Skip to main content

ആത്മസംസ്‌കരണത്തിന്

ദിനേന അഞ്ചുനേരം അല്ലാഹുവിനെ സ്മരിച്ച് ഭക്തിപൂര്‍വം നമസ്‌കരിക്കുന്ന വ്യക്തിയുടെ ചിന്തയിലും ജീവിതതലങ്ങളിലും അനല്പമായ സ്വാധീനമാണ് നമസ്‌കാരത്തിനുള്ളത്. അത് അവന്റെ മ്ലേച്ഛ വികാര-വിചാരങ്ങളെ നിയന്ത്രിക്കുന്നു. ദുഷ്‌ചെയ്തികളില്‍നിന്ന് അകന്നുനില്‍ക്കാന്‍ അത് അവനെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം നമസ്‌കാരം അവന്റെ ജീവിതത്തെ രചനാത്മകമാക്കുന്ന ഒരു ചാലകശക്തിയായിത്തീരുന്നു. ''നിനക്ക് നല്‍കപ്പെട്ടിരിക്കുന്ന വേദത്തിലെ സന്ദേശം നീ പാരായണം ചെയ്യുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം, നമസ്‌കാരം നീചകൃത്യങ്ങളില്‍ നിന്നും നിഷിദ്ധ നടപടികളില്‍ നിന്നും തടയും. അല്ലാഹുവിനെ സ്മരിക്കല്‍ വളരെ വലിയ (ഫലമുളവാക്കുന്ന) ഒന്നത്രെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു അറിയുന്നു'' (29:45). 

നമസ്‌കാരം വഴിയുണ്ടാവുന്ന സംസ്‌കാരത്തെ വ്യക്തമാക്കുന്നതാണ് ശുഅയ്ബ് നബി(അ)യുടെ ചരിത്രം. അദ്ദേഹം മദ്‌യന്‍ ദേശത്തായിരുന്നു നിയുക്തനായത്. ആ ദേശക്കാരുടെ സാമ്പത്തികാഴിമതിയെയും വഞ്ചനയെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്'' (11:85).

ഇപ്രകാരം ഉപദേശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അവര്‍ക്കിടയില്‍ ഇല്ലാത്തതും അദ്ദേഹത്തിന് മാത്രമുള്ളതുമായ പ്രത്യേക നമസ്‌കാരമാണെന്ന് ആ വ്യാപാരികള്‍ കണ്ടെത്തി. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ശുഅയ്‌ബേ, ഞങ്ങളുടെ പിതാക്കന്മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ'' (11:87).

ചുരുക്കത്തില്‍, നമസ്‌കാരം മുസ്‌ലിമിന്റെ വ്യക്തിജീവിതത്തെ സംസ്‌കരിക്കുന്നതിന് പുറമെ സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍കൂടി വിശുദ്ധി പാലിക്കാന്‍ അത് പ്രചോദനമാകുമെന്ന് ഈ വചനം വരച്ചുകാണിക്കുന്നു.
 

Feedback