Skip to main content

നിയമ നിര്‍മാണാധികാരം

ഹറാമും ഹലാലും തീരുമാനിക്കാനുള്ള അധികാരം സ്രഷ്ടാവായ അല്ലാഹുവിന്റെ മാത്രം അവകാശത്തില്‍പ്പെട്ടതാണ്. പണ്ഡിതന്മാര്‍ക്കോ ഭരണാധികാരികള്‍ക്കോ അല്ലാഹുവിന്റെ അടിമകളുടെ മേല്‍ ഹറാമും ഹലാലും നിശ്ചയിച്ച് നിയമം നിര്‍മിക്കാനുള്ള അധികാരമില്ല. അനുവദനീയവും നിഷിദ്ധവും നിശ്ചയിക്കാനുള്ള അവകാശം പണ്ഡിത പുരോഹിതന്മാര്‍ക്ക് നല്‍കിയ വേദക്കാരെ വിശുദ്ധഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്. 

അല്ലാഹു പറയുന്നു: 'ദൈവത്തെ വെടിഞ്ഞ് തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകന്‍ മസീഹിനേയും അവര്‍ ദൈവങ്ങളാക്കി വെച്ചിരിക്കുന്നു. ഒരേ ഒരു ദൈവത്തിന് വഴിപ്പെട്ടു ജീവിക്കാന്‍ മാത്രമാണ് അവര്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അവനല്ലാതെ മറ്റൊരു ദൈവുമില്ല തന്നെ. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനത്രെ പരിശുദ്ധന്‍ (9:31). അദിയ്യുബ്‌നു ഹാത്തിം പ്രവാചകസന്നിധിയില്‍ വന്നു. ഇസ്‌ലാമിനു മുമ്പ് അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു. നബി(സ്വ) ഈ ഖുര്‍ആന്‍ വാക്യം പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. 'അല്ലാഹുവിന്റെ പ്രവാചകരേ, വേദക്കാര്‍ പുരോഹിതന്മാരെ ആരാധിക്കുന്നില്ലല്ലോ? അവിടുന്ന് പ്രതിവചിച്ചു. 'അവര്‍ അനുവദനീയമായത് ജനങ്ങള്‍ക്ക് നിഷിദ്ധങ്ങളാക്കി, അല്ലാഹു നിഷിദ്ധമാക്കിയത് അവര്‍ക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്തു. ജനങ്ങള്‍ അവരെ അനുസരിച്ചു. ഇതുതന്നെയാണ് അവര്‍ പണ്ഡിത പുരോഹിതന്മാര്‍ക്ക് ചെയ്യുന്ന ഇബാദത്ത് (തിര്‍മിദി). ഹലാലും ഹറാമും നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നിരിക്കെ ആ നിയമ നിര്‍മാണാധികാരത്തില്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും പങ്കാളികളാക്കുന്നത് കൊടിയ പാപമായ ശിര്‍ക്ക് തന്നെയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. 

അല്ലാഹുവിന്റെ മേല്‍ വ്യാജാരോപണം നടത്തുന്ന ഇക്കൂട്ടര്‍ വിജയിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. 'നിങ്ങളുടെ നാവില്‍ വരുന്നതനുസരിച്ച്, ഇത് നിയമാനുസൃതമാണ്. ഇത് നിഷിദ്ധമാണ് എന്നിങ്ങനെ നുണ പറയരുത്. അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മേല്‍ വ്യാജാരോപണം നടത്തലാണ്. അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല' (16:116). വിശുദ്ധഖുര്‍ആനിലൂടെയും സ്വഹീഹായ ഹദീസൂകളിലൂടെയും വ്യക്തമായിട്ടുള്ള നിയമങ്ങള്‍ വിവരിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്വമാണ് പണ്ഡിതന്മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഹലാല്‍ നിഷിദ്ധമാക്കിക്കൊണ്ടോ ഹറാം അനുവദനീയമാക്കിക്കൊണ്ടോ തെറ്റ് സംഭവിക്കുമോയെന്ന് ഭയന്നിരുന്നതിനാല്‍ മതവിധികള്‍ നല്‍കുന്നതില്‍ നിന്നും പണ്ഡിതന്മാര്‍ കഴിയുന്നത്ര സൂക്ഷ്മത പാലിക്കുകയും പലപ്പോഴും അതില്‍ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

ഇമാം ശാഫിഈ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: വ്യാഖ്യാനത്തിന് ഇടമില്ലാതെ വ്യക്തമായി അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വന്നതിനെക്കുറിച്ചല്ലാതെ ഇന്നത് നിഷിദ്ധമാണെന്നും ഇന്നത് അനുവദനീയമാണെന്നും പറഞ്ഞ് വിധികള്‍ നല്‍കാന്‍ സമ്മതിക്കരുതെന്ന് നമ്മുടെ ഗുരുക്കന്മാര്‍ മനസ്സിലാക്കിയിരുന്നു (അല്‍ ഉമ്മ്-ഭാഗം 7, പേജ് 317). ഖണ്ഡിതമായി ഹറാമാണെന്നറിയപ്പെട്ടവയെ കുറിച്ചല്ലാതെ ഇത് നിഷിദ്ധമാണെന്ന് മുന്‍ഗാമികളാരും പറഞ്ഞിരുന്നില്ല. ഇമാം മാലിക്, അബൂഹനീഫ, അഹ്മദ്ബ്‌നുല്‍ ഹന്‍ബല്‍ തുടങ്ങിയ പണ്ഡിതന്മാരോട് ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് അന്വേഷിച്ചാല്‍ ഞാനത് വെറുക്കുന്നു, ഇഷ്ടപ്പെടുന്നില്ല, അല്ലെങ്കില്‍ എനിക്കത് നന്നായി തോന്നുന്നില്ല, അതുമല്ലെങ്കില്‍ അതെന്നെ സന്തോഷിപ്പിക്കുന്നില്ല എന്നിങ്ങനെയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഖണ്ഡിതമായി ഹറാം, ഹലാല്‍ വിധി വരാത്ത വിഷയങ്ങളില്‍ മതവിധി നല്‍കുന്നതില്‍ ഹലാല്‍ ഹറാമായോ, ഹറാം ഹലാലായോ തെറ്റു സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മതയായിരുന്നു സാത്വികരായ പണ്ഡിതന്മാര്‍ പുലര്‍ത്തിയിരുന്നത്. കാരണം മതനിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം അല്ലഹുവിനാണ്. ഇസ്‌ലാമിക നിയമങ്ങള്‍ക്കാണ് ശരീഅത്ത് എന്നു പറയുന്നത്.

നിയമനിര്‍മാണധികാരം അല്ലാഹുവിന് മാത്രമാണ് എന്നതിന്റെ ഉദ്ദേശ്യം മതനിയമങ്ങളാണ്. അതേ സമയം ഭൗതിക കാര്യങ്ങളില്‍ നിയമങ്ങള്‍ നിര്‍മിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. അവ പക്ഷേ മൗലികമായ ശരീഅത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാകരുത്. സമൂഹ നന്മയ്ക്കു വേണ്ടി മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ പാലിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. രാഷ്ട്രത്തിന്റെ ഭരണഘടന, സിവില്‍ നിയമങ്ങള്‍, ശിക്ഷാനിയമങ്ങള്‍ മുതലായവ ഇതില്‍പ്പെടുന്നു.

Feedback
  • Sunday Jul 14, 2024
  • Muharram 7 1446