ചു കൊണ്ടാണ് അല്ലാഹു ഹറാമും ഹലാലും നിശ്ചയിച്ചത്. സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവും സര്‍വജ്ഞനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരോട് ചില കാര്യങ്ങള്‍ നിയമവിധേയങ്ങളും മറ്റു ചില കാര്യങ്ങള്‍ നിയമവിരുദ്ധങ്ങളുമായി പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. അവന്‍ കല്പിച്ച കാര്യങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചവ വെടിയുകയും ചെയ്തുകൊണ്ട് അവന് വിധേയമായി ജീവിക്കാനുള്ള ബാധ്യത മനുഷ്യനുണ്ട്.

പരമകാരുണികനായ അല്ലാഹു മനുഷ്യന് നന്മയായിതീരുന്നതെല്ലാം അനുവദനീയമാക്കി. ചീത്തയും ഉപദ്രവകരവുമായതിനെ നിഷിദ്ധങ്ങളാക്കുകയും ചെയ്തു. ആത്യന്തികമായി നന്മയും തിന്മയും ആയി ഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. തീര്‍ത്തും ഉപകാരപ്രദമായത് അനുവദനീയവും ഉപകാരത്തേക്കാള്‍ ഉപദ്രവം കൂടുതലുള്ളത് വിരോധിക്കപ്പെട്ടതും ദോഷത്തേക്കാളേറെ നന്മയുള്ളത് അനുവദിക്കപ്പെട്ടതുമാണ്. മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കാര്യത്തില്‍ വിശുദ്ധഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു നിഷിദ്ധമാക്കിയതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യന് സാധിച്ചുകൊള്ളണമെന്നില്ല. ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണ പഠനങ്ങളും കാലാനുസൃതമായി പുരോഗിക്കുമ്പോള്‍ അല്ലാഹു നിഷിദ്ധമാക്കി നിശ്ചയിച്ചതിന്റെ ദോഷവും ഉപദ്രവും ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കാം. പരിമിതമായ ബുദ്ധിയുടെയും യുക്തിയുടെയും വെളിച്ചത്തില്‍ ബോധ്യപ്പെട്ടത് അംഗീകരിക്കുക എന്നതായിരിക്കില്ല ഒരു വിശ്വാസിയുടെ നിലപാട്. 

അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ വസ്തുക്കളും പ്രവൃത്തികളുമുണ്ട്. അവയില്‍ ചിലതിന്റെ കാരണങ്ങള്‍ നബി(സ്വ) തന്നെ വ്യക്തമാക്കും. ചിലതിന്റെ കാരണങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. മറ്റു ചില കാര്യങ്ങള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് മനസ്സിലായില്ലെന്നു വരും. എന്നാല്‍ അല്ലാഹുവും റസൂലും നിരോധിച്ചത് പൂര്‍ണമായും വര്‍ജിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.

Feedback
  • Wednesday Apr 30, 2025
  • Dhu al-Qada 2 1446