Skip to main content

നബി(സ്വ)യുടെ ഖബ്ര്‍

പ്രവാചകന്‍(സ്വ) ഖബ്‌റടക്കപ്പെട്ടത് മസ്ജിദുന്നബവിയോട് ചേര്‍ന്ന ആഇശ(റ)യുടെ വീട്ടിനകത്താണ്. പ്രവാചകന്മാര്‍ മരണപ്പെട്ട സ്ഥലത്തു തന്നെ മറവുചെയ്യപ്പെടേണ്ടതാണ് എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. നബി(സ) മരണപ്പെട്ടത് ആഇശ(റ)യുടെ വീട്ടില്‍ വെച്ചാണ്. പില്കാലത്ത് പള്ളി വിപുലീകരിച്ചപ്പോള്‍ ആയിശ(റ)യുടെ വീടും പള്ളിയും ഒരേ മേല്‍കൂരയ്ക്കു കീഴിലായി. എങ്കിലും ഖബറിടം പള്ളിക്കകത്താകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നബി(സ)യുടെ ഖബ്ര്‍ നമസ്‌കാരസ്ഥലത്തു നിന്നും മറച്ചുവെച്ചിരിക്കുകയാണ്. അജ്ഞരായ ആളുകള്‍ അതിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാതിരിക്കാന്‍ വേണ്ടിയാണിത്. 

നബിയുടെ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണ്. നബിക്ക് സലാം പറയുകയും നബിക്കും  നമുക്കും വേണ്ടി പ്രാര്‍ഥിക്കുക മാത്രമാണ് അവിടെ ചെയ്യാനുള്ളത്. നബി(സ) താമസിച്ചിരുന്ന വീടിനും പള്ളിയിലെ മിമ്പറിനും ഇടയിലുള്ളസ്ഥലമാണ് 'റൗദ്വ'. സ്വര്‍ഗത്തോപ്പ് എന്നര്‍ഥത്തിലുള്ള റൗദ്വ പ്രത്യേകം പുണ്യമുള്ള സ്ഥലമാണ്. നബി(സ)യുടെ ഖബ്‌റാണ് റൗദ്വ എന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. അവിടെ ചെന്നില്ലെങ്കില്‍ ഹജ്ജ് പൂര്‍ത്തിയാകില്ലെന്നു പോലും ധരിച്ചവരുണ്ട്.  

കാസ്വിം(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറഞ്ഞു: ഞങ്ങളുടെ മാതാവേ, തിരുപ്രവാചകന്‍(സ)യും അവിടുത്തെ രണ്ട് സ്‌നേഹിതന്മാരു(അബൂബക്ര്‍, ഉമര്‍)ടെയും ഖബ്റുകള്‍ എനിക്ക് കാണിച്ചു തന്നാലും. അപ്പോള്‍ അവര്‍ മറ നീക്കി ഖബ്‌റുകള്‍ എനിക്ക് കാണിച്ചു തന്നു. അവ ഉയര്‍ത്തപ്പെട്ടിട്ടില്ല. ഭൂമിയോടൊപ്പം നിരപ്പാക്കപ്പെട്ടിട്ടുമില്ലാത്ത അവസ്ഥയില്‍ പരന്നു കിടക്കുന്നതായാണ് കാണാന്‍ സാധിച്ചത് (അബൂദാവൂദ്).

ജാബിര്‍(റ) പറയുന്നു: തിരുനബിയുടെ ഖബ്ര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തപ്പെട്ട നിലയിലാണ് എനിക്ക് കാണാനായത് (ബൈഹഖി).

അബൂസഈദ് (റ) പറയുന്നു: തിരുദൂതര്‍ അരുളി: അല്ലാഹുവേ, നീ എന്റെ ഖബ്‌റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുത്. തങ്ങളുടെ നബിമാരുടെ ഖബ്‌റുകള്‍ പള്ളികളാക്കിയ ഒരു ജനവിഭാഗത്തിന് നേരെയുള്ള അല്ലാഹുവിന്റെ കോപം കഠിനമാവുകയുണ്ടായി (മുവത്വ).
 

Feedback