Skip to main content

ഖബ്ര്‍ കെട്ടിയുയര്‍ത്തല്‍

മൃതദേഹം മണ്ണില്‍ മറവു ചെയ്യുക എന്നതാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ച മാതൃക. മറവു ചെയ്യാനുള്ള കുഴിക്ക് ക്വബറ് എന്ന് പൊതുവില്‍ പറയുന്നു. ഖബ്റുകള്‍ ഭൂമിയുടെ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കേണ്ടതില്ല. തിരിച്ചറിയപ്പെടാന്‍ വേണ്ടി ഒരു ചാണ്‍വരെ ഉയര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍ ഖബ്റുകള്‍ കെട്ടി ഉയര്‍ത്തുവാനോ സിമെന്റ് ചേര്‍ത്ത് ബലപ്പെടുത്തുവാനോ നിറം കൊടുത്ത് അലങ്കരിക്കാനോ പാടില്ല. ഖബ്റുകളുടെ മുകളില്‍ ഇരിക്കുന്നതും പുരകെട്ടുന്നതും നബി(സ) വിലക്കിയിരിക്കുന്നു. അടയാളത്തിനുവേണ്ടി ഒരു കല്ല് നാട്ടി നിര്‍ത്തുന്നതില്‍ തെറ്റില്ല. ഉന്നതരെന്നോ സാധാരണക്കാരെന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഖബ്റിന്റെ കാര്യത്തിലില്ല.  ഇത്രയുമാണ് ക്വബ്ര്‍ സംബന്ധമായുള്ള പ്രവാചകാധ്യാപനം.  

ജൂതക്രൈസ്തവ സമുദായങ്ങള്‍ അവരിലെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍ കെട്ടിപ്പൊക്കി ആദരിക്കാന്‍ തുടങ്ങി. കാലക്രമേണ അവ ആരാധനാ കേന്ദ്രങ്ങളും ആഘോഷ കേന്ദ്രങ്ങളും ആയി മാറി. ഇക്കാരണത്താല്‍ ആ സമുദായങ്ങള്‍ അല്ലാഹുവിന്റെ കോപത്തിന് വിധേയമായി എന്ന് നബി(സ) പറഞ്ഞിരിക്കുന്നു (മുസ്‌ലിം).  

പില്കാലത്ത് മുസ്‌ലിം സമുദായത്തിലേക്കും ഈ ദുഷിച്ച സമ്പ്രദായം കടന്നുകൂടി. ഖബ്റാരാധന വ്യാപകമായി. മഹാന്മാരുടെയും അല്ലാത്തവരുടെയും അജ്ഞാതരുടെയും ഖബ്റുകള്‍ ആരാധനാ കേന്ദ്രങ്ങളും ഉത്സവ കേന്ദ്രങ്ങളുമായി മാറി. അതിന്‍മേല്‍ ജാറം പണിയാന്‍ തുടങ്ങി. ഖബ്‌റിനോട് അപകടകരമായ ആദരവ് ഉണ്ടാകാതിരിക്കാന്‍ ഖബര്‍ കെട്ടി ഉയര്‍ത്തുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. സുമാമ(റ) പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ റോമില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ ഒരു സ്‌നേഹിതന്‍ മരിച്ചു. ഫുളാലത്ത്(റ) അദ്ദേഹത്തിന്റെ ഖബ്ര്‍ സമമാക്കുവാന്‍ ഉപദേശിച്ചു. അപ്രകാരം ഖബ്ര്‍ നിരപ്പാക്കപ്പെട്ടു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഖബ്‌റകുള്‍ ഭൂമിയോടൊപ്പമാക്കുവാന്‍ തിരുനബി കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (മുസ്‌ലിം).

അബുല്‍ഹിയാജ്(റ) പറയുന്നു: അലി(റ) എന്നോട് പറഞ്ഞു: തിരുദൂതന്‍ എന്നെ നിയോഗിച്ച അതേ സംഗതിക്കു വേണ്ടി ഞാന്‍ നിന്നെ നിയോഗിക്കുന്നു. മുസ്‌ലിംകളുടെ ഉയര്‍ത്തപ്പെട്ട ഖബ്‌റുകള്‍ ഒന്നും തന്നെ നിരപ്പാക്കാതെ വിടരുത്. നാട്ടിയ ഒരു പ്രതിമയും നീക്കം ചെയ്യാതെ വിടരുത്(അല്‍ മുസന്നഫ്, ഹദീസ് നമ്പര്‍ 7487). 

ഖബ്ര്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്(അല്‍ ഉമ്മ്). 

ജാബിര്‍(റ) പറയുന്നു: ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ഇരിക്കുക, വല്ലതും അതിന്മേല്‍ നിര്‍മ്മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു (മുസ്‌ലിം).

ഇമാം ശൗക്കാനി നൈലുല്‍ ഔതാറില്‍ പറയുന്നത് ഇപ്രകാരമാണ്. ഖബ്ര്‍ കെട്ടിപ്പൊക്കുന്നതിനെ നബി(സ) ശപിച്ചിരിക്കുന്നു. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതില്‍ നിന്നും അവ മോടിപിടിപ്പിക്കുന്നതില്‍ നിന്നും എത്ര ദോഷങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. അവിശ്വാസികള്‍ ബിംബങ്ങളെക്കുറിച്ച്‌ വിശ്വസിക്കുന്നതുപോലെ അജ്ഞന്മാര്‍ അവയില്‍ വിശ്വസിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. തന്മൂലം അവര്‍ക്ക് ഗുണം പ്രദാനം ചെയ്യാനും ദോഷം തടയാനും ഖബ്‌റിലുള്ളവര്‍ക്ക് കഴിയുമെന്ന് വിചാരിച്ച് അവര്‍ ആവശ്യനിര്‍വഹണത്തിനായും മറ്റും ഖബറുകളെ അഭയസ്ഥാനമായും രക്ഷാമാര്‍ഗമായും സ്വീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ അവരുടെ നാഥനോട് (അല്ലാഹുവിനോട്) യാചിക്കുന്നത് പോലെ അവയോട് യാചിക്കുകയും അവിടേക്ക് തീര്‍ത്ഥാടനം നടത്തുകയുംചെയ്യുന്നു. ചുരുക്കത്തില്‍ അജ്ഞാന കാലത്ത് മുശ്‌രിക്കുകള്‍ ബിംബങ്ങള്‍ കൊണ്ട് ചെയ്ത യാതൊന്നും തന്നെ ഇവര്‍ചെയ്യാതെ വിട്ടിട്ടില്ല. (നൈലുല്‍ ഔത്വാര്‍ 4/131).

Feedback